ബിഎസ് 6 ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് വിപണിയില്‍

ബിഎസ് 6 ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് വിപണിയില്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 64,900 രൂപ

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചു. 64,900 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ മോഡലിനേക്കാള്‍ ഏകദേശം 8,000 രൂപ കൂടുതല്‍. ഇന്ത്യയിലെ ആദ്യ ബിഎസ് 6 മോട്ടോര്‍സൈക്കിളാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്. ഈ വര്‍ഷം ജൂണിലാണ് മോട്ടോര്‍സൈക്കിളിന് ബിഎസ് 6 സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഹോണ്ട സിഡി 110, ടിവിഎസ് റേഡിയോണ്‍ എന്നിവയാണ് പ്രധാന എതിരാളികള്‍.

113 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബിഎസ് 6 പാലിക്കുന്ന ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 9.1 ബിഎച്ച്പി കരുത്തും 9.89 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഇതിനുമുമ്പ് ബിഎസ് 4 പാലിക്കുന്ന 109 സിസി എന്‍ജിനാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഉപയോഗിച്ചിരുന്നത്. പുറപ്പെടുവിച്ചത് 9.6 ബിഎച്ച്പി. ഹീറോ മോട്ടോകോര്‍പ്പിന്റെ ഐ3എസ് സാങ്കേതികവിദ്യ മോട്ടോര്‍സൈക്കിളില്‍ തുടരും.

18 ഇഞ്ച് സ്റ്റീല്‍ വീലുകളിലാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഓടുന്നത്. മോട്ടോര്‍സൈക്കിളിന്റെ വീല്‍ബേസ് 36 എംഎം, ഗ്രൗണ്ട് ക്ലിയറന്‍സ് 15 എംഎം എന്നിങ്ങനെ വര്‍ധിച്ചിരിക്കുന്നു. ഇപ്പോള്‍ യഥാക്രമം 1,270 എംഎം, 180 എംഎം. 799 മില്ലി മീറ്ററാണ് സീറ്റ് ഉയരം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നിലെ സസ്‌പെന്‍ഷന്‍ ഇപ്പോള്‍ 15 എംഎം അധികം ട്രാവല്‍ ചെയ്യും. മുന്നില്‍ 240 എംഎം ഡിസ്‌ക്, പിന്നില്‍ 130 എംഎം ഡ്രം എന്നിവയാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. 9.5 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 116 കിലോഗ്രാമാണ് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ ഭാരം.

Comments

comments

Categories: Auto