റിയല്‍റ്റി മേഖലയ്ക്ക് ഉണര്‍വേകുന്ന തീരുമാനം

റിയല്‍റ്റി മേഖലയ്ക്ക് ഉണര്‍വേകുന്ന തീരുമാനം

മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്കായി 25,000 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്

നിര്‍മാണം മുടങ്ങിക്കിടക്കുന്ന റിയല്‍റ്റി പദ്ധതികളെ ലക്ഷ്യമിട്ട് 25,000 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. സാമ്പത്തിക രംഗത്തെ മാന്ദ്യാവസ്ഥ മറികടക്കാന്‍ ശ്രമിക്കുന്ന വേളയില്‍ രാജ്യത്തിന് ഗുണം ചെയ്യുന്ന തീരുമാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സമീപകാല പ്രഖ്യാപനങ്ങളില്‍ ഇത് കൂടുതല്‍ അര്‍ത്ഥവത്താകാനും സാധ്യതയുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ധനമന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി പരിഷ്‌കരണ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

ചെലവു കുറഞ്ഞതും ഇടത്തരം വരുമാനക്കാര്‍ക്ക് പ്രാപ്യവുമായ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുള്ള സാമ്പത്തിക പിന്തുണ മുന്‍ഗണനാ ക്രമത്തില്‍ ലഭ്യമാക്കാന്‍ ‘പ്രത്യേക ജാലകം’ രൂപീകരിക്കുന്നതിനാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പതിനായിരം കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് പണം മുടക്കുന്ന പങ്കാളിത്തമായിരിക്കും ഗവണ്‍മെന്റ് വഹിക്കുക.
സെബിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കാറ്റഗറി11 എഐഎഫ് (ഓള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്-ബദല്‍ നിക്ഷേപ ഫണ്ട്) എന്ന നിലയിലായിരിക്കും ഈ ഫണ്ട് കൈകാര്യം ചെയ്യുക.

പ്രത്യേക ജാലകത്തിനു കീഴിലുള്ള ആദ്യ എഐഎഫിനു വേണ്ടി എസ്ബിഐസിഎപി വെന്‍ച്വര്‍ ആയിരിക്കും നിക്ഷേപ കൈകാര്യകര്‍ത്താവാകുന്നത്. പൂര്‍ത്തീകരിക്കപ്പെടാത്ത നിരവധി ഭവന പദ്ധതികള്‍ക്ക് പണം ലഭിക്കുന്നതിനും വീടുകള്‍ വാങ്ങുന്നവര്‍ക്ക് നല്‍കാനും ഭവന പദ്ധതി നിര്‍മാതാക്കള്‍ക്കും ഈ സാമ്പത്തിക പിന്തുണ സഹായകമാകും.

മറ്റു പല വ്യവസായങ്ങളുമായി റിയല്‍ എസ്റ്റേറ്റ് മേഖല കണ്ണി ചേര്‍ക്കപ്പെട്ടതു മുതല്‍ ഈ രംഗത്തിന്റെ വളര്‍ച്ച രാജ്യത്തെ സാമ്പത്തിക മേഖലയിലെ നിരവധി വന്‍കിട പദ്ധതികള്‍ക്കും ഗുണപരമായ ഫലം നല്‍കുന്നുണ്ട്. അതിനാല്‍ പുതിയ ഫണ്ട് സമാഹരണം പ്രാധാന്യമര്‍ഹിക്കുന്നു. കേന്ദ്രം നല്‍കുന്ന 10,000 കോടി രൂപയ്ക്ക് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എല്‍ഐസിയും ചേര്‍ന്ന് 15,000 കോടി രൂപ കൂടി നല്‍കിയാണ് മൊത്തം 25,000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കുക.

ഇടത്തരം വരുമാനക്കാര്‍ക്കു വേണ്ടി ചെലവു കുറഞ്ഞ ഭവന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക ജാലകം രൂപീകരിക്കുമെന്ന് 2019 സെപ്റ്റംബറില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധിയിലുള്ള ഭവന പദ്ധതികള്‍ക്ക് പ്രത്യേക ജാലകത്തിലൂടെ പ്രതീക്ഷാ നിര്‍ഭരമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഭവന നിര്‍മാണത്തിനു സാമ്പത്തിക സഹായം നല്‍കുന്ന കമ്പനികള്‍, ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ കെട്ടിട നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെ പക്ഷങ്ങളും കണക്കിലെടുത്തായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. ഭവനങ്ങള്‍ വാങ്ങാനുറച്ച് പ്രതിസന്ധിയിലായവര്‍, ഭവന നിര്‍മാതാക്കള്‍, വായ്പാ ദാതാക്കള്‍, നിക്ഷേപ കര്‍ എന്നിവരെയാണ് പ്രത്യേക ജാലകം ലക്ഷ്യം വയ്ക്കുന്നത്. ലാഭകരമെന്ന് കണക്കാക്കുന്ന പദ്ധതികള്‍ക്ക് മാത്രമാണ് സഹായമെന്നത് പലരെയും നിരാശപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പുനരാലോചന വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Categories: Editorial, Slider