25,000 കോടിയുടെ ഹൗസിംഗ് പദ്ധതി; ഇതാ അറിയേണ്ടതെല്ലാം…

25,000 കോടിയുടെ ഹൗസിംഗ് പദ്ധതി; ഇതാ അറിയേണ്ടതെല്ലാം…

മുടങ്ങിക്കിടക്കുന്ന ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സഹായ വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങളും നിവാരണങ്ങളും…

ചെലവു കുറഞ്ഞതും ഇടത്തരം വരുമാനക്കാര്‍ക്ക് പ്രാപ്യവുമായ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുള്ള സാമ്പത്തിക പിന്തുണ മുന്‍ഗണനാ ക്രമത്തില്‍ ലഭ്യമാക്കാന്‍ ‘പ്രത്യേക ജാലകം’ രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗംതീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. പതിനായിരം കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് പണം മുടക്കുന്ന പങ്കാളിത്തമായിരിക്കും ഗവണ്‍മെന്റ് വഹിക്കുക.പദ്ധതിച്ചെലവും, വില്‍പ്പനയിലൂടെ ലഭിക്കാവുന്ന വരുമാനവും ഒത്തുനോക്കിയാല്‍ ലാഭകരമെന്ന് കണക്കാക്കാവുന്ന പദ്ധതികള്‍ക്കാണ് സഹായം.

ഈ പദ്ധതി സംബന്ധിച്ച് അറിയേണ്ട മുഴുവന്‍ കാര്യങ്ങളുമിതാ…

ഗവണ്‍മെന്റിനും, നിക്ഷേപം കൈകാര്യം ചെയ്യുന്നയാള്‍ക്കും ഈ പ്രത്യേക ജാലകത്തിലുള്ള പങ്ക് എന്താണ്?

2012ലെ സെബി (ഓള്‍ട്ടര്‍ണേറ്റ് ഇന്‍വെസ്റ്റ് ഫണ്ട്) ചട്ടങ്ങള്‍ പ്രകാരമുള്ള അധികാരത്തോടും ഉത്തരവാദിത്തത്തോടും കൂടി നിര്‍ദ്ദിഷ്ട തുക നല്‍കുക മാത്രമാണ് ഗവണ്‍മെന്റ് ചെയ്യുന്നത്. എന്നാല്‍ നിക്ഷേപം കൈകാര്യം ചെയ്യുന്നയാള്‍ക്ക് നിക്ഷേപം സ്വരൂപിക്കുക, നിക്ഷേപിക്കുക, നിക്ഷേപക സംഘത്തെ നിയന്ത്രിക്കുക എന്നീ ഉത്തരവാദിത്തങ്ങളുണ്ട്.

ഫണ്ടിന്റെ വലുപ്പം എന്തായിരിക്കും?

ചെലവു കുറഞ്ഞതും ഇടത്തരം വരുമാനക്കാര്‍ക്ക് പ്രാപ്യവുമായ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് 10,000 കോടി രൂപയാണ് ഗവണ്‍മെന്റ് നല്‍കുന്നത്. ബാങ്കുകള്‍, എല്‍ഐസി, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന തുകയുള്‍പ്പെടെ മൊത്തം 25,000 കോടി രൂപയാണ് തുടക്കത്തില്‍ മുടക്കുക.

ആരായിരിക്കും ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്?

പ്രത്യേക ജാലകത്തിനു കീഴിലുള്ള ആദ്യ എഐഎഫിനു വേണ്ടി എസ്ബിഐ ക്യാപ് വെഞ്ച്വേഴ്‌സ് ലിമിറ്റഡായിരിക്കും നിക്ഷേപം കൈകാര്യം ചെയ്യുക.

ഈ ഫണ്ടിന്റെ നിക്ഷേപകര്‍ ആരെല്ലാമായിരിക്കും?

