ഭൂമിയെ സംരക്ഷിക്കേണ്ടത് സകലരുടെയും ചുമതല

ഭൂമിയെ സംരക്ഷിക്കേണ്ടത് സകലരുടെയും ചുമതല

അമേരിക്കയുടെ മൂല്യങ്ങളും ഫ്യൂച്ചറിസ്റ്റിക് ആശയവുമാണ് ട്രംപ് ചവറ്റുകൊട്ടയിലെറിഞ്ഞിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകുകയാണ്

ഹരിതരാഷ്ട്രീയം മറ്റെന്നത്തേക്കാളും പ്രസക്തമാകേണ്ട, അനിവാര്യമാകുന്ന ഈ കാലഘട്ടത്തില്‍ ലോകശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ ഭരണാധികാരി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വിനാശകരമായി പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്‍വലിയുന്നതിനായുള്ള ഔപചാരിക നടപടിക്രമങ്ങള്‍ക്ക് യുഎസ് തുടക്കമിട്ടത്. 2020 നവംബര്‍ നാലോടെ ഇത് പൂര്‍ത്തിയാകും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലോകത്ത് നിലവിലുള്ള ഏക (പ്രധാന) അന്താരാഷ്ട്ര ഉടമ്പടിയില്‍ നിന്നാണ് അമേരിക്ക പോലുള്ളൊരു വലിയ രാജ്യം പിന്‍വലിഞ്ഞിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നു ഇത്. ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് സ്വാഭാവികമായും ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തം കൂടുന്നു.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള ശരാശരി താപനിലയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന കൂടി ഉണ്ടായാല്‍ ഭൂമിയില്‍ പിന്നെ സകലര്‍ക്കും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമേ പറയാനുണ്ടാകൂവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ തലവനായിരുന്ന ബാന്‍ കീ മൂണ്‍ ട്രംപിന്റെ ബുദ്ധിശൂന്യമായ തീരുമാനത്തോട് പ്രതികരിച്ചത്.

പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ അമേരിക്കന്‍ തീരുമാനം ലോകത്തോടുള്ള വെല്ലുവിളി കൂടിയാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നവരെയും അമേരിക്കന്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെയും എല്ലാം അല്‍ഭുതപ്പെടുത്തിയായിരുന്നു 2017 ജൂണില്‍ പാരിസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങള്‍ക്കാണ് പാരിസ് ഉടമ്പടിയില്‍ നിന്നും കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്നും യുഎസിനോട് നീതി പുലര്‍ത്താത്തതാണ് കരാര്‍ എന്നും ആരോപിച്ചായിരുന്നു ട്രംപിന്റെ പിന്മാറല്‍ പ്രഖ്യാപനം.

കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളായ ചൈനയ്ക്കും ഇന്ത്യക്കും കരാര്‍ ഇളവുകള്‍ അനുവദിക്കുകയാണെന്നും കൂടുതല്‍ വിദേശ സഹായം ലഭിക്കുന്നതിനായാണ് ഇന്ത്യ കരാറിന്റെ ഭാഗമായതെന്നും ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം വാസ്തവ വിരുദ്ധവും കണ്ണടച്ച് ഇരുട്ടാക്കുന്ന പോലുള്ള നിലപാടുകളുമായിരുന്നു.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കാനുമുള്ള പാരിസ് ഉടമ്പടി കാലാവസ്ഥ വ്യതിയാനം തടയാനുള്ള ലോകരാജ്യങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ആഗോള താപനത്തിലെ വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ പിടിച്ചുനിര്‍ത്തുക എന്നതായിരുന്നു 187 രാജ്യങ്ങള്‍ അംഗീകരിച്ച കരാറിന്റെ മുഖ്യലക്ഷ്യം.

ലോകത്ത് ആദ്യമായിട്ടായിരുന്നു കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ ഇത്തരമൊരു സമഗ്ര മുന്നേറ്റമുണ്ടായത്. എന്നാല്‍ ഇതില്‍ നിന്നും അമേരിക്ക പോലൊരു പ്രമുഖ രാജ്യം പിന്‍മാറിയ നടപടി പരക്കെ വിമര്‍ശിക്കപ്പെട്ടു. ട്രംപിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സിഇഒ ഇലോണ്‍ മസ്‌ക് പ്രസിഡന്റിന്റെ രണ്ട് ബിസിനസ് ഉപദേശക കൗണ്‍സിലുകളില്‍ നിന്നും പുറത്തുപോയിരുന്നു. പ്രമുഖരായ നിരവധി സംരംഭകരും ട്രംപിനെതിരെ രംഗത്തുവന്നു. ട്രംപ് തീരുമാനം പുനപരിശോധിക്കുമെന്ന പ്രതീക്ഷ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. ഔപചാരിക നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെ അത് പൂര്‍ണമായും ഇല്ലാതായി. വരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് തന്നെ അധികാരത്തിലേറിയാല്‍ ഉടമ്പടിയില്‍ വീണ്ടും ചേരുന്നതിനെ കുറിച്ച് അമേരിക്ക ആലോചിക്കുകയേ ഇല്ലെന്നും സുവ്യക്തമാണ്.

പുതിയ സാഹചര്യത്തില്‍ ഇന്ത്യക്കും ചൈനയ്ക്കും ഉത്തരവാദിത്തം കൂടുകയാണ്. സംശുദ്ധ ഊര്‍ജ സ്രോതസുകള്‍ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ ഇന്ത്യ ഇതിനോടകം സജീവമാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ പ്രധാന ഓഫീസിന്റെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചുള്ള ഗാന്ധി സോളാര്‍ പാര്‍ക്ക് തന്റെ യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയുണ്ടായി. 193 അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ച് 193 സോളാര്‍ പാനലുകളോടെയാണ് ഈ സംവിധാനം ഒരു ദശലക്ഷം ഡോളര്‍ മുതല്‍മുടക്കില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ലോകം സംശുദ്ധ ഊര്‍ജസ്രോതസുകളിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നു ഇത്. 50 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാര്‍ക്കിന് 30,000 കിലോ കല്‍ക്കരി ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുതി ഉണ്ടാക്കാന്‍ സാധിക്കും. സമാനമായ മുന്നേറ്റങ്ങള്‍ വിവിധ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ലോകത്തിന് മുഴുവന്‍ മാതൃക തീര്‍ക്കുന്നു. എന്തായാലും ഇനിയൊരു തവണ കൂടി ട്രംപ് അധികാരത്തിലേറാതിരിക്കുന്നതാണ് അമേരിക്കയുടെ ഭാവിക്ക് ഉചിതമെന്ന് സ്വപ്രവൃത്തികളാലേ ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം.

Categories: Editorial, Slider