യന്ത്ര സൈനികര്‍ മുതല്‍ ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ വരെ; പ്രതിരോധ രംഗത്ത് സാങ്കേതിക മുന്നേറ്റവുമായി യുഎഇ

യന്ത്ര സൈനികര്‍ മുതല്‍ ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ വരെ; പ്രതിരോധ രംഗത്ത് സാങ്കേതിക മുന്നേറ്റവുമായി യുഎഇ

25ഓളം ഡിഫെന്‍സ് ടെക് കമ്പനികളെ സംയോജിപ്പിച്ചുകൊണ്ട് എഡ്ജ് എന്ന പ്രതിരോധ വ്യവസായ കമ്പനി അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

അബുദാബി: യന്ത്ര സൈനികര്‍, ആത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍, സ്മാര്‍ട്ട് ഡ്രോണുകള്‍, ഇലക്ട്രോ മാഗ്നറ്റിക് ആയുധങ്ങള്‍, രണ്ട് മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും ചെന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് പ്രതിരോധ വിമാനങ്ങള്‍.. യുഎഇ സര്‍ക്കാരിന്റെ പിന്തുണയോടെ കഴിഞ്ഞ ദിവസം അബുദാബിയില്‍ നിലവില്‍ വന്ന രാജ്യത്തെ പുതിയ പ്രതിരോധ വ്യവസായ ഗ്രൂപ്പായ എഡ്ജിന്റെ ആധുനിക യുദ്ധ സന്നാഹങ്ങളില്‍ ചിലതാണിവ.

25ഓളം പ്രതിരോധ ടെക് കമ്പനികളെ സംയോജിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അബുദാബിയില്‍ നിലവില്‍ വന്ന ഹോള്‍ഡിംഗ് കമ്പനിയാണ് എഡ്ജ്. എമിറേറ്റ്‌സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനി, എമിറേറ്റ്‌സ് അഡ്വാന്‍സ്ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഗ്രൂപ്പ്, തവസണ്‍ ഹോള്‍ഡിംഗ് എന്നിവയുടെ അനുബന്ധ സ്ഥാപനങ്ങളും മറ്റ് സ്വതന്ത്ര സംഘടനകളും എഡ്ജില്‍ അംഗങ്ങളാണ്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുതിയ ഹോള്‍ഡിംഗ് കമ്പനിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിലവില്‍ ഏതാണ്ട് 12,000 ജീവനക്കാര്‍ ജോലി ചെയ്യുന്ന, 5 ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കമ്പനിക്ക് ബൃഹത്തായ ഭാവി പദ്ധതികളുണ്ട്. പ്രതിരോധ പ്ലാറ്റ്‌ഫോമുകള്‍, സംവിധാനങ്ങള്‍, മിസൈലുകള്‍, ആയുധങ്ങള്‍, സൈബര്‍ പ്രതിരോധം, ഇലക്ട്രോണിക് യുദ്ധമേഖല, രഹസ്യാന്വേഷണം, ദൗത്യസഹായം എന്നീ മേഖലകളിലായി അഞ്ചുകോടി ക്ലസ്റ്ററുകളാണ് ഭാവിയില്‍ എഡ്ജിന് ഉണ്ടാകുക. ആധുനിക ലോകത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിരോധ, സാങ്കേതിക ഭീഷണികള്‍ക്ക് പരിഹാരം കാണുകയെന്ന ദൗത്യവും ഇവയ്ക്കുണ്ടാകും.

സൈബര്‍മേഖലയിലെ യുദ്ധങ്ങള്‍

അബുദാബി ആസ്ഥാനമായുള്ള ആഗോള സൈബര്‍ സുരക്ഷ കമ്പനിയായ ഡാര്‍ക്മാറ്റര്‍ ഗ്രൂപ്പിന്റെയും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മൊബീല്‍ ഉപകരണങ്ങളുടെ വിതരണക്കാരായ ആക്‌സിയോം ടെലികോമിന്റെയും സ്ഥാപകനായ ഫൈസല്‍ അല്‍ ബന്നായിയാണ് എഡ്ജിന്റെ സിഇഒ.

