ഇന്ത്യന്‍ യുവത്വത്തിന് ഒക്കിനാവ ലൈറ്റ് പുറത്തിറക്കി

ഇന്ത്യന്‍ യുവത്വത്തിന് ഒക്കിനാവ ലൈറ്റ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 59,990 രൂപ

ന്യൂഡെല്‍ഹി: ഒക്കിനാവ ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചതായി ഒക്കിനാവ സ്‌കൂട്ടേഴ്‌സ് അറിയിച്ചു. 59,990 രൂപയാണ് സ്ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. യുവതീ-യുവാക്കളെയും സ്ത്രീകളെയും ഉദ്ദേശിച്ചാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. നഗരത്തിനുള്ളില്‍ ഹ്രസ്വദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്. സ്‌കൂളുകളിലും കോളെജുകളിലും പോകുന്നതിനും ഷോപ്പിംഗ് ആവശ്യങ്ങള്‍ക്കായി പോകുന്നതിനും ഒക്കിനാവ ലൈറ്റ് ഉപയോഗിക്കാം.

എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി വിങ്കറുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, എല്‍ഇഡി സ്പീഡോമീറ്റര്‍, സെല്‍ഫ് സ്റ്റാര്‍ട്ട് പുഷ് ബട്ടണ്‍, 17 ഇഞ്ച് സ്‌റ്റോറേജ് അറ, ഓട്ടോമാറ്റിക് ഇലക്ട്രോണിക് ഹാന്‍ഡില്‍, ഹസാര്‍ഡ് ഫംഗ്ഷന്‍ എന്നിവ സവിശേഷതകളാണ്.

40 വോള്‍ട്ട് 1.25 കിലോവാട്ട്അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഒക്കിനാവ ലൈറ്റ് ഉപയോഗിക്കുന്നത്. ആന്റി തെഫ്റ്റ് സംവിധാനമുള്ള ബാറ്ററി അഴിച്ചെടുത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയും. 250 വാട്ട് വാട്ടര്‍പ്രൂഫ് ബിഎല്‍ഡിസി ഇലക്ട്രിക് മോട്ടോര്‍ കരുത്തേകും. മോട്ടോറിനും ബാറ്ററിക്കും മൂന്ന് വര്‍ഷ വാറന്റി ലഭിക്കും. 4-5 മണിക്കൂര്‍ സമയമെടുത്ത് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 50-60 കിലോമീറ്റര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും ഉയര്‍ന്ന വേഗത.

1,790 എംഎം നീളവും 710 എംഎം വീതിയും 1,190 എംഎം ഉയരവും വരുന്നതാണ് ഒക്കിനാവ ലൈറ്റ്. സ്റ്റീല്‍ ഫ്രെയിം ബോഡി ഉപയോഗിച്ചിരിക്കുന്നു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ട്യൂബ് സ്പ്രിംഗ് ടൈപ്പ് ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. അലുമിനിയം അലോയ് വീലുകളിലാണ് ഒക്കിനാവ ലൈറ്റ് വരുന്നത്. ഇ-എബിഎസ്, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ സവിശേഷതകളാണ്. 150 കിലോഗ്രാമാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാരം.

Comments

comments

Categories: Auto
Tags: Indian Youth