ഐക്മയിലെ സുന്ദരന്‍ ബൈക്ക് ഡുകാറ്റി സ്ട്രീറ്റ്‌ഫൈറ്റര്‍ വി4

ഐക്മയിലെ സുന്ദരന്‍ ബൈക്ക് ഡുകാറ്റി സ്ട്രീറ്റ്‌ഫൈറ്റര്‍ വി4

ഐക്മയുമായി സഹകരിച്ച് ഇറ്റാലിയന്‍ മാസികയായ മോട്ടോസിക്ലിസ്‌മോയാണ് മല്‍സരം സംഘടിപ്പിച്ചത്

മിലാന്‍: ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലെ (ഐക്മ) ഏറ്റവും സുന്ദരന്‍ ബൈക്കായി ഡുകാറ്റി സ്ട്രീറ്റ്‌ഫൈറ്റര്‍ വി4 തെരഞ്ഞടുക്കപ്പെട്ടു. ഐക്മയുമായി സഹകരിച്ച് ഇറ്റാലിയന്‍ മാസികയായ മോട്ടോസിക്ലിസ്‌മോയാണ് മല്‍സരം സംഘടിപ്പിച്ചത്. നേരിട്ടും ഓണ്‍ലൈനിലൂടെയുമാണ് പൊതുജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. പത്താം തവണയാണ് ഡുകാറ്റി ഇത്തരമൊരു അവാര്‍ഡ് ഏറ്റുവാങ്ങുന്നത്.

14,500 ലധികം പേരാണ് ഐക്മയിലെ ഏറ്റവും മനോഹര ബൈക്ക് കണ്ടെത്തുന്നതിന് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 36 ശതമാനത്തിലധികം വോട്ട് നേടിയാണ് ഇറ്റാലിയന്‍ സ്‌പോര്‍ട്ട്‌ബൈക്ക് നിര്‍മാതാക്കളുടെ സ്ട്രീറ്റ്‌ഫൈറ്റര്‍ വി4 പുരസ്‌കാരത്തിന് അര്‍ഹനായത്. രണ്ടാം സ്ഥാനത്തെത്തിയ മോട്ടോര്‍സൈക്കിളിനേക്കാള്‍ വളരെ മുന്നിലെത്തി ഡുകാറ്റി സ്ട്രീറ്റ്‌ഫൈറ്റര്‍ വി4. അവാര്‍ഡ് ലഭിച്ചതില്‍ വളരെയധികം അഭിമാനിക്കുന്നതായി ഡുകാറ്റി ഡിസൈന്‍ സെന്റര്‍ ഡയറക്റ്റര്‍ ആന്‍ഡ്രിയ ഫെറാറെസി പറഞ്ഞു. അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ കാണാനെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍.

1,103 സിസി, ലിക്വിഡ് കൂള്‍ഡ്, വി4 ഡെസ്‌മോസെഡിസി സ്ട്രഡാലെ എന്‍ജിനാണ് ഡുകാറ്റി സ്ട്രീറ്റ്‌ഫൈറ്റര്‍ വി4 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 208 എച്ച്പി കരുത്തും 124 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. അപ്പ് & ഡൗണ്‍ ക്വിക്ക്ഷിഫ്റ്റര്‍ സവിശേഷതയാണ്. പുതു തലമുറ ഇലക്ട്രോണിക്‌സ് പാക്കേജ് നല്‍കിയിരിക്കുന്നു. 178 കിലോഗ്രാമാണ് സൂപ്പര്‍-നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ ഭാരം.

Comments

comments

Categories: Auto