നിലനില്‍പ്പിനായി തുടങ്ങി, ഇന്ന് നാടിന് മാതൃക

നിലനില്‍പ്പിനായി തുടങ്ങി, ഇന്ന് നാടിന് മാതൃക

വരുമാനത്തിന് മറ്റൊരു മാര്‍ഗവും കാണാതെ വന്നപ്പോള്‍ വയനാട് സ്വദേശികളായ നാല് വനിതകള്‍ ചേര്‍ന്ന് തുടക്കം കുറിച്ച ‘ഉര്‍വര ജൂട്ട് ബാഗ്‌സ്’ എന്ന സ്ഥാപനം സുസ്ഥിരമായ പ്രകടനമികവിലൂടെ ഇന്ന് ഒരു നാടിന്റെ തന്നെ അഭിമാനമായിരിക്കുകയാണ്

വീട്ടമ്മമാര്‍ എന്ന ബാനറില്‍ വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ചില സാഹചര്യങ്ങള്‍ അവരെ വീട്ടമ്മമാരുടെ റോളിലേക്ക് മാത്രമായി ഒതുക്കുന്നു. അങ്ങനെ ഒതുക്കപ്പെടേണ്ടവരല്ല തങ്ങള്‍ എന്ന ചിന്തയില്‍ നിന്നുമാണ് വയനാട് സ്വദേശികളായ നാല് വനിതകള്‍ ചേര്‍ന്ന് ഉര്‍വര ജൂട്ട് ബാഗ്‌സ് എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. വത്സാ ജോസ്, അല്ലി വസന്തകുമാര്‍, നിഷ ശിവദാസന്‍, പ്രസന്ന പ്രഭാകരന്‍ എന്നിവരാണ് പരിചിതമല്ലാത്ത മേഖലയായിരുന്നിട്ട് കൂടി ഈ രംഗത്തേക്ക് കാലെടുത്ത് വച്ചത്. വയനാട് ജില്ലയിലെ തൃക്കൈപ്പറ്റ എന്ന സ്ഥലത്താണു ഉര്‍വര പ്രവര്‍ത്തിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയിലേക്ക് കടന്നു വരുമ്പോള്‍ നാലുപേര്‍ക്കും ജൂട്ട് ബാഗ് നിര്‍മാണത്തെക്കുറിച്ച് സാങ്കേതികമായി യാതൊരു ധാരണയുമില്ലായിരുന്നു. ജൂട്ട് ബാഗുകള്‍ വരുമാനം എത്തിക്കുന്ന വഴിയാണെന്ന് മാത്രം മനസിലാക്കിയിരുന്നു ഇവര്‍. ജൂട്ട് ബാഗുകളുടെ നിര്‍മാണത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിച്ച നാല്‍വര്‍ സംഘം ഒടുവില്‍ ചെന്നെത്തിയത് ജൂട്ട് ബോര്‍ഡ് ഓഫ് ഇന്ത്യയിലാണ്. അവര്‍ നല്‍കുന്ന സൗജന്യ പരിശീലനം പ്രയോജനപ്പെടുത്തിയാണ് ഉര്‍വരയ്ക്കു തുടക്കമിട്ടത്.

പിന്നീട് ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ‘ഉറവ്’ എന്ന എന്‍ജിഒ വഴി സര്‍ക്കാര്‍ സഹായവും കിട്ടി. അങ്ങനെ മൂന്നു മാസത്തെ ജൂട്ട് ബാഗ് നിര്‍മാണ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ജൂട്ട് ബാഗ് യൂണിറ്റിനു രൂപം നല്‍കിയത്. തുടക്കം ഒട്ടും മോശമായില്ല, മികച്ച ഓര്‍ഡറുകള്‍ ലഭിച്ചു. ജൂട്ട് ഷീറ്റ് ഉപയോഗിച്ച് ഓഫിസ് ബാഗ്, ബാക്ക് ബാഗ്, ലേഡീസ് ബാഗുകള്‍, ഫയലുകള്‍, പഴ്‌സ്, ബിഗ്‌ഷോപ്പര്‍ ബാഗുകള്‍, കാഷ്ബാഗ്, വാള്‍ ഹാങ്ങര്‍ തുടങ്ങി ഏകദേശം ഇരുപതില്‍പരം ജൂട്ട് ഉല്‍പ്പന്നങ്ങള്‍ ഇവര്‍ ഇന്ന് നിര്‍മിക്കുന്നു.

പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പരിസ്ഥിതിക്ക് ഹാനീകരമാകുമ്പോള്‍, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നമെന്ന നിലയിലാണ് ഉര്‍വരയുടെ ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധേയമാകുന്നത്. മുന്‍കൂര്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച ശേഷമാണ് ഉല്‍പ്പന്ന നിര്‍മാണം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ഏജന്‍സികള്‍, പരിശീലന കേന്ദ്രങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ ക്ലാസുകള്‍/ക്യാംപുകള്‍ തുടങ്ങി എല്ലായിടത്തും ഇന്ന് ഉര്‍വരയുടെ ഉല്‍പ്പന്നങ്ങള്‍ എത്തുന്നു. ഒരു പരീക്ഷണം എന്ന നിലക്ക് ഉല്‍പ്പാദനം ആഗ്രഹിച്ച സംഘം ഇപ്പോള്‍ മികച്ച വരുമാനമാണ് നേടുന്നത്.

ഉല്‍പ്പന്ന നിര്‍മാണത്തിനായുള്ള പ്രധാന അസംസ്‌കൃതവസ്തുവായ ജൂട്ട്ഷീറ്റ് ചെന്നൈയിലെ സ്വകാര്യസ്ഥാപനത്തില്‍നിന്നുമാണ് വാങ്ങിക്കുന്നത്. 70 രൂപ മുതല്‍ 200 രൂപവരെ മീറ്ററിനു വില വരും. ബിഗ്‌ഷോപ്പര്‍ ബാഗുകള്‍ക്ക് 100 മുതല്‍ 250 രൂപ വരെയും ഓഫിസ് ബാഗിന് 450 രൂപയും ബാക്ക് പാക്കിന് 400 മുതല്‍ 500 രൂപവരെയും പാഡുകള്‍ക്ക് 20 മുതല്‍ 200 രൂപ വരെയും വില വരും.ഓഫിസ് ബാഗും ഫയല്‍ബാഗുകളും അടക്കം ഏകദേശം 300 എണ്ണമാണ് പ്രതിദിന ഉല്‍പ്പാദനശേഷി. നാല്‍വര്‍ സംഘത്തെ കൂടാതെ, കൂടുതല്‍ ആളുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Entrepreneurship