വിസിറ്റിംഗ് കാര്‍ഡ് വൈറലായി; പുനെയില്‍ വീട്ടുജോലിക്കാരിക്ക് ജോലി വാഗ്ദാനവുമായി നിരവധി പേര്‍ രംഗത്ത്

വിസിറ്റിംഗ് കാര്‍ഡ് വൈറലായി; പുനെയില്‍ വീട്ടുജോലിക്കാരിക്ക് ജോലി വാഗ്ദാനവുമായി നിരവധി പേര്‍ രംഗത്ത്

പുനെ: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഇന്‍ഫോസിസും, ഫ്രഞ്ച് ഐടി കമ്പനിയായ കേപ് ഗമിനിയും ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഎസ്എന്‍എല്‍ സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഏകദേശം 22,000-ത്തിലേറെ പേരാണു ബിഎസ്എന്‍എല്ലില്‍ വിആര്‍എസിന് അപേക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പുനെയിലെ ഗീത കാലെ എന്ന വീട്ടു ജോലി ചെയ്യുന്ന സ്ത്രീക്കു പറയാനുള്ളതു വ്യത്യസ്തമായൊരു അനുഭവമാണ്.

നിരവധി വീടുകളിലും ഓഫീസുകളിലും തൂപ്പ് ജോലി ചെയ്യുകയാണു ഗീത. ഗീതയ്ക്ക് പ്രതിമാസം 4,000 രൂപ വേതനം ലഭിക്കുന്നൊരു ജോലി സമീപദിവസം നഷ്ടപ്പെടുകയുണ്ടായി. ഗീത തൂപ്പ് ജോലി ചെയ്യുന്ന വിലാസ് ജാവേദ്കര്‍ ഡവലപ്പേഴ്‌സ് എന്ന ഓഫീസിലെ സീനിയര്‍ മാനേജരായ ധനശ്രീ, ഗീതയുടെ വിഷമാവസ്ഥ അറിയാനിടയായി. തുടര്‍ന്നു ധനശ്രീ ഗീതയ്ക്കായി നല്ലൊരു വിസിറ്റിംഗ് കാര്‍ഡ് ഡിസൈന്‍ ചെയ്തു. അതില്‍ ഗീത ചെയ്യുന്ന ജോലിയും അതിന് ഈടാക്കുന്ന തുകയും വ്യക്തമായി കുറിച്ചു. ഗീത കാലെ, ഗര്‍ കാം മൗസി ഇന്‍ ഭാവ് ധന്‍ (ഗീത കാലെ, ഭാവ് ധനില്‍ വീട്ടു ജോലി ചെയ്യുന്ന സ്ത്രീ) എന്ന് കാര്‍ഡിന്റെ തലപ്പത്ത് എഴുതിയിരുന്നു. കാഴ്ചയില്‍ അടിച്ചുതൂക്കുന്നതെന്നു തോന്നിപ്പിക്കുന്ന ചൂലിന്റെയും വാരിയുടെയും ചിത്രവും കാര്‍ഡില്‍ ഡിസൈന്‍ ചെയ്തു. തുടര്‍ന്നു 100 വിസിറ്റിംഗ് കാര്‍ഡ് അടിച്ചു സമീപപ്രദേശത്തുള്ളവര്‍ക്കു വിതരണം ചെയ്തു. ഇതിനു പുറമേ ധനശ്രീയും, അസ്മിത ജാവ്‌ദേക്കറും കാര്‍ഡ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇതോടെ ഗീതയുടെ ഫോണിലേക്കു തൊഴില്‍ വാഗ്ദാനം ചെയ്തു കൊണ്ടു നിരവധി പേര്‍ വിളിച്ചു. ഫോണ്‍ ഇപ്പോഴും റിംഗ് ചെയ്യുകയാണെന്നു ഗീത പറയുന്നു.

Comments

comments

Categories: FK News