73 വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രീമിയം റെസിഡന്‍സി വിസ അനുവദിച്ചു

73 വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രീമിയം റെസിഡന്‍സി വിസ അനുവദിച്ചു

വിദേശീയര്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന പ്രീമിയം റെസിഡന്‍സി പദ്ധതിക്ക് തുടക്കമായി

റിയാദ്: കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രീമിയം റെസിഡന്‍സി പദ്ധതിക്ക് സൗദിയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി 73 വിദേശ നിക്ഷേപകര്‍ക്ക് സൗദി അറേബ്യ രാജ്യത്ത് പ്രീമിയം റെസിഡന്‍സി വിസ അനുവദിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദേശീയര്‍ക്ക് സ്വദേശികളുടെ സ്‌പോണസര്‍ഷിപ്പ് ഇല്ലാതെ രാജ്യത്ത് വസ്തുവകകള്‍ വാങ്ങാനും ബിസിനസ് ചെയ്യാനും അനുവാദം നല്‍കുന്ന പദ്ധതിയാണിത്.

മുമ്പ് സൗദിക്കാരല്ലാത്തവര്‍ക്ക് ഇല്ലാതിരുന്ന നിരവധി ആനുകൂല്യങ്ങളാണ് ദീര്‍ഘകാല വിസ പദ്ധതിയിലൂടെ സൗദി ലഭ്യമാക്കുന്നത്. വളരെ എളുപ്പത്തില്‍ ബിസിനസ് ലൈസന്‍സ് നേടാനും സ്വകാര്യ വാഹനങ്ങളും മക്കയിലും മദീനയിലുമടക്കം പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കാനും പുതിയ വിസയിലൂടെ വിദേശികള്‍ക്ക് സാധിക്കും. മാത്രമല്ല ഒരു തൊഴിലില്‍ നിന്നും മറ്റൊരു തൊഴിലിലേക്ക് മാറാനും എളുപ്പത്തില്‍ രാജ്യം വിടാനും കുടുബാംഗങ്ങളെ സ്‌പോണസര്‍ ചെയ്യാനും പുതിയ പ്രീമിയം റെസിഡന്‍സി വിസ വിദേശീയരെ അനുവദിക്കുന്നു. 21 വയസ് പൂര്‍ത്തിയായിരിക്കണം, സാമ്പത്തിക സ്വാശ്രയത്വം, തൃപ്തികരമായ ആരോഗ്യസ്ഥിതി എന്നിവയുണ്ടാകുക, ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതിരിക്കുക എന്നിവയാണ് അപേക്ഷകര്‍ക്കുള്ള പ്രധാന മാനദണ്ഡങ്ങള്‍.

800,000 സൗദി റിയാലിന്റെ സ്ഥിരതാമസ വിസ 100,000 റിയാലിന്റെ ഒരു വര്‍ഷത്തേക്കുള്ള പുതുക്കാവുന്ന വിസ എന്നിങ്ങനെ രണ്ട് തരത്തിലുള്ള പ്രീമിയം റെസിഡന്‍സി പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം വിദേശ നിക്ഷേപകരില്‍ നിന്നും ആയിക്കണക്കിന് അപേക്ഷകളാണ് സൗദിക്ക് ലഭിച്ചത്. നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ധനകാര്യ ഉദ്യോഗസ്ഥര്‍ അടക്കം 19 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രീമിയം റെസിഡന്‍സി അനുവദിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ സ്ഥാപനമായ പ്രീമിയം റെസിഡന്‍സി സെന്റര്‍ അറിയിച്ചു. അതേസമയം എത്രപേര്‍ക്കാണ് രാജ്യത്ത് സ്ഥിരതാമസത്തിന് അനുമതി ലഭിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ജൂണിലാണ് സൗദി മന്ത്രിസഭ പ്രീമിയം റെസിഡന്‍സി പദ്ധതിക്ക് അംഗീകാരം നല്‍കിയത്. സമ്പദ് വ്യവസ്ഥയ്ക്ക് എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിദേശീയര്‍ക്ക് അനുകൂലമായ സാഹചര്യം രാജ്യത്ത് ഒരുക്കുക വഴി സാധിക്കുമെന്നാണ് സൗദി കരുതുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും കര്‍ശനമായ താമസ നിയമങ്ങള്‍ പിന്തുടരുന്ന സൗദി വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നത് രാജ്യത്തിന്റെ പരിഷ്‌കരണ നടപടികളില്‍ നാഴികകല്ലാകുന്ന തീരുമാനമാണ്. ഉദാരവല്‍ക്കരണ നയങ്ങളിലൂടെ സൗദിയുടെ സാമ്പത്തിക, സാമൂഹിക മുഖച്ഛായ പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന രാജ്യത്തിന്റെ പ്രബലനായ കിരീടാവകാശി മുഹമ്മദ് സല്‍മാനാണ് 2016ല്‍ ദീര്‍ഘകാല താമസ പദ്ധതിയെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 2020ഓടെ പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളര്‍ വരുമാനം ഇതിലൂടെ നേടാന്‍ സാധിക്കുമെന്നാണ് എംബിഎസിന്റെ കണക്കുകൂട്ടല്‍.

അതേസമയം ഒരുവശത്ത് പ്രീമിയം റെസിഡന്‍സി പദ്ധതി അടക്കമുള്ള നിക്ഷേപ സൗഹൃദ നിലപാടുകളിലൂടെ സമ്പന്നരായ വിദേശികള്‍ രാജ്യക്ക് സ്ഥിരതാമസക്കാരാകുമ്പോള്‍ മറുവശത്ത് വിദേശ തൊഴിലാളികള്‍ക്കും അവരുടെ കുടുംബത്തിനും മേല്‍ ഏര്‍പ്പെടുത്തിയ പ്രതിമാസ ഫീസും മോശം സാമ്പത്തിക വളര്‍ച്ചയും മൂലം പതിനായിരക്കണക്കിന് പ്രവാസികളാണ് സൗദി വിടുന്നത്. സ്വകാര്യ മേഖലയിലുള്ള കമ്പനികള്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി വിദേശ തൊഴിലാളികള്‍ക്ക് മേല്‍ നിശ്ചിത ഫീസ് ഏര്‍പ്പെടുത്തിയത്.

Comments

comments

Categories: Arabia

Related Articles