ജെഎല്‍ആറിന് പങ്കാളികളെ തേടി ടാറ്റ

ജെഎല്‍ആറിന് പങ്കാളികളെ തേടി ടാറ്റ
  • വാഗ്ദാനവുമായി ഗീലിയെയും ബിഎംഡബ്ല്യുവിനെയും സമീപിച്ചു
  • ചെലവ് കുറയ്ക്കാനും ഇവികള്‍ക്കുമായാണ് സഹകരണമെന്ന് കമ്പനി

ന്യൂഡെല്‍ഹി: അഭിമാന ആഡംബര ബ്രാന്‍ഡായ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) നഷ്ടം നികത്താനും ഭാവി വികസനത്തിനുമായി പങ്കാളികളെ അന്വേഷിച്ച് ടാറ്റ ഗ്രൂപ്പ്. ചൈനയിലെ പ്രധാന കാര്‍ നിര്‍മാതാക്കളായ ഗീലിയെയും (ഷീജിയാംഗ് ഗീലി ഹോള്‍ഡിംഗ് ഗ്രൂപ്പ് കോ.) ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു എജിയെയുമാണ് ആദ്യം സമീപിച്ചിരിക്കുന്നത്. ചെലവ് ചുരുക്കുന്നതിനൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള (ഇവി) ഭാവി പരിവര്‍ത്തനത്തിനും പണം കണ്ടെത്തുകയാണ് ടാറ്റയുടെ ലക്ഷ്യം. പങ്കാളിത്ത ബന്ധത്തില്‍ തുറന്ന സമീപനമാണ് കമ്പനിക്കുള്ളതെന്നും പ്രാഥമിക ചര്‍ച്ചകളാണ് നടത്തിയതെന്നും ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ടാറ്റയും ബിഎംഡബ്ല്യുവും നിഷേധിച്ചു. ടാറ്റയുമായോ ജെഎല്‍ആറുമായോ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നായിരുന്നു ഗീലിയുടെ പ്രതികരണം.

ചൈന, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടതാണ് കമ്പനിയെ പുതിയ വഴികള്‍ തേടാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. മികച്ച വിപണിയായിരുന്ന ചൈനയില്‍ സെപ്റ്റംബര്‍ പാദത്തില്‍ 45% വില്‍പ്പന ഇടിവാണ് യുകെ ആസ്ഥാനമായ കമ്പനി നേരിട്ടത്. യുഎസ്-ചൈന വ്യാപാര യുദ്ധം, ആഗോള മാന്ദ്യം, ബ്രക്‌സിറ്റ്, പെട്രോൡയം വാഹനങ്ങളില്‍ നിന്ന് ഇവികളിലേക്കുള്ള പരിവര്‍ത്തനം എന്നിവയാണ് തിരിച്ചടിക്ക് കാരണമായി വിലയിരുത്തുന്നത്. ഗീലിയുമായി കൈകോര്‍ക്കുന്നതിലൂടെ ചൈനയിലെ വിപണി തിരികെ പിടിക്കാമെന്നാണ് ജെഎല്‍ആറിന്റെ കണക്കുകൂട്ടല്‍. ബിഎംഡബ്ല്യു സഖ്യത്തിലൂടെ ഇലക്ട്രിക് വാഹന സാങ്കേതിക വിദ്യകളും നൂതന എഞ്ചിനുമാണ് ലക്ഷ്യം. 2020 ഓടെ എല്ലാ വേരിയന്റുകളിലും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് ജെഎല്‍ആര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

തടസങ്ങള്‍ നീക്കുന്നു

ജെഎല്‍ആറിന്റെ അധികരിച്ച പ്രവര്‍ത്തന ചെലവും കടവുമാണ് മറ്റ് കമ്പനികളെ സഹകരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. 910 ദശലക്ഷം ഡോളറിന്റെ മൂലധന നിക്ഷേപം നടത്തിക്കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമമാരംഭിച്ചുകഴിഞ്ഞു. ഏറ്റവും വലിയ വിപണിയായ ചൈനയില്‍ ഗുണമേന്‍മയും ഡീലര്‍ഷിപ്പും സംബന്ധിച്ച പ്രശ്‌നങ്ങളാണ് വളര്‍ച്ചയ്ക്ക് വിഘാതമായിരുന്നത്. ഈ പ്രശ്‌നങ്ങള്‍ ഏകദേശം പരിഹരിക്കപ്പെട്ടെന്നും കഴിഞ്ഞ മാസം വില്‍പ്പന മെച്ചപ്പെട്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ പിരിച്ചുവിടലുകളടക്കമുള്ള നടപടികളിലൂടെ 3.2 ബില്യണ്‍ ഡോളര്‍ ലാഭിക്കാനുള്ള പദ്ധതിയും നടപ്പിലാക്കി വരികയാണ്. ജെഎല്‍ആര്‍ വില്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു

Comments

comments

Categories: Business & Economy
Tags: Jaguar, Tata