ഇന്ത്യന്‍ ക്ലീന്‍ എനര്‍ജി കമ്പനിയായ ഹീറോ ഫ്യൂച്ചേഴ്‌സില്‍ മസ്ദര്‍ ഗ്രൂപ്പ് നിക്ഷേപം നടത്തി

ഇന്ത്യന്‍ ക്ലീന്‍ എനര്‍ജി കമ്പനിയായ ഹീറോ ഫ്യൂച്ചേഴ്‌സില്‍ മസ്ദര്‍ ഗ്രൂപ്പ് നിക്ഷേപം നടത്തി

ഹീറോ ഫ്യൂച്ചേഴ്‌സ് എനര്‍ജിയെ തേടിയെത്തുന്ന രണ്ടാമത്തെ തന്ത്രപ്രധാന നിക്ഷേപമാണിത്

ദുബായ്: ഇന്ത്യയിലെ പ്രമുഖ ക്ലീന്‍ ടെക് കമ്പനിയായ ഹീറോ ഫ്യൂച്ചേഴ്‌സ് എനര്‍ജീസില്‍ (എച്ച്എഫ്ഇ) അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയുടെ (മസ്ദര്‍) തന്ത്രപ്രധാന നിക്ഷേപം. എച്ച്എഫ്ഇയുടെ പുനരുപയോഗ ഊര്‍ജ പദ്ധതികളിലാണ് മസ്ദര്‍ നിക്ഷേപം നടത്തിയത്.

2017ന് ശേഷം എച്ച്എഫ്ഇയെ തേടിയെത്തുന്ന രണ്ടാമത്തെ തന്ത്രപ്രധാന നിക്ഷേപമാണ് ഇത്. ലോകബാങ്ക് അനുബന്ധ സ്ഥാപനമായ ഇന്റെര്‍നാഷ്ണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഐഎഫ്‌സി) 125 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് എച്ച്എഫ്ഇയിലെ ആദ്യ തന്ത്രപ്രധാന നിക്ഷേപം. ഇന്ത്യയിലും മറ്റ് പ്രധാന വിപണികളിലുമുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ മസ്ദറില്‍ നിന്നുള്ള നിക്ഷേപം വിനിയോഗിക്കുമെന്ന് എച്ച്എഫ്ഇ വ്യക്തമാക്കി. അതേസമയം നിക്ഷേപത്തിന്റെ മൂല്യം സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

മുബദാല നിക്ഷേപക കമ്പനിയുടെ പുനരുപയോഗ ഊര്‍ജ സ്ഥാപനമായ മസ്ദര്‍ 2006ന് ശേഷം സ്വകാര്യ മേഖലാ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ 25ലധികം രാജ്യങ്ങളില്‍ നിരവധി പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഏകദേശം 13.5 ബില്യണ്‍ ഡോളറാണ് ഈ പദ്ധതികളിലായി മസ്ദര്‍ നിക്ഷേപിച്ചിട്ടുള്ളത്.

നിലവില്‍ പ്രധാനമായും ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എച്ച്എഫ്ഇ ഭാവി വളര്‍ച്ചയുടെ 25 ശതമാനം ബംഗ്ലാദേശ്, സിംഗപ്പൂര്‍,വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ ഏഷ്യന്‍ വിപണികളില്‍ നിന്നും യൂറോപ്പ്, യുകെ വിപണികളില്‍ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. മസ്ദര്‍ നിക്ഷേപത്തില്‍ സന്തോഷമുണ്ടെന്നും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന വ്യാപകമായ വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആഗോള ക്ലീന്‍ ടെക് കമ്പനിയായി ഉയര്‍ന്നുവരികയെന്ന ലക്ഷ്യത്തോടെയുള്ള കമ്പനിയുടെ വികസന പദ്ധതികള്‍ക്ക് കരുത്തേകാന്‍ ഈ നിക്ഷേപത്തിന് സാധിക്കുമെന്നും എച്ച്എഫ്ഇ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാഹുല്‍ മുഞ്ജാള്‍ പ്രതികരിച്ചു. ഇന്ത്യയിലെ പ്രമുഖ ക്ലീന്‍ ടെക് ബ്രാന്‍ഡുമായി സഹകരിക്കാന്‍ കഴിഞ്ഞതിലും ഇന്ത്യയിലും പുതിയ വിപണികളിലുമുള്ള അവരുടെ വികസന പദ്ധതികളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ടെന്ന് മസ്ദര്‍ സിഇഒ മുഹമ്മദ് ജമീല്‍ അല്‍ റമാഹിയും പ്രതികരിച്ചു.

മുഞ്ജാള്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ വന്‍കിട വ്യവസായ ശൃംഖലയായ ഹീറോ ഗ്രൂപ്പിന്റെ ഭാഗമാണ് എച്ച്എഫ്ഇ കമ്പനി. തദ്ദേശീയ ഇരുചക്രവാഹന വിപണന രംഗത്തെ അതികായരായ ഹീറോ മോട്ടോകോര്‍പ്പ് അടക്കമുള്ള കമ്പനികള്‍ ഈ ഗ്രൂപ്പിന്റെ ഭാഗമാണ്.

1.3 ജിഗാവാട്ടിന്റെ കാറ്റാടി, സൗജോര്‍ജ പദ്ധതികളാണ് എച്ച്എഫ്ഇ ഗ്രൂപ്പ് ഇതുവരെ നടപ്പിലാക്കിയിരിക്കുന്നത്. ഇവകൂടാതെ 1.5 ജിഗാവാട്ടിന്റെ പദ്ധതികള്‍ കൂടി കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. 2022ഓടെ 5 ജിഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ നടപ്പിലാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Comments

comments

Categories: Arabia

Related Articles