എം വി രാഘവനും മാനവികതയും

എം വി രാഘവനും മാനവികതയും

എം വി രാഘവന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്. കേരള രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. എം വി ആര്‍ ഒരു പ്രതീകമായിരുന്നു. ഈ കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസ്ഥാന്തരങ്ങളുടെ പ്രതീകം!

ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് തൊഴിലെടുക്കാനിറങ്ങേണ്ടിവന്ന ഒരു സാധാരണക്കാരന്‍. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങിയ അദ്ദേഹം നേതൃപാടവം കൊണ്ടുമാത്രം പാര്‍ട്ടിയുടെ ഉന്നതങ്ങളിലെത്തി. എം വി ആര്‍ തന്റെ ആത്മകഥയായ ‘ഒരു ജന്മ’ത്തില്‍ ബാല്യകാലത്തെ സംബന്ധിച്ച് പറയുന്നത് ഇപ്രകാരമാണ്, ”ഇല്ലായ്മയും ദുഃഖവും പങ്കുവെച്ച് ആള്‍ക്കൂട്ടത്തില്‍ ഏകനായി ഞാന്‍ കഴിഞ്ഞു.”

പഞ്ചായത്ത് പ്രസിഡന്റും എം എല്‍ എയും സി പിഐ (എം) ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിയമസഭാകക്ഷി സെക്രട്ടറിയുമൊക്കെ ആയതിനുശേഷമാണ് അദ്ദേഹം നേതൃത്വവുമായി ഭിന്നതയിലാകുന്നത്. കേരളത്തിലെ ജനങ്ങളാകെ ആരാധിക്കുന്ന കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന്റെ പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യന്മാരില്‍ പ്രധാനപ്പെട്ട ആളായിരുന്നു എം വി ആര്‍. സമൂഹത്തിലെ പാവപ്പെട്ടവരോടുള്ള സ്‌നേഹവും കാരുണ്യവും അദ്ദേഹത്തിന് എ കെ ജിയില്‍ നിന്ന് കിട്ടിയ ഗുണമാണ്. എപ്പോഴും വളരെ ഗൗരവമായ മുഖഭാവമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്ന പാവപ്പെട്ടവരും, സാധാരണക്കാരുമായ ജനങ്ങളോട് ആ ഗൗരവഭാവമെല്ലാം വെടിഞ്ഞ് തുറന്ന് സംസാരിക്കുകയും, അവരുടെ പ്രശ്‌നങ്ങള്‍ തന്നാലാവും വിധം പരിഹരിക്കുകയും ചെയ്യുന്ന പാവപ്പെട്ടവരുടെ അത്താണിയായിരുന്നു അദ്ദേഹം.

ഒരു പക്ഷെ, കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് നേതാവും ഇത്രയധികംപേരെ വ്യക്തിപരമായി നേരിട്ടു സഹായിച്ചുകാണുകയില്ല. അദ്ദേഹം വ്യക്തിപരമായി വലിയ സഹായങ്ങള്‍ ചെയ്ത പതിനായിരങ്ങളാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും, അവരെ ആത്മാര്‍ത്ഥമായി സഹായിക്കാനുള്ള മനോഭാവവും മറ്റൊരു നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കാണുകയുമില്ല. മന്ത്രിയും സി എം പി നേതാവുമായിരുന്ന എം വി രാഘവന്‍ അന്ന് എതിര്‍ ചേരിയിലായിരുന്ന നൂറു കണക്കിന് സി പി എം നേതാക്കളെയും പ്രവര്‍ത്തകരെയും വിവിധ പാര്‍ട്ടികളിലെ പ്രവര്‍ത്തകരെയും വ്യക്തിപരമായി അങ്ങേയറ്റം സഹായിച്ചിട്ടുണ്ടെന്നുള്ള കാര്യം ഈ ലേഖകന് നേരിട്ടറിയാവുന്നതാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാനവികതയ്ക്ക് പ്രാധാന്യം കൊടുക്കണമെന്ന് ശക്തമായി അദ്ദേഹം എന്നും വാദിച്ചിരുന്നു. ഇടുങ്ങിയ കമ്യൂണിസ്റ്റ്-സെക്‌ടേറിയന്‍ സമീപനങ്ങള്‍ക്ക് അദ്ദേഹം എന്നും എതിരുമായിരുന്നു. ബദല്‍ രേഖയുടെ അവതരണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എം വി ആറിന് ചായ നല്‍കുകയും ഭക്ഷണം നല്‍കുകയും വിശ്രമത്തിന് സ്ഥലം നല്‍കുകയും ചെയ്ത ചില സി പി എം പ്രവര്‍ത്തകരെ നേതൃത്വം, പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയമാക്കിയിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം മനുഷ്യത്വത്തെ വിസ്മരിക്കുന്നത് വളരെ വേദനാകരമാണെന്ന് അദ്ദേഹം ഈ ലേഖകനോട് പറഞ്ഞത് ഓര്‍ക്കുന്നു. മനുഷ്യനുവേണ്ടിയാണ് മാര്‍ക്‌സിസവും അതിന്റെ അടിസ്ഥാനത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിലകൊള്ളേണ്ടത്.

