മെഗാ ഷോപ്പിംഗ്; 37 ബില്യണ്‍ ഡോളര്‍ വില്‍പ്പന പ്രതീക്ഷിച്ച് ആലിബാബ

മെഗാ ഷോപ്പിംഗ്; 37 ബില്യണ്‍ ഡോളര്‍ വില്‍പ്പന പ്രതീക്ഷിച്ച് ആലിബാബ
  • ഇത്തവണ പത്തു ലക്ഷം പുതിയ ഉല്‍പ്പന്നങ്ങള്‍
  • 17,000 ല്‍ പരം ബ്രാന്‍ഡുകള്‍ ലൈവ് സ്ട്രീമിംഗ് തുടങ്ങി
  •  കാറുകള്‍ മുതല്‍ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ക്കു വരെ ആകര്‍ഷക ഓഫര്‍

ബെയ്ജിംഗ്: ആലിബാബയുടെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം തുടങ്ങാന്‍ ഇനി വെറും രണ്ടു ദിനം കൂടി. നവംബര്‍ 11, വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ ആഘോഷദിനമാണ്. ചൈനക്കാര്‍ വിപുലമായി അഘോഷിക്കുന്ന ഈ ദിനത്തെ എല്ലാ വര്‍ഷവും ആലിബാബയുടെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റും ആകര്‍ഷണീയമാക്കാറുണ്ട്. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബയുടെ നേതൃത്വത്തില്‍ നടക്കുന്ന മെഗാ ഷോപ്പിംഗ് ദിനത്തില്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ മുതല്‍ കാറുകള്‍ക്ക് വരെ വന്‍പിച്ച ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

2009 മുതലാണ് സിംഗിള്‍സ് ഡേയില്‍ ആലിബാബ ആദ്യമായി ഷോപ്പിംഗ് പരിപാടി അവതരിപ്പിച്ചത്. വന്‍ തോതിലുള്ള ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് തുടക്കമിട്ട ഷോപ്പിംഗില്‍ ആലിബാബ പ്ലാറ്റ്‌ഫോമില്‍ 7.8 ദശലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് വിറ്റഴിയപ്പെട്ടത്. ഓരോ വര്‍ഷവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു മുന്നേറിയ പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം 30 ബില്യണ്‍ ഡോളറിനു മേലെ തുകയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിഞ്ഞു. ചൈനീസ് ടെക് ഭീമന്റെ വില്‍പ്പനയിലെ റെക്കോര്‍ഡും ഇതു തന്നെ. ഈ മാസം 11 ന് നടക്കുന്ന സിംഗിള്‍സ് ഡേ ഷോപ്പിംഗ് ഇവന്റില്‍ 37 ബില്യണ്‍ ഡോളര്‍ വില്‍പ്പന നേടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ചൈനയിലെ മാന്ദ്യവും നിലവിലെ യുഎസ്-ചൈന വ്യാപാര യുദ്ധവും വിപണിയിലെ കിടമല്‍സരവും മറ്റും ഷോപ്പിംഗിലെ വില്‍പ്പനയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടി ആകാതിരിക്കാന്‍ ആലിബാബ കൂടുതല്‍ ഉല്‍പ്പന്ന വിഭാഗങ്ങളിലേക്ക് ഡിസ്‌കൗണ്ട് ഓഫറുകള്‍ വ്യാപിച്ചിപ്പിച്ചിട്ടുണ്ട്.

ആലിബാബ സിംഗിള്‍സ് ഡേയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനൊപ്പം ആകര്‍ഷകമായി പരിപാടികളും അവതരിപ്പിക്കാറുണ്ട്. നവംബര്‍ 11 അര്‍ദ്ധരാത്രിയോടൊണ് പരിപാടികളും അവസാനിക്കുക. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ഗായികയും നടിയും സംരംഭകയുമായ മരിയ കെയറി നയിച്ച എന്റര്‍ടെയ്ന്‍മെന്റ് ഷോ ഷോപ്പിംഗ് മാമാങ്കത്തിന് ഹരം പകര്‍ന്നു. ഈ വര്‍ഷം യുഎസ് പോപ്പ് സൂപ്പര്‍ താരം ടെയ്‌ലര്‍ സ്വിഫ്റ്റുമായാണ് ആലിബാബ കരാര്‍ ഒപ്പുവെച്ചരിക്കുന്നത്. ഓണ്‍ലൈന്‍ ചാനലിലൂടെ നടക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ഷോയ്ക്കിടയില്‍ ഇടയ്ക്കിടെ ഡിസ്‌കൗണ്ട് ഓഫറുകളുള്ള ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. പ്രേക്ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതിനായാണ് ഇത് അവതരിപ്പിക്കുക.

