എസ്ബിഐ വായ്പാ നിക്ഷേപ നിരക്കുകള്‍ കുറച്ചു

എസ്ബിഐ വായ്പാ നിക്ഷേപ നിരക്കുകള്‍ കുറച്ചു

കഴിഞ്ഞ ദിവസം എച്ച്ഡിഎഫ്‌സി ബാങ്കും നിരക്കുകള്‍ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിക്ഷേപ, വായ്പാ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് അഥവാ എംസിഎല്‍ആറില്‍ 5 ബേസിസ് പോയ്ന്റിന്റെ കുറവാണ് എല്ലാ കാലപരിധിയിലുമുള്ള വായ്പകളില്‍ നടപ്പാക്കുന്നത്. പുതിയ നിരക്കുകള്‍ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും. വെട്ടിക്കുറച്ചതിനുശേഷം ഒരു വര്‍ഷത്തെ വായ്പകള്‍ക്കുള്ള എംസിഎല്‍ആര്‍ എട്ട് ശതമാനമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് തുടര്‍ച്ചയായ ഏഴാമത്തെ തവണയാണ് എംസിഎല്‍ആര്‍ വെട്ടിക്കുറയ്ക്കുന്നത്. ഇതിനു മുന്‍പ് ഒക്‌റ്റോബറില്‍ എല്ലാ കാലപരിധിയിലുമുള്ള വായ്പകളില്‍ 10 അടിസ്ഥാന പോയ്ന്റിന്റെ വെട്ടിക്കുറയ്ക്കല്‍ നടത്തിയിരുന്നു.

സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്കും കുറയ്ക്കുന്നതായി എസ്ബി ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഒരുവര്‍ഷത്തിനും രണ്ടുവര്‍ഷത്തിനുമിടയില്‍ കാലാവധിയുള്ള ചെറുകിട സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 15 അടിസ്ഥാന പോയ്ന്റിന്റെ കുറവാണ് വരുത്തുക. എല്ലാ കാലപരിധിയിലുമുള്ള വന്‍കിട സ്ഥിര നിക്ഷേപങ്ങലില്‍ 30 മുതല്‍ 75 അടിസ്ഥാന പോയ്ന്റിന്റെ വരെ കുറവാണ് നടപ്പില്‍ വരുത്തുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം തുടര്‍ച്ചയായി ധന നയ അവലോകന യോഗങ്ങളിലൂടെ 135 അടിസ്ഥാന പോയ്ന്റുകളുടെ കുറവാണ് അടിസ്ഥാന പലിശ നിരക്കുകളില്‍ വരുത്തിയിട്ടുള്ളത്. പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന്റെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കാന്‍വ ബാങ്കുകള്‍ വേഗത്തില്‍ നടപടി എടുക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. നിലവിലെ സാമ്പത്തിക അന്തരീക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ഡിസംബറില്‍ ചേരുന്ന ധന നയ അവലോകന യോഗത്തിലും നിരക്കുകള്‍ കുറച്ചേക്കും.

കഴിഞ്ഞ ദിവസം എച്ച്ഡിഎഫ്‌സി ബാങ്കും തങ്ങളുടെ എംസിഎല്‍എര്‍ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 5 മുതല്‍ 10 വരെ അടിസ്ഥാന പോയ്ന്റുകളുടെ കുറവാണ് വിവിധ കാലാവധിയിലുള്ള വായ്പകളുടെ പലിശയില്‍ വരുത്തിയിട്ടുള്ളത്. ഈ മാസം 7 മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നു.

Comments

comments

Categories: Banking