യുഎഇയില്‍ ഇസ്ലാമിക് ബാങ്കിംഗിന് പ്രചാരമേറുന്നു; ജനസ്വീകാര്യത 5 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്

യുഎഇയില്‍ ഇസ്ലാമിക് ബാങ്കിംഗിന് പ്രചാരമേറുന്നു; ജനസ്വീകാര്യത 5 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്
  • 5 വര്‍ഷത്തിനിടെ ഇസ്ലാമിക് ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനവ്
  • മുസ്ലീം ഇതര ഉപഭോക്താക്കളുടെ എണ്ണത്തിലും വന്‍ വര്‍ധനവ്

ദുബായ്: യുഎഇയില്‍ ഇസ്ലാമിക് ബാങ്കുകള്‍ക്ക് സ്വീകാര്യതയേറുന്നു. പ്രചാരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വളര്‍ച്ചയാണ് ഈ വര്‍ഷം രാജ്യത്തെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയ്ക്കുണ്ടായതെന്ന് എമിറേറ്റ്‌സ് ഇസ്ലാമികിന്റെ ‘ഇസ്ലാമിക് ബാങ്കിംഗ് സൂചിക’ വ്യക്തമാക്കുന്നു. ജനസ്വീകാര്യതയിലും ശെരിയ അധിഷ്ഠിത ബാങ്കിംഗ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിലും യുഎഇയില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് ഇസ്ലാമിക് ബാങ്കിംഗ് മേഖലയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുസ്ലീങ്ങള്‍ക്കിടയില്‍ മാത്രമല്ല മുസ്ലീം ഇതര വിഭാഗക്കാര്‍ക്കിടയിലും ഇസ്ലാമിക് ബാങ്കിംഗിന് പ്രചാരമേറുന്നുണ്ടെന്നും എമിറേറ്റ്‌സ് ഇസ്ലാമികിന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ ഇസ്ലാമിക് ബാങ്കിംഗ് സൂചിക പുറത്തിറക്കാന്‍ ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞത് ഈ വര്‍ഷമാണെന്നാണ് എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് പറയുന്നത്. സര്‍വേയില്‍ പ്രതികരിച്ച അഞ്ചില്‍ മൂന്നുപേരും കുറഞ്ഞത് ഒരു ശെരിയ അധിഷ്ഠിത ഉല്‍പ്പന്നമെങ്കിലും ഉപയോഗിക്കുന്നുണ്ട്. 2018ല്‍ 55 ശതമാനം പേരാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 60 ശതമാനമായി ഉയര്‍ന്നു. സാമ്പ്രദായിക ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും രണ്ട് ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും 2015ന് ശേഷം സാമ്പ്രാദായിക ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ ആകെ അഞ്ചുശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഇതേ കാലയളവില്‍ ഇസ്ലാമിക് ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇസ്ലാമിക് ബാങ്കുകളെ കുറിച്ചുള്ള കാഴ്ചപ്പാട് സമൂഹത്തില്‍ മെച്ചപ്പെട്ടുവരികയാണ്. ഇസ്ലാമിക് ബാങ്കുകള്‍ നല്ലതാണെന്ന അഭിപ്രായമുള്ളവരുടെ എണ്ണം 2018ലെ 35 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം 38 ശതമാനമായി ഉയര്‍ന്നത് ഇതിന് ഉദാഹരണമാണ്. 2015ന് ശേഷം ഇസ്ലാമിക് ബാങ്കുകളെ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 26 ശതമാനം ആളുകളാണ് 2015ല്‍ ഇസ്ലാമിക് ബാങ്കുകളെ അനുകൂലിച്ചിരുന്നത്.

സാങ്കേതിക വിദ്യ, ഉപഭോക്തൃ സേവനം എന്നീ മേഖലകളിലാണ് ഇസ്ലാമിക് ബാങ്കിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നത്. പക്ഷേ ഇസ്ലാമിക് ബാങ്കിംഗ് പദങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ അറിവിലും അവബോധത്തിലും 2015 മുതല്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് സമ്മതിക്കുന്നുണ്ട്. എങ്കിലും ‘തകഫുള്‍’ പോലെ ചില ഉല്‍പ്പന്നങ്ങളുടെ പേരുകള്‍ മാത്രം ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്.

