വോയിസ് കോളുകള്‍ക്കേര്‍പ്പെടുത്തിയ നിരോധനം യുഎഇ ഉടന്‍ പിന്‍വലിച്ചേക്കും

വോയിസ് കോളുകള്‍ക്കേര്‍പ്പെടുത്തിയ നിരോധനം യുഎഇ ഉടന്‍ പിന്‍വലിച്ചേക്കും

വാട്ട്‌സ്ആപ്പുമായി ധാരണയിലെത്തിയതായി ദേശീയ ഇലക്ട്രോണിക് സുരക്ഷ അതോറിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈറ്റി

അബുദാബി: വാട്ട്‌സ്ആപ്പുമായുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വാട്ട്‌സ്ആപ്പ് വോയിസ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യുഎഇ ഉടന്‍ പിന്‍വലിച്ചേക്കും. പല കാര്യങ്ങളിലും വാട്ട്‌സ്ആപ്പുമായി ധാരണയിലെത്തിയതായി യുഎഇയിലെ ദേശീയ ഇലക്ട്രോണിക് സുരക്ഷ അതോറിറ്റി(നേസ) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈറ്റി അറിയിച്ചു.

വോയിസ് ഓവര്‍ ഇന്റെര്‍നെറ്റ് പ്രോട്ടോക്കോള്‍(വിഒഐപി) കോളുകള്‍ക്ക് യുഎഇയില്‍ നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപകരമായി അംഗീകൃത വിഒഐപി ആപ്പുകളായ ബോട്ടിം, സിമെ, എച്ച്‌ഐയു മെസഞ്ചര്‍ എന്നിവയാണ് യുഎഇ നിവാസികള്‍ ഉപയോഗിച്ചിരുന്നത്.

വാട്ട്‌സ്ആപ്പുമായി നിലവിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും വിവിധ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സിഎന്‍ബിസി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് അല്‍ കുവൈറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി വാട്ട്‌സ് ആപ്പ് വോയിസ് കോളുകള്‍ക്കും അവരുടെ മറ്റ് ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങള്‍ക്കുള്ള നിരോധനം പിന്‍വലിച്ചേക്കും. ഇത് ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍(ടിആര്‍എ) നിന്നും ലഭിക്കുന്ന വിവരമെന്ന് കുവൈറ്റി വ്യക്തമാക്കി. വിഒഐപി സേവനം ലഭ്യമാക്കുന്നത് രാജ്യത്തെ അംഗീകൃത ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളായ ഡുവിന്റെയും എത്തിസലാതിന്റെയും തീരുമാനമാണെന്ന നിലപാടായിരുന്നു ടിആര്‍എയ്ക്ക് ഉണ്ടായിരുന്നത്.

സ്‌കൈപ്, ഫൈസ്‌ടൈം, വാട്ട്‌സ്ആപ്പ് എന്നിവ വഴിയുള്ള വോയിസ് കോളുകള്‍ അനുവദിക്കണമെന്ന് യുഎഇയിലെ ബിസിനസ് സമൂഹം അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ആശയവിനിമയ രംഗത്തടക്കം എല്ലാ മേഖലകളിലും ഒന്നാംസ്ഥാനത്തേക്ക് നീങ്ങുന്ന യുഎഇയില്‍ വിഒഐപി കോളുകള്‍ അനുവദിക്കണമെന്ന് അല്‍ ഹത്ബൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആയ ഖലഫ് അല്‍ ഹത്ബൂര്‍ അടക്കമുള്ള വ്യവസായികളാണ് ആവശ്യപ്പെട്ടത്.

സ്‌കൈപ്, ഫേസ്‌ടൈം എന്നിവയ്ക്കുള്ള നിരോധനം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ടിആര്‍എ മൈക്രോസോഫ്റ്റുമായും ആപ്പിളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് നേരത്തെ അറബിക് ദിനപത്രമായ അല്‍ ഇത്തിഹാദ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Comments

comments

Categories: Arabia