പക്ഷാഘാത സൂചനകള്‍ അവഗണിക്കരുത്

പക്ഷാഘാത സൂചനകള്‍ അവഗണിക്കരുത്

പക്ഷാഘാതത്തിന്റെ സൂചനകള്‍ അവഗണിക്കുന്നതാണ് പലര്‍ക്കും അപകടകരമായ രീതിയില്‍ അസുഖം ബാധിക്കാന്‍ കാരണമെന്ന് മൈത്ര ആശുപത്രി ന്യൂറോസയന്‍സസ്് കേന്ദ്രത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വി. വി അഷറഫ് പറയുന്നു. അസാധാരണമായ എന്തെങ്കിലും ലക്ഷണങ്ങളുണ്ടായാല്‍ കാത്തുനില്‍ക്കരുത്. ശരീരത്തെ ശ്രദ്ധിക്കുകയും ലക്ഷണങ്ങളെ വിശ്വസിക്കുകയും ചെയ്യണമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടെങ്കില്‍ ഉടനെ പ്രൊഫഷണല്‍ സഹായം തേടുകയും വേണം.

ശരീരത്തിന്റെ ഒരുവശത്തെ ബലഹീനത, മുഖത്തിന്റെ മരവിപ്പ്, അസാധാരണവും കഠിനവുമായ തലവേദന, കാഴ്ച നഷ്ടം, അസ്ഥിരമായ നടത്തം തുടങ്ങിയവയെല്ലാം സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. കുടുംബത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും സ്‌ട്രോക്ക് വന്നിട്ടുണ്ടെങ്കില്‍ അസുഖം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ രോഗത്തെ കുറിച്ച് അറിയാനായാല്‍ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കുറക്കാനാവും. ഏതെങ്കിലുമൊരു കാര്യം സ്‌ട്രോക്കിനുള്ള സാധ്യത കൂട്ടുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഡോ. വി വി അഷറഫ് പറയുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ പക്ഷാഘാതസാധ്യത ഇരട്ടിയാകും. രക്തസമ്മര്‍ദ്ദം 135/85 ആയി നിലനിര്‍ത്തുന്നതാണ് അഭികാമ്യം. ഭക്ഷണത്തിലെ ഉപ്പുകുറക്കുക, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കല്‍, പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക, മത്സ്യം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴിക്കുക, ദിവസവും അരമണിക്കൂറെങ്കിലും വ്യായാം ചെയ്യുക എന്നിവയെല്ലാം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്. അമിത ഭാരം കുറക്കുകയെന്നതാണ് രണ്ടാമത്തെ വഴി. നടത്തം, ഗോള്‍ഫ്, ടെന്നീസ് തുടങ്ങിയവയിലൂടെ വ്യായാമത്തിന്റെ അളവ് വര്‍ധിപ്പിക്കാവുന്നതാണ്. ശരീരഭാരം കുറക്കുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും പുറമേ സ്‌ട്രോക്ക് സാധ്യത കുറക്കുന്നതിനും വ്യായാമം ഉപകാരപ്പെടും. ശ്വാസം വിടാന്‍ ബുദ്ധിമുട്ടുണ്ടാവുകയും എന്നാല്‍ നടക്കാന്‍ സാധിക്കുകയും ചെയ്യുന്നതുവരെ വ്യായാമം ചെയ്യണം. ലിഫ്റ്റിനു പകരം ഏണിപ്പടികള്‍ ഉപയോഗിക്കുകയുമാകാം. തുടര്‍ച്ചയായി അരമണിക്കൂര്‍ വ്യായാമത്തിന് സാധിക്കുന്നില്ലെങ്കില്‍ രണ്ടു തവണ 15 മിനുട്ട് വീതമാക്കുകയും ചെയ്യാം. മദ്യപാനശീലം ഉപേക്ഷിക്കുക, അതിന് സാധിക്കുന്നില്ലെങ്കില്‍ അളവ് തീരെ പരിമിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. പുകവലിയും ഇത്തരത്തില്‍ ഉപേക്ഷിക്കേണ്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് അത് നിരീക്ഷിക്കുകയും വേണം.

Comments

comments

Categories: Health
Tags: Paralysis