പരുത്തി വ്യവസായത്തിലെ മാന്ദ്യത്തിന് പ്രധാന കാരണം വ്യാപാര യുദ്ധം: സ്മൃതി ഇറാനി

പരുത്തി വ്യവസായത്തിലെ മാന്ദ്യത്തിന് പ്രധാന കാരണം വ്യാപാര യുദ്ധം: സ്മൃതി ഇറാനി

വാണിജ്യ മന്ത്രാലയവുമായി ചേര്‍ന്ന് പരുത്തി വ്യവസായത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്

ഗുരുഗ്രാം: ഇന്ത്യന്‍ പരുത്തി നൂല്‍ വ്യവസായത്തിലെ മാന്ദ്യം നില്‍ക്കുന്നുണ്ടെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി. യുഎസ്-ചൈന വ്യാപാര യുദ്ധമാണ് ഇതിന് പ്രധാനകാരണമെന്നും ഇന്ത്യന്‍ കോട്ടണ്‍ കോണ്‍ഫറന്‍സ് 2019ല്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു. വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈന പുതിയ വിപണികള്‍ തേടിയതും വിവിധ മേഖലകളില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയുടെ പരുത്തി വ്യവസായത്തെ ബാധിച്ചു. ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ക്കായി ശ്രമിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
വാണിജ്യ മന്ത്രാലയവുമായി ചേര്‍ന്ന് പരുത്തി വ്യവസായത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. പരുത്തി കര്‍ഷകര്‍ക്കും ഈ വ്യവസായത്തിലെ മറ്റു വിഭാഗങ്ങള്‍ക്കും പ്രയോജനകരമാകുന്ന തരത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് അവര്‍ ഉറപ്പ് നല്‍കി. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ജൈവ പരുത്തി ഉല്‍പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യയെ ബ്രാന്‍ഡിംഗ് ചെയ്യുന്നത് മുഖ്യ വിഷയമാക്കി ഇന്ത്യന്‍ കോട്ടണ്‍ അസോസിയേഷന്‍ ലിമിറ്റഡ് (ഐസിഎഎല്‍) ആണ് ഇന്ത്യന്‍ കോട്ടണ്‍ കോണ്‍ഫറന്‍സ് 2019 സംഘടിപ്പിച്ചത്.

ഇന്ന് പരുത്തി വ്യവസായത്തില്‍ കര്‍ഷകരുടെ സംഭാവന പരിഗണിക്കപ്പെടുന്നില്ലെന്നും മതിയായ മൂല്യം കര്‍ഷകര്‍ക്ക് ഉറപ്പാക്കാതെ പരുത്തി വ്യവസായത്തിന് വളരാനാകില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. പരുത്തി ബ്രാന്‍ഡിംഗിനായി ഒരു കോട്ടണ്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് നിര്‍ദേഥം സമ്മേളനത്തില്‍ ഉയര്‍ന്നു വന്നു. ഇത് ഈ വ്യവസായത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും പരുത്തി ഉപയോഗം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
2018 മധ്യത്തിലാണ് തുറന്ന വ്യാപാര യുദ്ധത്തിലേക്ക് യുഎസും ചൈനയും എത്തിയത്. ആദ്യം ചൈനയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ പൊതുവായി തീരുവ വര്‍ധന പ്രഖ്യാപിച്ച യുഎസ് പിന്നീട് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കു മേല്‍ സവിശേഷമായി തീരുവകള്‍ പ്രഖ്യാപിച്ചു. നേരത്തേയുള്ള തീരുവകള്‍ ഉയര്‍ത്തിക്കൊണ്ട് ചൈനയും ഇതിനോട് പ്രതികരിച്ചു.

Comments

comments

Categories: Business & Economy