രാഷ്ട്രീയ രംഗത്ത് വളരെ വിവാദം സൃഷ്ടിച്ച ബദല്‍ രേഖയാണ് സി എം പി രൂപവല്‍ക്കരണത്തിന്റെ അടിസ്ഥാനശില. കേരളത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെ പറ്റി വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ 1985-86 കളില്‍ സി പി എമ്മില്‍ ഉണ്ടായി. ഇടത് മുന്നണിക്കെതിരായി നിലകൊള്ളുന്ന യു ഡി എഫ് അന്ന് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എങ്ങനെ മുന്നണി ശക്തിപ്പെടുത്താമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടായത്. ന്യൂനപക്ഷ-ഭൂരിപക്ഷ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ വീണ്ടും പ്രസക്തമായിരിക്കുന്ന സാഹചര്യത്തില്‍ അന്നത്തെ സംഭവങ്ങളെ സംബന്ധിച്ച് ഒരു എത്തിനോട്ടം നടത്തുന്നത് പ്രസക്തമാണ്.

പാര്‍ട്ടിയില്‍ വിവിധ ഘടകങ്ങളിലും സംഘടനകളിലും പാര്‍ട്ടി നയത്തെപറ്റി സ്വതന്ത്രവും കാര്യമാത്ര പ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടിയെ ഏകീകരിക്കുന്നതിന് പ്രയോജനപ്രദവും ആവശ്യവുമാണെന്നാണ് സി പി എം ഭരണഘടനയില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ,് ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയായ മുസ്‌ലീം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളുമായുള്ള സഖ്യം പാര്‍ട്ടിയെ ഒറ്റപ്പെടുത്തുവാനേ സഹായിക്കുകയുള്ളൂ എന്ന സി പി എം കേന്ദ്ര കമ്മറ്റി കത്തിനെതിരായി എം വി രാഘവന്‍, പുത്തലത്ത് നാരായണന്‍, പി വി കുഞ്ഞിക്കണ്ണന്‍, ഇ കെ ഇമ്പിച്ചിബാവ, ടി ശിവദാസ മേനോന്‍, വി ദക്ഷിണാമൂര്‍ത്തി, പാട്യം രാജന്‍, പി വി മൂസാംകുട്ടി, സി കെ ചക്രപാണി എന്നീ സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ അണിനിരന്നത്. കേരളത്തില്‍ ലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുമായുള്ള മുന്നണി പാര്‍ട്ടിക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്ര കമ്മിറ്റിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും സമര്‍ഥിച്ചുകൊണ്ട് ഒരു ഭിന്നാഭിപ്രായ കുറിപ്പ് അവര്‍ സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെയും പാര്‍ട്ടി സമ്മേളനത്തിന് മുമ്പാകെയും അവതരിപ്പിച്ചു.

