ടെക്നോളജി രംഗത്ത് ഇന്ന് അമേരിക്കയോടു മത്സരിക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നു ചൈന. ഇപ്പോള്‍ കേള്‍ക്കുന്ന മറ്റൊരു വാര്‍ത്ത 2020 ഓടെ ചൈനീസ് ചലച്ചിത്ര വ്യവസായം ഹോളിവുഡിനെ മറികടക്കുമെന്നാണ്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സാണ് ഇക്കാര്യം പ്രവചിക്കുന്നത്. അടുത്തവര്‍ഷം ചൈനയിലെ സിനിമാ പ്രേമികള്‍ യുഎസിലുള്ള സിനിമാ പ്രേമികളെക്കാള്‍ 350 മില്യന്‍ ഡോളര്‍ സിനിമ വീക്ഷിക്കാനായി വിനിയോഗിക്കുമെന്നും പ്രൈസ് വാട്ടര്‍ഹൗസ് പ്രവചിക്കുന്നുണ്ട്. 2015 മുതല്‍ ഇക്കാലയളവ് വരെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ സിനിമാ ടിക്കറ്റുകള്‍ വില്‍ക്കുന്നതും ചൈനയിലാണ്.
ഏകദേശം 140 കോടി പേരുമായി ജനസംഖ്യയില്‍ ലോകത്ത് ഒന്നാം സ്ഥാനമലങ്കരിക്കുന്ന രാജ്യമാണു ചൈന. 2019 സെപ്റ്റംബറില്‍ ലോകമെമ്പാടും ഏറ്റവുമധികം പേര് (60 ദശലക്ഷത്തിലധികം) ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്പ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ടിക് ടോക്കായിരുന്നു. ഇനി ചൈന കൈവരിക്കാന്‍ പോകുന്ന അടുത്ത വലിയ കാര്യം 2020 ആകുമ്പോഴേക്കും ഹോളിവുഡിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സിനിമ വിപണിയായി മാറുമെന്നതാണ്. ചൈനയില്‍ ഇതിനകം തന്നെ കൂടുതല്‍ സിനിമ സ്ക്രീനുകളുണ്ട്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുകയും ചെയ്യുന്നു. അമേരിക്കയുടെ 12.11 ബില്യന്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ചൈനയിലെ സിനിമാ വിപണിക്ക് 11.05 ബില്യന്‍ ഡോളറിന്റെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ വേഗത കുറഞ്ഞുവെങ്കിലും, ചൈനയുടെ ബോക്സ് ഓഫീസ് വരുമാനം കഴിഞ്ഞ ദശകത്തില്‍ പ്രതിവര്‍ഷം ശരാശരി 35 ശതമാനമെന്ന നിലയിലാണു വര്‍ധന രേഖപ്പെടുത്തിയത്. ഇതു ചൈനയ്ക്കു ഹോളിവുഡ് സ്റ്റുഡിയോയ്ക്കു മേല്‍ അസാധാരണമായ സ്വാധീനശക്തി നേടിക്കൊടുത്തു. ഇന്നു ഹോളിവുഡിലെ വിവിധ സ്റ്റുഡിയോകള്‍ അവരുടെ സിനിമകള്‍ ഏറ്റവും ലാഭം പ്രദാനം ചെയ്യുന്നു, എന്നാല്‍ കര്‍ശനമായി സെന്‍സര്‍ ചെയ്തതുമായ ചൈനീസ് വിപണിയില്‍ എത്തിക്കാന്‍ മല്‍സരിക്കുകയാണ്. എന്നാല്‍ വിദേശ ചലച്ചിത്രങ്ങള്‍ക്ക് ഇറക്കുമതി സംബന്ധിയായ കര്‍ശന നിബന്ധനകള്‍ ഉള്ളതിനാല്‍ ആഭ്യന്തര സിനിമകള്‍ തന്നെയാണ് ഇപ്പോഴും ചൈനയിലെ സിനിമാശാലകളില്‍ മേധാവിത്വം പുലര്‍ത്തുന്നത്.
