കെടിഎം 250 അഡ്വഞ്ചര്‍ വിപണിയിലേക്ക്

കെടിഎം 250 അഡ്വഞ്ചര്‍ വിപണിയിലേക്ക്

കെടിഎമ്മിന്റെ ഏറ്റവും ചെറിയ അഡ്വഞ്ചര്‍ മോഡല്‍ അനാവരണം ചെയ്തു

വിയന്ന: കെടിഎമ്മിന്റെ ഏറ്റവും ചെറിയ അഡ്വഞ്ചര്‍ മോഡലായ 250 അഡ്വഞ്ചര്‍ അനാവരണം ചെയ്തു. മോട്ടോര്‍സൈക്കിള്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തും. ഈ വര്‍ഷത്തെ ഐക്മയില്‍ അനാവരണം ചെയ്ത 390 അഡ്വഞ്ചര്‍ പോലെ 250 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളും ഇന്ത്യയില്‍ നിര്‍മിക്കും. അടുത്ത മാസം ഇന്ത്യയില്‍ അരങ്ങേറിയേക്കും. 390 അഡ്വഞ്ചര്‍, 250 അഡ്വഞ്ചര്‍ ബൈക്കുകള്‍ ഒരേസമയം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 തുടക്കത്തില്‍ ഡെലിവറി ആരംഭിക്കും. രണ്ട്-രണ്ടര ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. ബജറ്റ് തുകയില്‍ അഡ്വഞ്ചര്‍, ഓഫ്‌റോഡ് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെടിഎം 250 അഡ്വഞ്ചര്‍ ഒരു അവസരമാണ്.

390 അഡ്വഞ്ചര്‍, 250 അഡ്വഞ്ചര്‍ മോഡലുകള്‍ തമ്മില്‍ നിരവധി വാഹനഘടകങ്ങള്‍ പങ്കുവെയ്ക്കുന്നു. എന്നാല്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ ഹാലൊജന്‍ ബള്‍ബ് ഉള്‍പ്പെടുന്ന ഹെഡ്‌ലാംപ്, പുതിയ പെയിന്റ് സ്‌കീം എന്നിവ വ്യത്യാസങ്ങളാണ്. 390 അഡ്വഞ്ചര്‍ ബൈക്കിന്റെ 14.5 ലിറ്റര്‍ കൊള്ളുന്ന അതേ ഇന്ധന ടാങ്ക് നല്‍കിയിരിക്കുന്നു. ഇരു ബൈക്കുകളുടെയും ഗ്രൗണ്ട് ക്ലിയറന്‍സ് ഒന്നുതന്നെ. 200 എംഎം. സീറ്റ് ഉയരത്തിലും രണ്ട് ബൈക്കുകളും സമാനത പുലര്‍ത്തുന്നു. 855 എംഎം.

എന്നാല്‍ കെടിഎം 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്ന ഡബ്ല്യുപിയുടെ ക്രമീകരിക്കാവുന്ന യുഎസ്ഡി ഫോര്‍ക്കുകള്‍, മോണോഷോക്ക് എന്നിവ 250 അഡ്വഞ്ചര്‍ ബൈക്കില്‍ നല്‍കിയില്ല. റൈഡ് ബൈ വയര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ രണ്ട് ബൈക്കുകള്‍ക്കും ലഭിച്ചില്ല. എന്നാല്‍ 250 അഡ്വഞ്ചര്‍ ബൈക്കില്‍ ഓഫ്‌റോഡ് മോഡിന് ഡുവല്‍ ചാനല്‍ എബിഎസ് സവിശേഷതയായിരിക്കും. മുന്നില്‍ 320 എംഎം സിംഗിള്‍ ഡിസ്‌ക്കും പിന്നില്‍ 230 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് നിര്‍വഹിക്കും.

കെടിഎം 250 ഡ്യൂക്ക് ഉപയോഗിക്കുന്ന അതേ 248.8 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കെടിഎം 250 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. പവര്‍ കണക്കുകളിലും മാറ്റമില്ല. 29 ബിഎച്ച്പി കരുത്തും 24 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 156 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഡ്രൈ വെയ്റ്റ്. 250 ഡ്യൂക്കിനേക്കാള്‍ 7 കിലോഗ്രാം കൂടുതല്‍.

Comments

comments

Categories: Auto
Tags: KTM 250