മെഴ്‌സേഡസ് ബെന്‍സ് വി-ക്ലാസ് എലൈറ്റ് അവതരിപ്പിച്ചു

മെഴ്‌സേഡസ് ബെന്‍സ് വി-ക്ലാസ് എലൈറ്റ് അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 1.10 കോടി രൂപ

മെഴ്‌സേഡസ് ബെന്‍സ് വി-ക്ലാസ് ആഡംബര മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ (എംപിവി) എലൈറ്റ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.10 കോടി രൂപയാണ് പുതിയ ടോപ് വേരിയന്റിന് ഇന്ത്യ എക്‌സ് ഷോറൂം വില. എക്‌സ്‌പ്രെഷന്‍, എക്‌സ്‌ക്ലുസീവ് വേരിയന്റുകളാണ് ഇതുവരെ ഇന്ത്യയില്‍ ലഭിച്ചിരുന്നത്. ലോംഗ് വീല്‍ബേസ് 6 സീറ്റര്‍ ഓപ്ഷനില്‍ മാത്രമാണ് എലൈറ്റ് വേരിയന്റ് ലഭിക്കുന്നത്. നിലവിലെ കളര്‍ ഓപ്ഷനുകള്‍ കൂടാതെ, സ്റ്റീല്‍ ബ്ലൂ, സെലനൈറ്റ് ഗ്രേ, ഗ്രാഫൈറ്റ് ഗ്രേ എന്നീ മൂന്ന് പുതിയ നിറങ്ങളിലും മെഴ്‌സേഡസ് ബെന്‍സ് വി-ക്ലാസ് എലൈറ്റ് ലഭിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 11 സെക്കന്‍ഡ് മതി.

ഏതാനും സ്റ്റൈലിംഗ് പരിഷ്‌കാരങ്ങളോടെയാണ് പുതിയ വേരിയന്റ് വരുന്നത്. കൂടുതല്‍ പ്രാധാന്യം തോന്നിപ്പിക്കുന്ന ഇരട്ട അഴികളോടെ പുതുക്കിയ ഗ്രില്‍ ഇപ്പോള്‍ കാണാം. ഹെഡ്‌ലാംപുകളും ചെറുതായി പരിഷ്‌കരിച്ചു. അകലമുള്ള മെഷ് ഗ്രില്ലോടുകൂടിയ കൂടുതല്‍ സ്‌പോര്‍ട്ടിയായ പുതിയ ബംപര്‍ നല്‍കിയിരിക്കുന്നു. വശങ്ങളില്‍ പുതിയ അലോയ് വീലുകളും മറ്റുചില ചെറിയ മാറ്റങ്ങളും കാണാം. ഓപ്ഷണല്‍ പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകള്‍ എന്നിവയാണ് മറ്റ് വിശേഷങ്ങള്‍.

തിരുമ്മുചികിത്സ, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയുള്ള ആഡംബര സീറ്റുകള്‍, 15 സ്പീക്കറുകള്‍ സഹിതം 640 വാട്ട് ബര്‍മസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിന് ‘കമാന്‍ഡ്’ ഓണ്‍ലൈന്‍ ഇന്റര്‍ഫേസ്, ആംബിയന്റ് ലൈറ്റിംഗ്, സെന്റര്‍ കണ്‍സോളില്‍ ശീതീകരണ അറ എന്നിവയാണ് വാഹനത്തിനകത്തെ സവിശേഷതകള്‍. സില്‍ക്ക് ഇളം തവിട്ടു നിറം/കറുപ്പ് അപ്‌ഹോള്‍സ്റ്ററി നല്‍കിയിരിക്കുന്നു.

ഹുഡിന് കീഴെ പുതിയ എന്‍ജിനാണ് എലൈറ്റ് വേരിയന്റിന് കരുത്തേകുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 161 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മെഴ്‌സേഡസ് ബെന്‍സിന്റെ 9ജി-ട്രോണിക് ട്രാന്‍സ്മിഷന്‍ (9 സ്പീഡ് ഓട്ടോമാറ്റിക്) എന്‍ജിനുമായി ചേര്‍ത്തുവെച്ചു. അറ്റന്‍ഷന്‍ അസിസ്റ്റ്, ആക്റ്റീവ് പാര്‍ക്ക് സിസ്റ്റം സഹിതം 360 ഡിഗ്രി കാമറ, ആറ് എയര്‍ബാഗുകള്‍, പ്രീ-സേഫ് പാക്കേജ് എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍. സസ്‌പെന്‍ഷന്‍ സംവിധാനവും പരിഷ്‌കരിച്ചു. സ്റ്റാന്‍ഡേഡ് 17 ഇഞ്ച് അലോയ് വീലുകള്‍ കൂടാതെ ഓപ്ഷണലായി 18 ഇഞ്ച് അലോയ് വീലുകളും ലഭിക്കും.

Categories: Auto