ചൈനീസ് ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ഷോപ്പിംഗിലെ പ്രധാന ഘടകമാണ് ലൈവ് സ്ട്രീമിംഗ്. ഇതില്‍ പ്രശസ്ത വ്യക്തികളും താരങ്ങളും മറ്റും ഓണ്‍ലൈനായി അവരുടെ ഫോളോവേഴ്‌സിനെ കുറിച്ചും അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രാന്‍ഡുകളെ കുറിച്ചും സംസാരിക്കും. ലൈവ് സ്ട്രീമിംഗിനിടയിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം നല്‍കുന്നുണ്ട്. ആലിബാബയുടെ താഓബാഓ, ടിസ്മാള്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനുള്ള ഫീച്ചറുകളുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കന്‍ നടിയും പ്രശസ്ത മോഡലുമായ കിം കര്‍ദാശിയാന്റെ ലൈവ് സ്ട്രീമിംഗില്‍ അവരുടെ ഇഷ്ട പെര്‍ഫ്യൂം ബ്രാന്‍ഡായ കെകെഡബ്ല്യൂ ആലിബാബയുടെ ടിസ്മാളില്‍ വില്‍പ്പനയ്ക്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. കമ്പനികള്‍ കാറുകള്‍ മുതല്‍ കോസ്‌മെറ്റിക്‌സ് ഉല്‍പ്പന്നങ്ങള്‍ വരെ ലൈവ് സ്ട്രീമിംഗിലൂടെയാണ് സിംഗിള്‍സ് ഡേയുടെ ഭാഗമായി ആലിബാബയിലുടെ വിറ്റഴിക്കുന്നത്.

സിംഗിള്‍സ് ഡേ ഷോപ്പിംഗിന് മുന്നോടിയായുള്ള പ്രീ-സെയില്‍സില്‍ 17,000 ല്‍ പരം ബ്രാന്‍ഡുകള്‍ ലൈവ് സ്ട്രീമിംഗ് ആരംഭിച്ചതായി ആലിബാബ അറിയിച്ചു. ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ ലൈവ്‌സ്ട്രീമിംഗ് ആദ്യ പത്ത് മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം ഓണ്‍ലൈന്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ചെറു വീഡിയോകളും പ്ലാറ്റ്‌ഫോമുകളില്‍ പ്രശസ്തമാണെങ്കിലും ലൈവ് സ്ട്രീമിംഗാണ് നിലവിലെ ട്രെന്‍ഡ്. ചിലപ്പോള്‍ കാഴ്ചക്കാര്‍ക്ക് എക്‌സ്‌ക്ലുസീവ് ഓഫറുകളും ഇതുവഴി ലഭ്യമാകും. മുപ്പത് മിനിട്ട് നീളുന്ന ലൈവ് സ്ട്രീമിംഗിനിടെ ലഭിക്കുന്ന എക്‌സ്‌ക്ലുസീവ് ഓഫറുകള്‍ കാഴ്ചക്കാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകാറുണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തവണ സിംഗിള്‍സ് ഡേ ആഘോഷത്തില്‍ പത്തു ലക്ഷം പുതിയ ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിഭാഗങ്ങളില്‍ ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര ഓട്ടോ ബ്രാന്‍ഡുകളും വില്‍പ്പനയ്ക്ക് എത്തും. ആലിബാബയുടെ ട്രാവല്‍ കമ്പനി ടോക്കിയോയില്‍ അടുത്ത വര്‍ഷം നടക്കുന്ന ഒളിംപിക്‌സിലേക്ക് പാക്കേജ് ടൂര്‍ ഓഫര്‍ ചെയ്യുമ്പോള്‍ ഡിസ്‌നി അവരുടെ ഷാംഗ്ഹായിലുള്ള തീം പാര്‍ക്കിലെത്തുന്നവര്‍ക്കായി ടിക്കറ്റില്‍ ഇളവുകള്‍ നല്‍കുന്നു.

ചൈനയില്‍ 60 ശതമാനത്തിലധികം ഉപഭോക്താക്കളും ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണ് വാങ്ങാറുള്ളതെന്ന് അടുത്തിടെ കണ്‍സള്‍ട്ടിംഗ് മാനേജേമെന്റ് സ്ഥാപനമായ ഒലിവര്‍ വിമന്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. ആലിബാബയുടെ ഷോപ്പിംഗ് മാമാങ്കത്തില്‍ പങ്കെടുക്കുന്ന രണ്ട് ലക്ഷം ബ്രാന്‍ഡുകളില്‍ 22,000 ഉല്‍പ്പന്നങ്ങളും 78 വിദേശ വിപണികളില്‍ നിന്നുള്ളവയാണെന്ന് ആലിബാബ അറിയിച്ചു. ഡിസംബര്‍ പാദം ആലിബാബയെ സംബന്ധിച്ചിടത്തോളം സിംഗിള്‍സ് ഡേയിലൂടെ വന്‍തോതിലുള്ള വരുമാനം നേടാനുള്ള അവസരം കൂടിയാണെന്നും വിപണി ഗവേഷകര്‍ വിലയിരുത്തുന്നു.

Comments

comments

Categories: Business & Economy
Tags: Alibaba