ഹൈബ്രിഡ് ആയോധന രംഗത്ത് സജീവമാണ് തങ്ങളെന്നും കരയുദ്ധത്തില്‍ കഴിവ് തെളിയിച്ചതു കൊണ്ടുമാത്രം ഇന്ന് വിജയമുണ്ടാകില്ലെന്നും സൈബറിടത്തും യുദ്ധങ്ങള്‍ നടക്കുന്നുണ്ടെന്നും എഡ്ജിന്റെ ഉദ്ഘാടന വേളയില്‍ ഫൈസല്‍ പറഞ്ഞു. ‘വാണിജ്യമേഖല നിരന്തരമായ കണ്ടുപിടിത്തങ്ങള്‍ക്കും പരിണാമത്തിനും വിധേയരായി മികച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ പ്രതിരോധ മേഖലയും അതേ വേഗതയിലും ഊര്‍ജത്തിലും സാങ്കേതിക മുന്നേറ്റങ്ങള്‍ നടത്തേണ്ടതുണ്ട്. പുത്തന്‍ ശൈലിയിലുള്ള ഒരു പ്രതിരോധ കമ്പനിയാണ് എഡ്ജ്. ആധുനിക സാങ്കേതിക വിദ്യയും സേവനങ്ങളും വളരെ വേഗത്തിലും ഉയര്‍ന്ന കാര്യക്ഷമതയോടും വിപണിയിലെത്തിക്കുക എന്ന ലളിതമായ ദൗത്യമാണ് തങ്ങള്‍ക്കുള്ളത്’ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബറില്‍ സൗദി അരാംകോയുടെ എണ്ണശാലകള്‍ക്കു നേരെ ആക്രമണം നടത്തിയ വാണിജ്യ ഡ്രോണുകള്‍ വിപണിയില്‍ സുലഭമാണെന്നും ഏതാണ്ട് 10,000 ഡോളര്‍ കൊടുത്താല്‍ ഇവ വാങ്ങാമെന്നും ഫൈസല്‍ പറഞ്ഞു.

പശ്ചിമേഷ്യയില്‍ പ്രതിരോധ ചിലവിടല്‍ വര്‍ധിക്കുന്നു

2019ല്‍ പശ്ചിമേഷ്യന്‍ മേഖലയുടെ പ്രതിരോധ രംഗത്തെ ചിലവിടല്‍ 100 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് എഡ്ജിന്റെ ഉദയവും. പ്രധാനമായും സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കുക. പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതല്‍ തുക ചിലവിടുന്ന പത്ത് രാജ്യങ്ങളില്‍ അഞ്ചെണ്ണം പശ്ചിമേഷ്യന്‍ മേഖലയിലാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അവരുടെ ബജറ്റിന്റെ ശരാശരി 13 ശതമാനം തുകയാണ് പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഓരോ വര്‍ഷവും മാറ്റിവെക്കുന്നത്. ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ യഥാക്രമം അവരുടെ ബജറ്റിന്റെ 20 ശതമാനം, 30 ശതമാനം തുകയാണ് പ്രതിരോധ രംഗത്ത് ചിലവിടുന്നത്. ഐഎച്ച്എസ് മാര്‍ക്കിറ്റ് റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ സൗദി അറേബ്യയുടെ പ്രതിരോധ ബജറ്റ് 51 ബില്യണ്‍ ഡോളറിന്റേതാണ്. ഇത് സത്യമാണെങ്കില്‍ ലോകത്ത് തന്നെ പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കുന്ന മൂന്നാമത്തെ രാജ്യമാണ് സൗദി.

ഈ മാസം ഒടുവില്‍ ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ ദുബായ് എയര്‍ഷോ നടക്കാനിരിക്കുകയാണ്. പ്രതിരോധ രംഗത്തെ മുന്‍നിര കമ്പനികളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ അടക്കമുള്ള കമ്പനികള്‍ പ്രതിരോധ രംഗത്തെ തങ്ങളുടെ പുത്തന്‍ കണ്ടുപിടിത്തങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയായി ഈ അവസരം വിനിയോഗിക്കും. വരാനിരിക്കുന്ന ദശാബ്ദങ്ങളില്‍ പ്രതിരോധ വ്യവസായ മേഖലയെ രൂപപ്പെടുത്തുന്ന നിര്‍ണായക ഘടകങ്ങളില്‍ ആധുനിക സാമഗ്രികള്‍ക്കും ഓട്ടോനോമസ് സംവിധാനങ്ങള്‍ക്കും മനുഷ്യനും യന്ത്രങ്ങളും ഒത്തൊരുമിച്ചുള്ള സംവിധാനങ്ങള്‍ക്കും മിഷന്‍ സംവിധാനങ്ങള്‍ക്കുമെല്ലാം വലിയ പങ്കുണ്ടെന്നാണ് ലോക്ക്ഹീഡ് മാര്‍ട്ടിന്റെ പശ്ചിമേഷ്യ വിഭാഗം ചീഫ് എക്‌സിക്യുട്ടീവ് ബോബ് ഹാര്‍വാര്‍ഡ് സെപ്റ്റംബറില്‍ പറഞ്ഞത്. കഴിഞ്ഞ നാല് ദശാബ്ദക്കാലമായി യുഎഇയുമായി ശക്തമായ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് തങ്ങളെന്നും സി-130 ഹെല്‍ക്കുലീസ് കാര്‍ഗോ എയര്‍ക്രാഫ്റ്റ്, എഫ്-16 യുദ്ധ വിമാനങ്ങള്‍, പിഎസി-3 മിസൈല്‍ ഇന്റെര്‍സെപ്റ്റര്‍, താഡ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം തുടങ്ങിയ പ്രതിരോധ പദ്ധതികളിലെല്ലാം യുഎഇയോടൊപ്പം ഉണ്ടായിരുന്നുവെന്നും ബോബ് പറഞ്ഞു.

Comments

comments

Categories: Arabia

Related Articles