കുവൈറ്റ് ചൈനയിലേക്കുള്ള പെട്രോളിയം കയറ്റുമതി വര്‍ധിപ്പിക്കുന്നു

കുവൈറ്റ് ചൈനയിലേക്കുള്ള പെട്രോളിയം കയറ്റുമതി വര്‍ധിപ്പിക്കുന്നു

പ്രതിദിന കയറ്റുമതി 600,000 ബാരലായി വര്‍ധിപ്പിക്കാനാണ് പദ്ധതി

കുവൈറ്റ്: കുവൈറ്റ് ചൈനയിലേക്കുള്ള പെട്രോളിയം കയറ്റുമതി വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ ചൈനയിലേക്കുള്ള പ്രതിദിന എണ്ണക്കയറ്റുമതി 600,000 ബാരലായി വര്‍ധിപ്പിക്കാനാണ് കുവൈറ്റ് പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുവൈറ്റ് ചൈനയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതിയും വര്‍ധിപ്പിച്ചിരുന്നു.

വര്‍ഷംതോറും ഇരുപത് ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകമാണ് (എല്‍എന്‍ജി) കുവൈറ്റ് ചൈനയിലേക്ക് കയറ്റി അയക്കുന്നത്. ചൈനയിലേക്കുള്ള കുവൈറ്റിന്റെ ആകെ കയറ്റുമതിയുടെ 40 ശതമാനം വരുമിതെന്ന് ഷാന്‍ഗായിയില്‍ വെച്ച് നടക്കുന്ന രണ്ടാമത് ചൈന ഇന്റെര്‍നാഷ്ണല്‍ ഇംപോര്‍ട്ട് എക്‌സ്‌പോയില്‍ പങ്കെടുത്തുകൊണ്ട് കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനിലെ (കെപിസി) ഇന്‍െര്‍നാഷ്ണല്‍ മാര്‍ക്കറ്റിംഗ് വിഭാഗം മാനേജിംഗ് ഡയറക്ടര്‍ ഷേഖ് ഖാലിദ് അല്‍ സബ അറിയിച്ചു. 2021ഓടെ കെപിസിയുടെ ആകെ ക്രൂഡ് ഓയില്‍ സംസ്‌കരണ ശേഷി 14 ലക്ഷം ബിപിഡി ആയി ഉയര്‍ത്തുമെന്നും സബ പറഞ്ഞു. കുവൈറ്റിന്റെ എല്‍എന്‍ജി ആവശ്യങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി പ്രതിദിനം എകദേശം 30 ലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് ശേഷിയുള്ള എല്‍എന്‍ജി സ്റ്റേഷന്‍ കെപിസി ആരംഭിക്കുമെന്നും സബ വെളിപ്പെടുത്തി. സോര്‍ റിഫൈനറി എന്ന പേരില്‍ 615,000 ബിപിഡി ശേഷിയുള്ള പുതിയ എണ്ണ ശുദ്ധീകരണ ശാല സ്ഥാപിക്കാനും കെപിസി ആലോചിക്കുന്നുണ്ട്.

2040 ഓടെ പ്രതിദിന ക്രൂഡ് ഓയില്‍ ഉല്‍പ്പാദനശേഷി നാല്‍പ്പത് ലക്ഷം ബിപിഡി (ബാരല്‍സ് പെര്‍ ഡേ) ആയും എല്‍എന്‍ജി ഉല്‍പ്പാദന ശേഷി 250 കോടി ഘനയടിയായും ഉയര്‍ത്താനാണ് കെപിസി ആലോചിക്കുന്നതെന്ന് കുവൈറ്റ് ന്യൂസ് ഏജന്‍സി (കെയുഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: Arabia