നമ്മുടെ ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുള്ള മൗലികമായ അവകാശങ്ങള്‍ പോലും രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഇന്ന് അവര്‍ക്ക് ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്നും സി പി എം പാര്‍ട്ടി പരിപാടിയില്‍ അടിവരയിട്ട് പറഞ്ഞിട്ടുള്ള കാര്യം ബദല്‍ രേഖയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ന്യൂനപക്ഷങ്ങളുടെ പൊതുവായ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ അത് ന്യൂനപക്ഷ പ്രീണനമാകുമെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. ബദല്‍ രേഖയില്‍ ഒപ്പിട്ട നേതാക്കളെ കൂടാതെ ഇ കെ നായനാര്‍ അടക്കമുള്ള പ്രമുഖരായ പല നേതാക്കളും ഈ ഭിന്നാഭിപ്രായ കുറിപ്പിനോട് അന്ന് യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കേരള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് കക്ഷികളുമായി ഒരു കാലത്തും ബന്ധപ്പെടുകയില്ലെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം പാര്‍ട്ടിയെയും ബഹുജന പ്രസ്ഥാനത്തേയും മുസ്‌ലിം-ക്രിസ്ത്യന്‍ ജനസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ബദല്‍ രേഖ അടിവരയിട്ട് ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളിലെ തൊഴിലാളികളെയും സാധാരണക്കാരായ ജനങ്ങളെയും പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ അനുയോജ്യമായ ഒരു നയമേ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കാവൂ എന്ന അംഗീകൃത നയത്തിന്റെ അടിസ്ഥാനത്തിലാണ് എം വി രാഘവനും കൂട്ടരും ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സമൂഹത്തിലെ ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലുമുള്ള ജനങ്ങളെയാകെ വര്‍ഗാടിസ്ഥാനത്തില്‍ ഇടതുപക്ഷത്തോടൊപ്പം അണിനിരത്താന്‍ കഴിഞ്ഞാലേ ഇടതു പക്ഷത്തിന്റെ ലക്ഷ്യം നിറവേറ്റപ്പെടുകയുള്ളൂ.

ന്യൂനപക്ഷങ്ങള്‍ ഭരണകക്ഷിയില്‍ നിന്നും നിഷ്ഠൂരമായ കടന്നാക്രമണങ്ങളെ നേരിടുന്ന ഈ സാഹചര്യത്തില്‍ ഇവരെ സംരക്ഷിക്കാനുള്ള ബാധ്യത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇടതുപക്ഷത്തിനുമാണുള്ളത്. ന്യൂനപക്ഷ പാര്‍ട്ടികളോടൊപ്പമുള്ള രാഷ്ട്രീയ മുന്നണി അല്ല ന്യൂനപക്ഷങ്ങളോടുള്ള സഹാനുഭൂതിയും അവരെ സംരക്ഷിക്കലുമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്.

തനിക്കെതിരായി കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരായി സംസ്ഥാന കമ്മിറ്റിക്ക് എം വി രാഘവന്‍ നല്‍കിയ കത്തില്‍ പറയുന്നു: ”ശരിഅത്ത് പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ പാര്‍ട്ടിയെ വര്‍ഗീയവാദികള്‍ മതവിരോധികള്‍ എന്ന് മുദ്രകുത്തി മുസ്‌ലിം ജനവിഭാഗങ്ങളില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുമെന്നും അത് കണക്കിലെടുത്താലേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. അത് കണക്കിലെടുക്കാത്തതിന്റെ ഫലം മുസ്‌ലിം വര്‍ഗീയ വാദികള്‍ ഒന്നിക്കുന്നിടത്തേക്കാണ് ചെന്നെത്തിയത്. മതവിരോധ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തൊരിടത്തും വളര്‍ന്നിട്ടില്ല. നമ്മുടേത് ഒരു മതവിരുദ്ധ പ്രസ്ഥാനവുമല്ല. മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും സിഖുകാരനായാലും ഏത് മതത്തിലും ജാതിയിലും പെട്ടവരായാലും അവരെ വര്‍ഗപരമായി അണിനിരത്തുകയാണ് വേണ്ടത്.” രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഉറക്കെ ശബ്ദിച്ചുകൊണ്ടാണ് എം വി രാഘവന്‍ നിലകൊണ്ടത്.

രാജ്യത്തെ വര്‍ഗീയ ശക്തികളുടെ ഭരണക്കുത്തക അവസാനിപ്പിക്കാനും അവരുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാനും മറ്റാരെക്കാളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മതേതര പ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1987 ല്‍ തന്നെ ബി ജെ പിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഇടതുപക്ഷ പാര്‍ട്ടികളും ജനാധിപത്യ-മതേതര പാര്‍ട്ടികളും യോജിച്ചുനില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ നിലയിലുള്ള അഭിപ്രായം ആദ്യമായി പറഞ്ഞ ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്നു എം വി ആര്‍. അന്ന് ഈ അഭിപ്രായത്തെ മാനിക്കാന്‍ സി പി എം അടക്കമുള്ള ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളും തയ്യാറായില്ല. എന്നാല്‍ പിന്നീട് ഈ പാര്‍ട്ടികള്‍ക്കെല്ലാം ബി ജെ പിക്കെതിരായ ഇടതുപക്ഷ-മതേതര ഐക്യത്തിന്റെ പ്രാധാന്യം ബോധ്യമായി. ആ നിലയില്‍ ഇടതുപാര്‍ട്ടികളും മതേതര പാര്‍ട്ടികളും ഒരു നിലപാട് കൈക്കൊണ്ടതുകൊണ്ടാണ് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇടതുപാര്‍ട്ടികള്‍ക്ക് വളരെ മെച്ചപ്പെട്ട സ്ഥാനം ആ സര്‍ക്കാരില്‍ ലഭിക്കുകയും ചെയ്തു.

