സ്റ്റീല്‍ കയറ്റുമതി: ഗള്‍ഫ് കമ്പനികളുമായി ധര്‍മ്മേന്ദ്ര പ്രധാന്‍ ചര്‍ച്ചകള്‍ നടത്തും

സ്റ്റീല്‍ കയറ്റുമതി: ഗള്‍ഫ് കമ്പനികളുമായി ധര്‍മ്മേന്ദ്ര പ്രധാന്‍ ചര്‍ച്ചകള്‍ നടത്തും

ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍കിട കെട്ടിട നിര്‍മാണ പദ്ധതികള്‍ പുരോഗമിക്കവെ ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍ ഉല്‍പ്പന്ന കയറ്റുമതിക്ക് സാധ്യതയേറുന്നു

ദുബായ്: കെട്ടിടനിര്‍മാണ മേഖലയിലെ അവസരങ്ങള്‍ മുതലാക്കി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സ്റ്റീല്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ദ്വിദിന സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, സ്റ്റീല്‍ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍ ഗള്‍ഫിലെ പൊതു, സ്വകാര്യ മേഖലകളിലുള്ള ഏജന്‍സി പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കെട്ടിട നിര്‍മാണ പദ്ധതികളിലുള്ള വളര്‍ച്ച അവസരമാക്കി യുഎഇയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള വിവിധ തരം ഇരുമ്പ്, സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ സ്റ്റീല്‍ കയറ്റുമതിയില്‍ ഇന്ത്യയുടെ പത്ത് പ്രധാന വിപണികളില്‍ ഒന്നാണ് യുഎഇ. ഇന്ത്യയില്‍ നിന്നുള്ള മൊത്തം സ്റ്റീല്‍ കയറ്റുമതിയുടെ 5 ശതമാനം യുഎഇയിലേക്കാണ് പോകുന്നത്. യുഎഇയും സൗദി അറേബ്യയും വന്‍കിട നിര്‍മാണ പദ്ധതികള്‍ നടപ്പിലാക്കുന്ന സാഹചര്യത്തില്‍ ഇവിടങ്ങളിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിക്ക് ഇന്ത്യയ്ക്ക് സാധ്യതകളേറെയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എക്‌സ്‌പോ 2020യുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ പദ്ധതികളില്‍ ഇന്ത്യയിലെ സ്വകാര്യ മേഖലാ സ്റ്റീല്‍ കമ്പനികള്‍ക്ക് സാധ്യതകള്‍ ഏറെയാണെന്ന്് ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷനുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍ കയറ്റുമതിക്കുള്ള അവസരങ്ങള്‍ തേടി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം യുഎഇയിലെ സ്വകാര്യ വ്യാപാര പ്രതിനിധികളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും ചര്‍ച്ചകള്‍ നടത്തും.

അഡിപെക് സമ്മേളനം

അബുദാബി ഇന്റെര്‍നാഷ്ണല്‍ പെട്രോളിയം എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സില്‍(അഡിപെക്) പങ്കെടുക്കാന്‍ യുഎഇയിലെത്തിയ ധര്‍മ്മേന്ദ്ര പ്രദാന്‍ യുഎഇ ഊര്‍ജ, വ്യവസായ വകുപ്പ് മന്ത്രിയായ സുഹൈല്‍ മുഹമ്മദ് ഫറജ് അല്‍ മസ്രോയിയുമായും അഡ്‌നോക് ഗ്രൂപ്പ് സിഇഒയും സഹമന്ത്രിയുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജബെറുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുഎഇ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പരിധിയിലുള്ള പെട്രോളിയം, സ്റ്റീല്‍ വ്യപാര മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഇവര്‍ ചര്‍ച്ചകള്‍ നടത്തും.

അഡിപെക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബുദാബിയില്‍ എത്തുന്ന വിവിധ രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരുമായും അന്താരാഷ്ട്ര ഊര്‍ജ സംഘടനാ മേധാവികളുമായും അന്താരാഷ്ട്ര എണ്ണ, പ്രകൃതി വാതക കമ്പനി സിഇഒമാരുമായും ധര്‍മ്മേന്ദ്ര പ്രദാന്‍ ചര്‍ച്ചകള്‍ നടത്തും.

എണ്ണ, പ്രകൃതി വാതക മേഖലയിലെ സുപ്രധാന ആഗോള സമ്മേളനങ്ങളില്‍ ഒന്നാണ് അഡിപെക്. ഏതാണ്ട് 45,000 ആളുകളാണ് എല്ലാ വര്‍ഷവും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Comments

comments

Categories: Arabia