വിപണിയില്‍ പ്രതീക്ഷയില്ല: വികസന പദ്ധതികള്‍ വെട്ടിച്ചുരുക്കി നിര്‍മാണ കമ്പനികള്‍

വിപണിയില്‍ പ്രതീക്ഷയില്ല: വികസന പദ്ധതികള്‍ വെട്ടിച്ചുരുക്കി നിര്‍മാണ കമ്പനികള്‍
  • മേഖലയില്‍ മൊത്തം മൂന്ന് ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ നീട്ടിവെച്ചു
  • ഹോണ്ട പുതിയ പ്ലാന്റില്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ നിന്നും പിന്തിരിഞ്ഞു
  • ടയര്‍ നിര്‍മാണ കമ്പനികള്‍ 300-500 കോടി രൂപയോളം വെട്ടിച്ചുരുക്കി

മുംബൈ: ഓട്ടോ മേഖലയില്‍ കൂടുതല്‍ പുരോഗമനമുണ്ടാകുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാല്‍ നിര്‍മാണ കമ്പനികള്‍ വികസന പദ്ധതികളില്‍ നിന്നും പിന്തിരിയുന്നതായി സൂചന. മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് നടപ്പു സാമ്പത്തിക വര്‍ഷം ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്റെ വികസന പദ്ധതികളാണ് ഓട്ടോനിര്‍മാതാക്കളും അനുബന്ധ കച്ചവടക്കാരും മാറ്റിവെച്ചിരിക്കുന്നത്. മേഖലയില്‍ നിന്നും നേട്ടമുണ്ടാക്കാനാകുമെന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയില്ലാത്തതാണ് ഇതിനു കാരണം.

ഓട്ടോ മേഖലയില്‍ റീട്ടെയ്ല്‍ വില്‍പ്പന ഓക്ടോബറില്‍ തുടര്‍ച്ചയായ രണ്ടാം മാസത്തിലും വളര്‍ച്ച നേടിയിരുന്നെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തിലെ അടുത്ത അഞ്ച് മാസക്കാലയളവിനെ ഓട്ടോ നിര്‍മാണ കമ്പനികള്‍ ഭയപ്പെടുന്നുണ്ട്.

മാരുതിയുടെ മാതൃകമ്പനിയായ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഗുജറാത്തിലെ അവരുടെ മൂന്നാമത്തെ പ്ലാന്റിലെ 550 ദശലക്ഷം ഡോളറിന്റെ പ്രവര്‍ത്തനങ്ങള്‍ നീട്ടിവെച്ചു. ഹോണ്ട മോട്ടോര്‍ സൈക്കിളും സ്‌കൂട്ടര്‍ ഇന്ത്യയും ഗുജറാത്തിലെ മൂന്നാമത്തെ മാന്യുഫാക്ചറിംഗ് പ്ലാന്റില്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ നിന്നും പിന്തിരിഞ്ഞിരിക്കുകയാണ്. സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയും അവരുടെ രണ്ടാമത്തെ പ്ലാന്റ് നിര്‍മാണ തീരുമാനത്തില്‍ നിന്നും മാറുകയുണ്ടായി. രാജ്യത്തെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാന്‍ഡ് തുടങ്ങിയവര്‍ നടപ്പുസാമ്പത്തിക വര്‍ഷത്തെ 500 കോടി രൂപയുടെ പദ്ധതികള്‍ മാറ്റിവെച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവരുടെ ഈ വര്‍ഷത്തെ നിക്ഷേപ പദ്ധതികളില്‍ 250-300 കോടി രൂപ വെട്ടിച്ചുരുക്കി. ടയര്‍ നിര്‍മാണ കമ്പനികളായ അപ്പോളോ, സിയറ്റ് തുടങ്ങിയവര്‍ ഈ വര്‍ഷത്തെ അവരുടെ നിക്ഷേപ പദ്ധതികളില്‍ 300-500 കോടി രൂപയോളം വെട്ടിച്ചുരുക്കിയിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം ഓട്ടോ നിര്‍മാണ കമ്പനികള്‍ മാത്രമായി 1-15 ബില്യണ്‍ ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ചപ്പോള്‍ ഏകദേശം അത്ര തന്നെ തുകയിലുള്ള പദ്ധതികള്‍ അനുബന്ധ കച്ചവടക്കാരും നടപ്പിലാക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. നിലവിലെ മാന്ദ്യം ഓട്ടോവിപണിയില്‍ പ്രതിഫലനം സൃഷ്ടിക്കുമെന്ന തിരിച്ചറിവിലൂടെയാണ് കമ്പനി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് ഗ്രൂപ്പ് സിഎഫ്ഒ പി ബി ബാലാജി പറഞ്ഞു. വ്യാവസായിക ഉല്‍പ്പാദനം ഓഗസ്റ്റ് മാസത്തില്‍ 1.1 ശതമാനം കുറഞ്ഞതിനു ശേഷം സെപ്റ്റംബര്‍ മാസത്തില്‍ 4.3 ശതമാനം ചുരുങ്ങിയതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കാര്‍ വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ട്രക്ക് വില്‍പ്പനയില്‍ 23 ശതമാനം കുറവുണ്ടായി. ഇരു ചക്ര വാഹന വില്‍പ്പന 16 ശതമാനം ഇടിഞ്ഞു.

2020 ഏപ്രില്‍ മുതല്‍ നിരത്തുകളില്‍ ബിഎസ്6 വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയതിനാല്‍ പ്രമുഖ വാഹന നിര്‍മാണ കമ്പനികളെല്ലാം ഈ വിഭാഗത്തിലുള്ള വാഹനം നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോള്‍. ബിഎസ്4 ഓട്ടോമൊബീലുകളേക്കാള്‍ വിലക്കൂടുതലാണ് ബിഎസ്6 വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക്. മാത്രമല്ല ബിഎസ് 6 വിഭാഗത്തിലെ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡും വളരെ കൂടുതലാകും.

Comments

comments

Categories: Business & Economy
Tags: Auto sector