ചിത്രമെടുക്കാന്‍ നികുതി; സംഭവം വിവാദമായതോടെ തീരുമാനം പിന്‍വലിച്ചു

ചിത്രമെടുക്കാന്‍ നികുതി; സംഭവം വിവാദമായതോടെ തീരുമാനം പിന്‍വലിച്ചു

പനജി: വടക്കന്‍ ഗോവയിലെ മനോഹര ഗ്രാമമായ പാര സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്കു അവിടെയുള്ള തെങ്ങോലകള്‍ വരി തീര്‍ക്കുന്ന ദൃശ്യം പകര്‍ത്തണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കണം. 100 രൂപ മുതല്‍ 500 രൂപ വരെയാണ് നല്‍കേണ്ടി വരുന്ന നിരക്ക്. പാര ഗ്രാമപഞ്ചായത്ത് സ്വച്ഛതാ നികുതി എന്ന പേരിലാണു നിരക്ക് ഈടാക്കാന്‍ തീരുമാനിച്ചത്. പ്രദേശത്തിന്റെ ശുചീകരണത്തിനു വേണ്ടിയാണു നികുതി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണു പഞ്ചായത്ത് പുറത്തിറക്കിയിരിക്കുന്ന നോട്ടീസില്‍ സൂചിപ്പിക്കുന്നത്. ഈ ഗ്രാമത്തിലെ പ്രധാന ആകര്‍ഷണമാണ് വരി വരിയായില്‍ നില്‍ക്കുന്ന തെങ്ങോലകള്‍.

ഡിയര്‍ സിന്ദഗി പോലുള്ള നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്കു വേണ്ടി ഈ ദൃശ്യം ഒപ്പിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ടൂറിസ്റ്റിന് ഇവിടെയുള്ള ദൃശ്യം പകര്‍ത്തിയതിന്റെ പേരില്‍ നികുതി നല്‍കേണ്ടി വന്നിരുന്നു. ഒരൊറ്റ ചിത്രമെടുത്തതിന് പഞ്ചായത്ത് അധികൃതര്‍ 500 രൂപ ഈടാക്കിയതായി അറിയിച്ചു കൊണ്ട് പോള്‍ ഫെര്‍ണാണ്ടസ് എന്ന ഗ്രാമവാസി ഒരു വീഡിയോ നവമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ടൂറിസത്തിനു പേരു കേട്ട സംസ്ഥാനമാണു ഗോവ. എന്നാല്‍ പാര പഞ്ചായത്തിന്റെ ഈ തീരുമാനം ടൂറിസത്തിനു ദോഷമാകുമെന്നാണു നിരവധി കോണുകളില്‍നിന്നുള്ളവര്‍ അഭിപ്രായപ്പെട്ടത്. ടൂറിസ്റ്റില്‍നിന്നും 500 രൂപ നികുതിയായി ഈടാക്കിയ സംഭവം വിവാദമായതോടെ ഗോവന്‍ ടൂറിസം മന്ത്രി അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. അധികം താമസിയാതെ തന്നെ നികുതി പിരിക്കാനുള്ള തീരുമാനത്തില്‍നിന്നും പഞ്ചായത്ത് പിന്‍മാറുകയും ചെയ്തു. പാര പഞ്ചായത്തിലെ മനോഹരദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രതിദിനം 30-40 പേരെങ്കിലും ചുരുങ്ങിയത് എത്താറുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്.

Comments

comments

Categories: FK News