അടുത്ത ആറുമാസത്തിനുള്ളില്‍ ഒരു ഇസ്ലാമിക് ബാങ്കിംഗ് ഉല്‍പ്പന്നത്തിന്റെ വരിക്കാരാകുമെന്ന് പറഞ്ഞവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാറ്റമൊന്നും ഉണ്ടായിട്ടില്ല. അഞ്ചില്‍ നാലുപേര്‍, അതായത് 80 ശതമാനം പേരാണ് ഉടന്‍ തന്നെ ഇസ്ലാമിക് ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് ശെരിയ അധിഷ്ഠിത ബാങ്കിംഗ് മേഖലയ്്ക്കുണ്ടായ പുരോഗതിയും വ്യാപനവുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൂടാതെ യുഎഇ ഉപഭോക്താക്കളുടെ ബാങ്കിംഗ് മേഖലയിലുള്ള താല്‍പ്പര്യങ്ങളും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ മാത്രമല്ല മുസ്ലീം ഇതര ഉപഭോക്താക്കള്‍ക്കിടയിലും ഇസ്ലാമിക് ബാങ്കിംഗ് മേഖല കൂടുതല്‍ ശക്തിപ്പെടുന്നുണ്ടെന്നുള്ളതാണ് റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ കാര്യം. അടുത്ത വര്‍ഷം വരാനിരിക്കുന്ന എക്‌സ്‌പോ 2020 കൂടി കണക്കിലെടുക്കുമ്പോള്‍ ഇസ്ലാമിക് ബാങ്കിംഗ് മേഖലയ്ക്ക് രാജ്യത്ത് വലിയ വളര്‍ച്ചാസാധ്യതകളുണ്ടെന്ന വസ്തുത ശരിവെക്കുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്ന് എമിറേറ്റ്‌സ് ഇസ്ലാമികിലെ കണ്‍സ്യൂമര്‍ ബാങ്കിംഗ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് ഡെപ്യൂട്ടി സിഇഒ വാസിം സെയ്ഫി പറഞ്ഞു.

മുസ്ലീം-ഇതര വിഭാഗക്കാര്‍ക്കിടയിലും ഇസ്ലാമിക് ബാങ്കിംഗിന് പ്രചാരമേറുന്നു

മുസ്ലീങ്ങള്‍ക്കിടയില്‍ മാത്രമല്ല മുസ്ലീം ഇതര വിഭാഗക്കാര്‍ക്കിടയിലും ഇസ്ലാമിക് ബാങ്കിംഗിന് സ്വീകാര്യതയേറുന്നുവെന്നാണ് 2019ലെ ഇസ്ലാമിക് ബാങ്കിംഗ് സൂചിക വ്യക്തമാക്കുന്നത്. മികച്ച നിരക്കുകള്‍, വിലനിലവാരം, മെച്ചപ്പെട്ട ഉപഭോക്തൃ സേവനം എന്നിവയാണ് മുസ്ലീം ഇതര വിഭാഗക്കാരെ ഇസ്ലാമിക് ബാങ്കിംഗിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യഘടകങ്ങള്‍.

മുസ്ലീം ഇതര വിഭാഗക്കാര്‍ക്കിടയില്‍ ഇസ്ലാമിക് ബാങ്കിംഗിനുള്ള പ്രചാരം 2018ലെ 40 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം 45 ശതമാനമായി ഉയര്‍ന്നുവെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം ഇതേകാലയളവില്‍ മുസ്ലീം ഇതര വിഭാഗക്കാര്‍ക്കിടയില്‍ സാമ്പ്രദായിക ബാങ്കിംഗ് മേഖലയ്ക്കുള്ള പ്രചാരത്തില്‍ 1 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്(72 ശതമാനം).

2015ന് ശേഷം ശെരിയ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലീം ഇതര വിഭാഗക്കാരുടെ എണ്ണം 31 ശതമാനത്തില്‍ നിന്നും 45 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇസ്ലാമിക് കറന്റ് എക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 9 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ സാമ്പ്രദായിക ബാങ്കുകളിലെ കറന്റ് എക്കൗണ്ട് ഉല്‍പ്പന്നങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ ഇടിവുണ്ടായി. മാത്രമല്ല ഇസ്ലാമിക് സേവിംഗ്‌സ് എക്കൗണ്ട് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനത്തിന്‍െ വര്‍ധനയുണ്ടായപ്പോള്‍ സാമ്പ്രദായിക ബാങ്കുകളിലെ സേവിംഗ്‌സ് എക്കൗണ്ട് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 6 ശതമാനത്തിന്റെ ഇടിവുണ്ടായി.

യുഎഇയില്‍ ബാങ്ക് എക്കൗണ്ടുള്ളവരും പ്രതിമാസം 500 ദിര്‍ഹത്തില്‍ കൂടുതല്‍ വരുമാനമുള്ളവരുമായ 900പേരാണ് ഓണ്‍ലൈനായി നടത്തിയ സര്‍വേയില്‍ പ്രതികരിച്ചത്. ഇവരില്‍ 62 ശതമാനം പേര്‍ മുസ്ലീങ്ങളും 38 ശതമാനം പേര്‍ മുസ്ലീം ഇതര വിഭാഗക്കാരും ആയിരുന്നു.

Comments

comments

Categories: Arabia