പ്രത്യേക ജാലകത്തിനു കീഴില്‍ എഐഎഫ് രൂപീകരിക്കുന്ന നിധിയില്‍ ഗവണ്‍മെന്റില്‍ നിന്നും മറ്റ് സ്വകാര്യ നിക്ഷേപകരായ ധനികരായ സാമ്പത്തിക സ്ഥാപനങ്ങള്‍, സ്വര്‍ണ്ണ സമ്പാദ്യ നിക്ഷേപങ്ങള്‍, പൊതു-സ്വകാര്യ ബാങ്കുകള്‍, ഗാര്‍ഹിക പെന്‍ഷനും, പ്രോവിഡന്റ് ഫണ്ടുകളും, ആഗോള പെന്‍ഷനുകള്‍, നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുമാണ് ഫണ്ട് ശേഖരിക്കുന്നത്.

നിഷ്‌ക്രിയ ആസ്തി വിഭാഗത്തില്‍ പെട്ടവയും, കമ്പനി നിയമ ട്രിബ്യൂണലിന് കീഴിലുള്ളവയുമായ പദ്ധതികള്‍ക്ക് സഹായം ലഭിക്കുമോ?

ലഭിക്കും. ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തീര്‍ത്തും നഷ്ടത്തിലാവാത്ത വിധം ആസ്തിയുള്ള പദ്ധതികള്‍ക്കും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത പദ്ധതികള്‍ക്കും (നിഷ്‌ക്രിയ ആസ്തി വിഭാഗത്തില്‍ ഉള്‍പ്പെട്ടവയും, കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചവയും ഉള്‍പ്പെടെ) സഹായം ലഭിക്കും. എല്ലാ അപേക്ഷകളും നിയമോപദേശകരും നിലവിലെ വായ്പാദാതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷം നിക്ഷേപക സമിതി വിശദമായി പരിശോധിക്കും.

കമ്പനി നിയമ ട്രിബ്യൂണലിന്റെ പരിഗണനയിലുളള ഏത് തരം പദ്ധതികള്‍ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്?

കമ്പനി നിയമ ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള തീര്‍പ്പാക്കാത്തതും, നിരസിക്കാത്തതുമായ എല്ലാ പദ്ധതികള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും.

ഹൈക്കോടതികളുടേയും സുപ്രീംകോടതിയുടേയും പരിഗണന യിലിരിക്കുന്ന പദ്ധതികള്‍ക്ക് സഹായം ലഭിക്കുമോ?

ഇല്ല. പണമില്ലാത്തതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികള്‍ക്ക് സഹായം നല്‍കുന്നതിനാണ് ഊന്നല്‍.

നിക്ഷേപം നടത്തുമ്പോള്‍ പദ്ധതി തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്?

പദ്ധതിക്ക് വേണ്ടി നിക്ഷേപം നടത്തുമ്പോള്‍ താഴെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം:

പണത്തിന്റെ അഭാവത്താല്‍ ഉണ്ടാകുന്ന നിര്‍മ്മാണസ്തംഭനം

ഇടത്തരം വരുമാനവിഭാഗത്തില്‍ പെട്ടവരായിരിക്കണം

തീര്‍ത്തും നഷ്ടത്തിലാവാത്ത ആസ്തിയുള്ള പദ്ധതികള്‍ (കിട്ടാക്കട ഗണത്തില്‍ പെട്ടതോ, കമ്പനി നിയമ ട്രിബ്യൂണലിന്റെ പരിഗണനയിലുള്ളതോ ആയ പദ്ധതികള്‍.)

റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം

പൂര്‍ത്തീകരണം അടുത്ത പദ്ധതികള്‍ക്ക് മുന്‍ഗണന

ചെലവുകുറഞ്ഞ, ഇടത്തരം വരുമാന ഭവന പദ്ധതി എന്നാല്‍ എന്താണ് ?

200 ചതുരശ്ര മീറ്റര്‍ കവിയാത്ത ഭവന പദ്ധതികള്‍

മുംബൈയില്‍ ഒരു വീട് / ഫഌറ്റ് – 2 കോടി രൂപ വരെയോ അതില്‍ കുറവോ

ബംഗളുരു, അഹമ്മദാബാദ്, ചെന്നൈ, ദേശീയ തലസ്ഥാന മേഖല, ഹൈദരാബാദ്, പൂന- 1.5 കോടി രൂപ വരെയോ അതില്‍ കുറവോ.