2018-ല്‍ 398 ചൈനീസ് സിനിമകളാണ് റിലീസ് ചെയ്തത്. വിദേശ ചിത്രങ്ങളാകട്ടെ, 118 എണ്ണം മാത്രമാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ ചൈനയില്‍ ഷൂട്ട് ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതുകൊണ്ടു സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചലച്ചിത്ര വ്യവസായം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഷൂട്ടിംഗ് സജ്ജമായ ഇടങ്ങളും സ്റ്റുഡിയോകളും നിര്‍മിക്കുന്ന തിരക്കിലാണ്.1990 കളില്‍ ചൈനയുടെ തെക്ക് കിഴക്കന്‍ സെജിയാങ് പ്രവിശ്യയില്‍ നിര്‍മിച്ച ഹെങ്ഡിയന് വേള്‍ഡ് സ്റ്റുഡിയോ ഇന്ന് അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും വലിയ ഔട്ട്ഡോര്‍ ഫിലിം സ്റ്റുഡിയോ എന്നാണ്. ഡസന്‍ കണക്കിനു കൊട്ടാരങ്ങള്‍, പൂന്തോട്ടങ്ങള്‍, സ്ട്രീറ്റ്സ്കേപ്പുകള് (റോഡും കെട്ടിടങ്ങളും, നടപ്പാതകളുമൊക്കെയുള്ള തെരുവ് ദൃശ്യം) എന്നിവയ്ക്കൊപ്പം ഫോര്‍ബിഡന്‍ സിറ്റിയും, ബീജിംഗിലെ പഴയ സമ്മര്‍ പാലസിന്റെയും തനിപ്പകര്‍പ്പുകള്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. (സെന്‍ട്രല്‍ ബീജിംഗിലെ കൊട്ടാരസമുച്ചയമാണു ഫോര്‍ബിഡന്‍ സിറ്റി എന്ന് അറിയപ്പെടുന്നത്). ചൈനയുടെ സിനിമാ വ്യവസായത്തിന് പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്. ഒന്ന് ഉപഭോഗം. രണ്ട് നിക്ഷേപം. മൂന്ന് കയറ്റുമതി. ഉപഭോഗത്തില്‍ ചൈനയുടെ ചലച്ചിത്ര വ്യവസായം അതിവേഗ വളര്‍ച്ച കൈവരിച്ചു. 2014-ല്‍ ഉപഭോഗത്തിലൂടെ ചലച്ചിത്ര വ്യവസായം 66 ബില്യന്‍ റെന്‍മിന്‍ബിയുടെ വരുമാനമാണു കൈവരിച്ചത്. സമീപ വര്‍ഷങ്ങളില്‍ ബോക്സ് ഓഫീസ്, ഫിലിം പകര്‍പ്പവകാശം, പരസ്യം (തിയേറ്റര്‍,ടിവി, ഇന്റര്‍നെറ്റ്) എന്നിവയില്‍നിന്ന് ലഭിക്കുന്ന വരുമാനം അതിവേഗം വളര്‍ന്നു. ഇത് ചൈനയുടെ ഫിലിം കണ്‍സംപ്ഷന്‍ അഥവാ ചലച്ചിത്ര ഉപഭോഗം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്തുണയേകി. ഡെലോയിറ്റിന്റെ പ്രവചനമനുസരിച്ച്, 2020 ആകുമ്പോഴേക്കും ചൈനയുടെ ചലച്ചിത്ര വ്യവസായത്തില്‍ കൂടുതല്‍ വിപുലീകരണം കാണുമെന്നും, വരുമാനം 200 ബില്ല്യണ്‍ ആര്എംബിയിലെത്തുമെന്നും (റെന്‍മിന്‍ബി) പ്രതീക്ഷിക്കുന്നുണ്ട്. അപ്പോഴേക്കും ചൈന ബോക്സ് ഓഫീസ് വരുമാനത്തിലും സിനിമാ സന്ദര്‍ശകരുടെ എണ്ണത്തിലും വടക്കേ അമേരിക്കയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വിപണിയായി മാറുമെന്നും കരുതുന്നു.
