ഓട്ടോ എക്‌സ്‌പോയില്‍ ലാംബ്രെട്ട ജി-സ്‌പെഷല്‍ അരങ്ങേറും

ഓട്ടോ എക്‌സ്‌പോയില്‍ ലാംബ്രെട്ട ജി-സ്‌പെഷല്‍ അരങ്ങേറും

ഇറ്റാലിയന്‍ ബ്രാന്‍ഡ് 2020 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു

ന്യൂഡെല്‍ഹി: 2020 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ലാംബ്രെട്ട ‘ജി സ്‌പെഷല്‍’ ഇലക്ട്രിക് സ്‌കൂട്ടര്‍ അരങ്ങേറ്റം നടത്തും. ഇറ്റാലിയന്‍ സ്‌കൂട്ടര്‍ ബ്രാന്‍ഡ് 2020 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഈയിടെ സമാപിച്ച ഈ വര്‍ഷത്തെ ഐക്മയില്‍ (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) ലാംബ്രെട്ട ‘ജി325 സ്‌പെഷല്‍’ എന്ന കണ്‍സെപ്റ്റ് അനാവരണം ചെയ്തിരുന്നു. ജി-സ്‌പെഷല്‍ ഇലക്ട്രിക് സ്‌കൂട്ടറും ജി325 സ്‌പെഷല്‍ എന്ന പുതിയ ഫഌഗ്ഷിപ്പ് മോഡല്‍ കണ്‍സെപ്റ്റും ഒരേ ഡിസൈന്‍ പങ്കുവെയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന.

സ്റ്റീല്‍ മോണോകോക്ക് ഷാസിയിലാണ് ജി325 സ്‌പെഷല്‍ കണ്‍സെപ്റ്റ് മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. ‘ഫുള്‍ റൈഡര്‍ ഇന്റര്‍ഫേസ്’ സവിശേഷതയായിരിക്കും. ഇത് സ്മാര്‍ട്ട് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണെന്ന് തോന്നുന്നു. ഫൂട്ട് ബോര്‍ഡില്‍ ലാംബ്രെട്ട ലോഗോയുടെ ആകൃതിയുള്ള ലൈറ്റ് ഉണ്ടായിരിക്കും. റൈഡര്‍ സ്‌കൂട്ടറിനെ സമീപിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി ഈ ലൈറ്റ് തെളിയും. ലാംബ്രെട്ടയുടെ അതേ ഡിസൈന്‍ ഭാഷ ജി325 കണ്‍സെപ്റ്റ് മോഡലില്‍ കാണാന്‍ കഴിയും. ബോഡി പാനലുകള്‍ വലുതാണ്. എല്‍ഇഡി ഹെഡ്‌ലൈറ്റ്, മുന്നിലെ ഫെന്‍ഡറിന് തൊട്ടുമുകളില്‍ എയര്‍ ഇന്‍ടേക്ക് എന്നിവ ആധുനികമാണ്.

ഇന്ത്യയില്‍ ഇലക്ട്രിക് ലാംബ്രെട്ട അവതരിപ്പിക്കുന്നതുകൂടാതെ, മുംബൈയില്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതിനും ശ്രമം നടത്തിവരികയാണ് ലാംബ്രെട്ടയുടെ മാതൃ കമ്പനിയായ ഇന്നസെന്റി. ഇന്ത്യ കൂടാതെ, അയല്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും ഇവിടെ നിര്‍മിച്ച് കയറ്റുമതി നടത്തുകയാണ് ലക്ഷ്യം. ജി-സ്‌പെഷല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്‌പെസിഫിക്കേഷനുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും എപ്പോള്‍ വിപണിയിലെത്തുമെന്ന് വ്യക്തമല്ല.

Comments

comments

Categories: Auto