ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത്

ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത്

ഇ-കൊമേഴ്‌സ് കമ്പനികള്‍ ചില്ലറ വ്യാപാരികളുടെ ബിസിനസ് മെച്ചപ്പെടുത്താന്‍ സഹായിക്കണം

ന്യൂഡെല്‍ഹി: അനിയന്ത്രിതമായ ഡിസ്‌കൗണ്ട് വില്‍പ്പന തുടരുകയും നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിപ്പ് നല്‍കി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. ഡിസ്‌കൗണ്ടുകളിലൂടെ ഇരപിടിക്കാന്‍ ശ്രമിക്കരുതെന്ന് മന്ത്രാലയം ഇ-കൊമേഴ്‌സ് കമ്പനികളെ ഓര്‍മിപ്പിച്ചു. ഈ മാസം അഞ്ചിന് ആമസോണ്‍ ഇന്ത്യയുടെ മേധാവി അമിത് അഗര്‍വാളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. മറ്റ് ഇ-കൊമേഴ്‌സ് കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വമ്പന്‍ ഇ-കൊമേഴ്‌സ് ഡിസ്‌കൗണ്ടുകളിലൂടെ കമ്പനികള്‍ എഫ്ഡിഐ ചട്ടങ്ങള്‍ ലംഘിക്കുന്നെന്ന ചെറുകിട വ്യാപാരികളുടെ സംഘനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) പരാതിയിലാണ് നടപടി.

ചില്ലറ വ്യാപാര സ്ഥാപനങ്ങളുമായും പ്രാദേശിക വ്യവസായ മേഖലയുമായും സഹകരിച്ച് മുന്നോട്ടു പോവണമെന്നും അവരുടെ ബിസിനസിനെ പിന്തുണയ്ക്കുന്ന സമീപനം ഉണ്ടാവണമെന്നും ഇ-കൊമേഴ്‌സ് വമ്പന്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വ്യാപാര വ്യവസായ പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) മുഖേനയാണ് ഇടപെടല്‍. ചട്ടലംഘനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയിലെ മാത്രം പ്രത്യേക സാഹചര്യമല്ലെന്നും ആമസോണ്‍, ആഭ്യന്തര വിപണിയായ യുഎസിലും യൂറോപ്യന്‍ യൂണിയനിലും സമാനമായ നടപടികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ തങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കച്ചവടക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അമിതമായി വില്‍ക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയിരുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ മാത്രം ഒരു ഉല്‍പ്പന്നം വില്‍ക്കാന്‍ ഒരു ബ്രാന്‍ഡുകളുമായും കരാറുണ്ടാക്കാനും കമ്പനികള്‍ക്ക് കഴിയില്ല.

Categories: Business & Economy, Slider