മുന്‍കാലങ്ങളില്‍, വിദേശ ചലച്ചിത്ര വിപണിയില്‍ ചൈന നടത്തിയ നിക്ഷേപവും, ചൈനയുടെ ചലച്ചിത്ര കയറ്റുമതിയും തൃപ്തികരമല്ലായിരുന്നു. എന്നാല്‍, സമീപ വര്‍ഷങ്ങളില്‍, ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ ബോക്സ് ഓഫീസ് വിപണിയായി മാറിയതോടെ, വിദേശ നിക്ഷേപകരും ചലച്ചിത്ര നിര്‍മ്മാതാക്കളും ചൈനയുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ സിനിമകള്‍ ആഗോളതലത്തിലേക്ക് എത്തുന്നതിനും വിദേശ സിനിമകള്‍ക്കു ചൈനയിലേക്ക് പ്രവേശനം നേടുന്നതിനുമുള്ള ഒരു മാര്‍ഗമാണു കോ- പ്രൊഡക്ഷന്‍ അഥവാ സഹ നിര്‍മാണം. നിലവില്‍, മികച്ച 10 അന്താരാഷ്ട്ര ബോക്സ് ഓഫീസ് വിപണികളായി ലിസ്റ്റ് ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ പകുതിയും ചൈനയുമായി സഹനിര്‍മാണ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. ചൈനീസ് ചലച്ചിത്ര വിപണിയിലെ മൊത്തം പ്രൊഡക്ഷനുകളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് കോ-പ്രൊഡക്ഷനുകളെങ്കിലും, മൊത്തം ബോക്സ് ഓഫീസ് വരുമാനത്തില്‍ ഇവ ഗണ്യമായ ശതമാനം സംഭാവന ചെയ്യുന്നുണ്ട്. 2014 ല്‍, ചൈനയില്‍ പ്രദര്‍ശിപ്പിച്ച മൊത്തം സിനിമകളുടെ നിര്‍മാണത്തിന്റെ ആറ് ശതമാനം സഹനിര്‍മാണ രീതിയിലായിരുന്നു. എന്നാല്‍ മൊത്തം ബോക്സ് ഓഫീസ് വരുമാനത്തിന്റെ 50 ശതമാനം സംഭാവന ചെയ്തത് സഹനിര്മാണത്തിലൂടെ ചിത്രീകരിച്ച സിനിമകളായിരുന്നു. 2015 ന്റെ ആദ്യപാദത്തില്‍, മൊത്തം ബോക്സ് ഓഫീസ് വരുമാനത്തിന്റെ 60 ശതമാനവും സംഭാവന ചെയ്തത് കോ-പ്രൊഡക്ഷന്‍സ് സിനിമകളായിരുന്നു. ഇത്തരം സിനിമകള്‍ക്കു മികച്ച ഫലങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കാരണം, സഹനിര്മാണത്തിലൂടെ ചിത്രീകരിക്കുന്ന സിനിമകള്‍ ‘മെയ്ഡ് ഇന്‍ ചൈന’ ആയി കണക്കാക്കുകയും ആഭ്യന്തര ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അതേ പരിഗണന ലഭിക്കുകയും ചെയ്യും.
ഇറക്കുമതി ചെയ്യുന്ന ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോ-പ്രൊഡക്ഷന്‍ സിനിമകള്‍ വിതരണം, വരുമാനം പങ്കിടുന്നത് തുടങ്ങിയ കാര്യങ്ങളില്‍ മെച്ചപ്പെട്ട നില ആസ്വദിക്കുന്നു. എന്നിരുന്നാലും, കോ-പ്രൊഡക്ഷന്‍ സിനിമകള്‍ പകര്‍പ്പിന്റെ ഉടമസ്ഥത സംബന്ധിച്ച അവകാശം, സാംസ്കാരിക തലത്തിലുള്ള വ്യത്യാസങ്ങള്‍, ജോലിയിലെ വ്യത്യസ്ത ശൈലികള്‍ എന്നീ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. ഇന്ന്, മിക്ക സഹനിര്മ്മാണങ്ങളും ചൈനീസ് വിപണി ലക്ഷ്യമിടുന്നവയാണ്. 