മറ്റിടങ്ങളില്‍ ഒരു കോടി രൂപ വരെയോ അതില്‍ കുറവോ എന്നിങ്ങനെ പരമാവധി വില നിശ്ചയിച്ചിട്ടുള്ള പദ്ധതികള്‍ക്ക് സഹായം ലഭിക്കും.

നെറ്റ്‌വര്‍ത്ത് പോസിറ്റീവ് പദ്ധതി എന്നാല്‍ എന്താണ്?

പദ്ധതിച്ചെലവും വില്‍പ്പനയിലൂടെ ലഭിക്കാവുന്ന വരുമാനവും ഒത്തുനോക്കിയാല്‍ ലാഭകരമെന്ന് കണക്കാക്കാവുന്ന പദ്ധതികള്‍ക്കാണ് സഹായം ലഭിക്കുക.

വില്ല പദ്ധതികള്‍ക്ക് സഹായം ലഭിക്കുമോ?

200 ചതുരശ്ര മീറ്ററിന് താഴെയുള്ള ഏത് പദ്ധതിയ്ക്കും നഗരനിലവാരം അനുസരിച്ച് സഹായം ലഭിക്കും.

മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികളില്‍ എത്ര ശതമാനം ഇടത്തരം വരുമാന വിഭാഗത്തില്‍ പെടും?

മുടങ്ങിക്കിടക്കുന്ന 90 ശതമാനം പദ്ധതികളും ഇത്തരം വരുമാന വിഭാഗത്തില്‍ പെട്ടവയാണ്.

തിരഞ്ഞെടുക്കപ്പെടുന്ന മുടങ്ങിപ്പോയ പദ്ധതികളുടെ വായ്പകള്‍ പുനഃക്രമീകരിക്കുമോ?

റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ട ബാങ്കിന്റെ അംഗീകൃത നയങ്ങളും അനുസരിച്ചായിരിക്കും ഇത്.

പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ ധനസഹായത്തിനുള്ള നടപടികള്‍ എന്തൊക്കെയാണ്?

നിക്ഷേപം സംബന്ധിച്ച് ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ വിശദമായ പരിശോധന നടത്തും. ആവശ്യമായ രേഖകളുടെയെല്ലാം പരിശോധന പൂര്‍ത്തിയായാല്‍ സഹായവിതരണം ആരംഭിക്കും.

ഈ പദ്ധതിക്ക് കീഴില്‍ എത്ര പ്രോജക്റ്റുകള്‍ക്ക് സഹായം ലഭിക്കും?

ഭവന നിര്‍മ്മാണ മേഖലയുടെ അനുമാന പ്രകാരം ഏകദേശം 1509 ഭവന പദ്ധതികളിലായി 4.58 ലക്ഷത്തോളം ഭവന യൂണിറ്റുകളുടെ നിര്‍മ്മാണം മുടങ്ങിക്കിടക്കുകയാണ്. ഒരൊറ്റ പദ്ധതിക്ക് പരമാവധി 400 കോടി രൂപ വരെ സഹായം ലഭിക്കും.

ഫണ്ടിംഗ് യോഗ്യത

  • നെറ്റ്‌വര്‍ത്ത് പോസിറ്റിവ് പദ്ധതികളാണ് കണക്കിലെടുക്കുക
  • ചെലവും വില്‍പ്പനയിലൂടെ ലഭിക്കാവുന്ന വരുമാനവും ഒത്തുനോക്കിയാല്‍ ലാഭകരമെന്ന് കണക്കാക്കാവുന്ന പദ്ധതികളാണ് നെറ്റ്‌വര്‍ത്ത് പോസിറ്റിവ്
  • എന്‍സിഎല്‍ടി പദ്ധതികള്‍ പരിഗണിക്കും
  • 200 സ്‌ക്വയര്‍ കി.മീറ്റര്‍ വരെയുളള ഫഌറ്റുകളേ പരിഗണിക്കൂ
  • സുപ്രീം കോടതിയിലോ ഹൈകോടതികളിലോ കേസ് നിലവിലുളള പദ്ധതികള്‍ പരിഗണിക്കില്ല

Categories: FK Special, Slider