മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെട്ട് കുവൈറ്റ് വിമാനത്താവള ജീവനക്കാരുടെ പ്രതിഷേധം

മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെട്ട് കുവൈറ്റ് വിമാനത്താവള ജീവനക്കാരുടെ പ്രതിഷേധം

ഒരു മണിക്കൂര്‍ പണിമുടക്കിയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്

കുവൈറ്റ്: മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെട്ട് കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ നൂറുകണക്കിന് ജീവനക്കാര്‍ തിങ്കളാഴ്ച ഒരു മണിക്കൂര്‍ പണിമുടക്കി പ്രതിഷേധിച്ചു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന ഭീഷണിയോടെയാണ് ജീവനക്കാര്‍ പണിമുടക്കിയത്.

ജീവനക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുക, മലിനീകരണവും ശബ്ദവും അഭിമുഖീകരിക്കേണ്ടി വരുന്നതിന് ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പണിമുടക്ക്. അതേസമയം ജീവനക്കാരുടെ പ്രതിഷേധം വിമാനസര്‍വീസുകളെ ബാധിച്ചില്ലെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാന സര്‍വീസുകള്‍ വളരെ സാധാരണ ഗതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് കുവൈറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി ഷേഖ് സല്‍മാന്‍ അല്‍ ഹമൂദ് അല്‍ സബ അറിയിച്ചു. സമരം നടന്ന ഒരു മണിക്കൂറില്‍ മുന്‍ സമയക്രമം അനുസരിച്ച് 19 വിമാനങ്ങള്‍ സര്‍വീസ് നടത്തിയതായി വിമാനത്താവള ഡയറക്ടര്‍ സലഹ് അല്‍ ഫഡ്‌നാഗി പറഞ്ഞു.

പണിമുടക്ക് നടത്താനുള്ള അവകാശം കുവൈറ്റ് പൗരന്മാര്‍ക്കുണ്ടെങ്കിലും രാജ്യത്ത് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അപൂര്‍വ്വമായേ നടക്കാറുള്ളു. വിദേശ തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ സമരം നടത്താന്‍ അവകാശമില്ല.

വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയായിരുന്നില്ല പ്രതിഷേധിക്കുന്നവരുടെ ശബ്ദം അധികാരികളിലേക്ക് എത്തിക്കുകയെന്നതായിരുന്നു പണിമുടക്കിന്റെ ഉദ്ദേശമെന്ന് യൂണിയന്‍ പ്രതിനിധി അഹമ്മദ് മുഹമ്മദ് അല്‍ കന്ദാരി പറഞ്ഞു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ബുധനാഴ്ച രണ്ടുമണിക്കൂറും ഞായറാഴ്ച ഇരുപത്തിനാല് മണിക്കൂറും പണിമുടക്കുമെന്നും കന്ദാരി പറഞ്ഞു. 4,500 സിവില്‍ ഏവിയേഷന്‍ ജീവനക്കാരില്‍ 1,500 പേര്‍ തിങ്കളാഴ്ച നടന്ന പണിമുടക്കില്‍ പങ്കെടുത്തതായി കന്ദാരി അവകാശപ്പെട്ടു.

Comments

comments

Categories: Arabia