2015-ന്റെ ആരംഭത്തില്‍ പുറത്തിറങ്ങിയ വുള്‍ഫ് ടോട്ടം (Wolf Totem) എന്ന ചിത്രം ചൈന-ഫ്രാന്‍സ് സഹനിര്മാണമായിരുന്നു. ഈ സിനിമയില്‍ നിരവധി ചൈനീസ് ഘടകങ്ങള്‍ ഉപയോഗിച്ചു. പ്രധാന രംഗങ്ങള്‍ ചൈനയിലാണു ചിത്രീകരിച്ചത്. ഈ ചിത്രത്തിലെ മിക്കവാറും എല്ലാ അഭിനേതാക്കളും ചൈനക്കാരായിരുന്നു. ചിത്രത്തിന്റെ കണ്ടന്റ് ക്രിയേഷനും, സംവിധാനത്തിനും മാത്രമാണു പാശ്ചാത്യ പിന്തുണ തേടിയത്. ചൈനീസ്-വിദേശ നിക്ഷേപത്തിലൂടെ മൂലധനം സമാഹരിച്ചു. ചൈനീസ് വിപണിയില്‍ ഈ ചിത്രം മികച്ച വിജയമാണ് നേടിയത്, 35 ദിവസത്തിനുള്ളില്‍ ബോക്സ് ഓഫീസില്‍ നിന്ന് 700 ദശലക്ഷം റെന്‍മിന്‍ബി വരുമാനം നേടി. എന്നിരുന്നാലും, ചൈനീസ് വിപണിയില്‍ വിജയം കൈവരിക്കുക എന്നത് ആത്യന്തിക ലക്ഷ്യമല്ല. ഉദാഹരണത്തിന്, 2015-ല്‍ പ്രദര്‍ശിപ്പിച്ച ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7 ചൈനീസ് വിപണിയെ മാത്രമല്ല ആഗോള വിപണിയെയും ലക്ഷ്യം വച്ചുള്ളതായിരുന്നു. ഇത് ലോകത്തിലെ ഏറ്റവും മികച്ച വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുകയും ആഗോള നിക്ഷേപ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നിക്ഷേപം നേടുകയും ചെയ്തു. ചിത്രം റിലീസ് ചെയ്ത ആദ്യത്തെ 15 ദിവസത്തിനുള്ളില്‍ രണ്ട് ബില്ല്യണ്‍ റെന്‍മിന്‍ബി സമ്പാദിക്കുകയും ചെയ്തു. ഈ സിനിമ പോലെ, ആഗോള വിപണിയില്‍ വിജയം കൈവരിക്കുക എന്നതാണു ചൈനീസ് സിനിമകളുടെ ആത്യന്തിക ലക്ഷ്യം. സഹനിര്‍മ്മാണങ്ങള്‍ കൂടുതല്‍ വികാസം പ്രാപിക്കുകയും സഹകരണം വളരുകയും ചെയ്യുന്നതോടെ, വിപുലമായ ഒരു കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റ് ഉണ്ടാകും. അതോടെ കോ-പ്രൊഡക്ഷന്‍ പ്രവണതയ്ക്ക് ആക്കം കൂടുകയും ആഗോള വിപണിയില്‍ ചൈനീസ് സിനിമയ്ക്കു വിജയം കൈവരിക്കുകയും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
2018-ന്റെ അവസാനം വരെയുള്ള കണക്ക്പ്രകാരം, ചൈനയില്‍ 60,000 സിനിമ സ്ക്രീനുകളുണ്ടെന്നാണ്. യുഎസില്‍ 40,575-ും. കഴിഞ്ഞ വര്‍ഷം ചൈനയിലെ നഗരവാസികള്‍ 1.7 ബില്യനിലധികം തവണ സിനിമാശാലകളിലേക്കു സിനിമ കാണാന്‍ പോയി. രാജ്യത്തെ മൊത്തം ബോക്സ് ഓഫീസ് വരുമാനം 60 ബില്യന്‍ യുവാന്‍ കവിഞ്ഞെന്നുമാണു കണക്ക്. ഹോളിവുഡ് ബ്ലോക്ക് ബസ്റ്ററുകളില്നിന്നു ചൈനയിലെ പ്രേക്ഷകര്‍ ക്രമേണ മാറിനില്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. പകരം അവര്‍ ദേശസ്നേഹം ഉണര്‍ത്തുന്ന ആഭ്യന്തര സിനിമകളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്നു. ചൈനയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ചൈനീസ് നിര്‍മിത വുള്‍ഫ് വാരിയര്‍ 2 (820 ദശലക്ഷം ഡോളര്‍), ദ വാണ്ടറിംഗ് എര്‍ത്ത് (679 ദശലക്ഷം ഡോളര്‍) എന്നിവയാണ്.
ഹെങ്ഡിയന്: ചൈനയുടെ ഹോളിവുഡ്
ചൈനയുടെ ഹോളിവുഡാണ് ഹെങ്ഡിയന് വേള്‍ഡ് സ്റ്റുഡിയോ. നൂറു കണക്കിനു ചിത്രങ്ങളാണ് ഓരോ വര്‍ഷവും ഇവിടെ ചിത്രീകരിക്കുന്നത്. ഇപ്പോള്‍ കൂടുതലും ഇന്റര്‍നെറ്റ് പ്രൊഡക്ഷന്‍സാണ് ഈ സ്റ്റുഡിയോയില്‍ ചിത്രീകരിക്കുന്നത്. 330 ഹെക്റ്ററിലാണ് ഈ സ്റ്റുഡിയോ വ്യാപിച്ചുകിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഔട്ട്ഡോര്‍ സ്റ്റുഡിയോ കൂടിയാണിത്. ഇപ്പേള്‍ 87 സ്റ്റുഡിയോകളാണുള്ളത്. 2021-ന്റെ അവസാനത്തോടെ 200 സ്റ്റുഡിയോകളാകുമെന്ന് റിപ്പോര്‍ട്ട്.