ബി ജെ പി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറി എന്നുമാത്രമല്ല ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് വളരെ ശക്തമായി പിടിമുറുക്കിയിരിക്കുകയുമാണ്. മതേതരത്വത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ ഭരണഘടനയെപ്പോലും അവര്‍ വെല്ലുവിളിച്ചിരിക്കുകയാണ്. ഹിന്ദു ദേശീയവാദവും അതിലധിഷ്ഠിതമായ സര്‍ക്കാരുമാണ് അവര്‍ ലക്ഷ്യമാക്കുന്നത്. വര്‍ഗീയ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രസക്തി അതുകൊണ്ടുതന്നെ ഇന്നു വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.

സഹകരണ-തുറമുഖ വകുപ്പ് മന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെയും വിഴിഞ്ഞം തുറമുഖം അടക്കമുള്ള തുറമുഖങ്ങളുടെയും വികസനത്തിനായി എം വി ആര്‍ വഹിച്ച പങ്ക് ഏവരും അംഗീകരിക്കുന്നതാണ്. വിഴിഞ്ഞം ഹാര്‍ബറിന്റെ പ്രധാന ശില്‍പ്പി എം വി രാഘവനാണ്. സഹകരണ മേഖലയിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് അടക്കം ഡസന്‍ കണക്കിന് വന്‍ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ സ്മാരകങ്ങള്‍ തന്നെയാണ്. സഹകരണ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതുമാണ്.

സി എം പി ഇടതു ചേരിയില്‍ നില്‍ക്കാനുള്ള പില്‍ക്കാല തീരുമാനം എം വി ആറിന്റേതായിരുന്നു. ഇടത്-കമ്യൂണിസ്റ്റ് ഐക്യവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകീകരണവും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ചെറിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അഖിലേന്ത്യ കോര്‍ഡിനേഷന്‍ കമ്മിറ്റി ഇതിനുദാരഹണമാണ്.

ഭാരതപ്പുഴയില്‍ കൂടി ധാരാളം ജലം ഇതിനകം ഒഴുകി പോയി. എം വി രാഘവന്റെ പാര്‍ട്ടിയായ സി എം പി ഇടതുമുന്നണിയില്‍ ചേരുകയും ഇപ്പോള്‍ പാര്‍ട്ടി തന്നെ സി പി എമ്മില്‍ ലയിക്കുകയും ചെയ്തിരിക്കുകയാണ്. കമ്യൂണിസ്റ്റ് ഏകീകരണം എന്ന എം വി ആറിന്റെ അഭിപ്രായത്തെ മാനിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

ബി ജെ പിയുടെയും വര്‍ഗീയ ശക്തികളുടെയും കടന്നാക്രമണങ്ങള്‍ ഇന്ന് ന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്ന് തന്നെ ആട്ടിപ്പായിക്കുന്ന സ്ഥിതിയിലേയ്ക്ക് വരെ എത്തിയിരിക്കുകയാണ്. പുതിയ പൗരത്വ ബില്‍ ഇതാണ് വെളിവാക്കുന്നത്. രാജ്യമില്ലാത്തവരായി ന്യൂനപക്ഷങ്ങളെ മാറ്റുക തന്നെയാണ് ബി ജെ പിയുടെ ആത്യന്തികമായ ലക്ഷ്യവും. എം വി രാഘവനെ പോലെയുള്ള കറകളഞ്ഞ മനുഷ്യസ്‌നേഹികളായ കമ്യൂണിസ്റ്റുകാരാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. എം വി ആറില്‍ നിന്നും രാഷ്ട്രീയ കേരളത്തിന് വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ട്. രാജ്യത്തെ കമ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സഖാവ് എം വി ആര്‍ എന്നും ഒരു മാതൃകയായിരിക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല.

(ലേഖകന്‍ എം വി രാഘവനോടൊപ്പം സി എം പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ഫോണ്‍ : 9847132428, ഇ-മെയില്‍: advgsugunan@gmail.com)

Categories: FK Special, Slider
Tags: MV Raghavan