10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് റെനോ ട്രൈബര്‍

10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് റെനോ ട്രൈബര്‍

നാല് വേരിയന്റുകളിലാണ് റെനോ ട്രൈബര്‍ ലഭിക്കുന്നത്. 4.95 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ റെനോ ട്രൈബര്‍ പതിനായിരം യൂണിറ്റ് വില്‍പ്പന താണ്ടി. ഈ വര്‍ഷം ഓഗസ്റ്റിലാണ് മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. രണ്ട് മാസത്തിനുള്ളിലാണ് ഈ വില്‍പ്പന നേട്ടം. മുംബൈയിലെ ഒരു ഡീലര്‍ഷിപ്പിലാണ് പതിനായിരത്തൊന്ന് എന്ന എണ്ണം തികഞ്ഞ റെനോ ട്രൈബര്‍ ഡെലിവറി ചെയ്തത്. ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്ഇസഡ് എന്നീ നാല് വേരിയന്റുകളിലാണ് റെനോ ട്രൈബര്‍ ലഭിക്കുന്നത്. 4.95 ലക്ഷം മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

ഉപയോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതായി റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ & മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്‌റാം മാമില്ലാപള്ളി പറഞ്ഞു. ബുക്കിംഗ് നല്ല രീതിയില്‍ പുരോഗമിക്കുന്നതായും ഉല്‍പ്പാദനം വര്‍ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഡെലിവറി വേഗത്തിലാക്കുമെന്നും വെങ്കട്‌റാം മാമില്ലാപള്ളി അറിയിച്ചു. മെട്രോ നഗരങ്ങളിലും ഗ്രാമീണ വിപണികളിലും റെനോ ട്രൈബറിന് മികച്ച സ്വീകാര്യതയാണ് ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് റെനോ ട്രൈബര്‍ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. നിലവില്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് റെനോ ട്രൈബര്‍ ലഭിക്കുന്നത്. ഡീസല്‍ വേര്‍ഷന്‍ പുറത്തിറക്കുന്ന കാര്യം റെനോ ഇന്ത്യ വെളിപ്പെടുത്തുന്നില്ല. ബിഎസ് 4 പാലിക്കുന്നതാണ് പെട്രോള്‍ എന്‍ജിന്‍. ബിഎസ് 6 എന്‍ജിന്‍ നല്‍കുന്നതോടെ വാഹനത്തിന്റെ വില ഓരോ വേരിയന്റിനും 20,000-30,000 രൂപ വര്‍ധിക്കും.

Comments

comments

Categories: Auto