വളര്‍ച്ച താഴേക്കെന്ന് മൂഡീസ് ഇപ്പോഴും ശക്തമെന്ന് സര്‍ക്കാര്‍

വളര്‍ച്ച താഴേക്കെന്ന് മൂഡീസ് ഇപ്പോഴും ശക്തമെന്ന് സര്‍ക്കാര്‍
  • ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം മൂഡീസ് സ്‌റ്റേബിളില്‍ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തി
  • ഗ്രാമീണ ഞെരുക്കം, തൊഴിലില്ലായ്മ, എന്‍ബിഎഫ്‌സി പ്രതിസന്ധി എന്നിവ തിരിച്ചടി
  • ശക്തമായ വളര്‍ച്ച രാജ്യം ഇപ്പോഴും ഉറപ്പാക്കുന്നെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാനങ്ങള്‍ ഇപ്പോഴും ശക്തമാണ്, പണപ്പെരുപ്പം നിയന്ത്രണ വിധേയം. ലോകത്തിലെ അതിവേഗതയില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി രാജ്യം തുടരുന്നു. ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പല നയപരമായ തീരുമാനങ്ങളും കൈകൊണ്ടിട്ടുണ്ട്. ഈ നടപടികള്‍ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് ശുഭ പ്രതീക്ഷ നല്‍കുകയും നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യും

-ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴേക്ക് ഇടിയുന്നതായി ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ്. രാജ്യത്തിന്റെ സമ്പത്തിക വളര്‍ച്ചാ പ്രവചനം, സന്തുലിതമായ വളര്‍ച്ചയെ സൂചിപ്പിക്കുന്ന ‘സ്റ്റേബിളി’ല്‍ നിന്ന് വളര്‍ച്ച താഴേക്കെന്ന് സൂചിപ്പിക്കുന്ന ‘നെഗറ്റീവി’ലേക്കാണ് റേറ്റിംഗ് ഏജന്‍സി കുറച്ചിരിക്കുന്നത്. മാന്ദ്യം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കുന്നു. അതേ സമയം ഇന്ത്യയുടെ വിദേശ, ആഭ്യന്തര കറന്‍സി റേറ്റിംഗ് ബിഎഎ2 വില്‍ തന്നെ മൂഡീസ് നിലനിര്‍ത്തിയിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ നയങ്ങളുടെ കാര്യക്ഷമതയില്ലായ്മയും തല്‍ഫലമായി കടബാധ്യത വര്‍ധിച്ചതുമാണ് തിരിച്ചടിക്ക് കാരണമായി ഏജന്‍സി ചൂണ്ടികാണിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാന്ദ്യത്തിന്റെ ആഴവും കാലയളവും കുറയ്ക്കാന്‍ സഹായകമാകുന്നുണ്ട്. എന്നാല്‍ ഗ്രാമീണ മേഖലയിലെ സുദീര്‍ഘമായ സാമ്പത്തിക ഞെരുക്കം, തൊഴിലില്ലായ്മ, എന്‍ബിഎഫ്‌സി പ്രതിസന്ധി എന്നിവ മാന്ദ്യം ശക്തമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നെന്ന് മൂഡീസ് ചൂണ്ടിക്കാട്ടുന്നു.

മൂഡീസ് തള്ളിപ്പറഞ്ഞെങ്കിലും അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും ഇന്ത്യയുടെ വളര്‍ച്ചയെ അടുത്തിടെ പിന്തുണച്ചിരുന്നു. അന്താരാഷ്ട്ര നാണ്യ നിധിയുടെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്, വളര്‍ച്ച നേടാനുള്ള ഇന്ത്യയുടെ ക്ഷമതയില്‍ മാറ്റം വന്നിട്ടില്ലെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 6.1% വളര്‍ച്ച കൈവരിക്കുമെന്നുമാണ് വിലയിരുത്തിയത്. 2020 ഓടെ ജിഡിപി വളര്‍ച്ച ഏഴു ശതമാനമാകുമെന്നും ഐഎംഎഫ് പ്രവചിച്ചിട്ടുണ്ട്.

കാര്യമാക്കാതെ വിപണി

മൂഡീസിന്റെ റിപ്പോര്‍ട്ട് കാര്യമായി എടുക്കേണ്ടതില്ലെന്ന പൊതുവികാരത്തില്‍ ഇന്ത്യന്‍ വിപണി. ഇക്വിറ്റികള്‍ ഭാവി പ്രതീക്ഷകളെയാണ് ആധാരമാക്കുന്നത്. അതേസമയം ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ കഴിഞ്ഞുപോയ സംഭവങ്ങളെ അടിസ്ഥാമാക്കിയതാണ്. മികച്ച മണ്‍സൂണ്‍, ആത്മവിശ്വാസം പകരുന്ന കോര്‍പ്പറേറ്റ് ഫലങ്ങള്‍, വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് എന്നിവ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും മോശം കാലഘട്ടം കടന്നുപോയെന്ന് വ്യക്തമാക്കുന്നു. അതിനാല്‍ ഭീതി വേണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയെ സംബന്ധിച്ച മൂഡീസിന്റെ കാഴ്ചപ്പാടില്‍ സ്ഥിരതയില്ലെന്നും ആഗോള തലത്തില്‍ തന്നെ സാഹചര്യങ്ങള്‍ മെച്ചപ്പെടാനാരംഭിച്ചിട്ടുണ്ടെന്നും ഐഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ ഗവേഷണ മേധാവിയായ ധനഞ്ജയ് സിന്‍ഹ അഭിപ്രായപ്പെട്ടു. ഇക്വിണോമിക്‌സിന്റെ എംഡിയായ ജി ഗോക്കിംഗ്‌ലാമും ഇതിനോട് യോജിക്കുന്നു.

Categories: FK News, Slider