ആര്‍സിഇപി അംഗങ്ങളോട് ഇന്ത്യയെയും ഉള്‍പ്പെടുത്തണമെന്ന് ചൈന

ആര്‍സിഇപി അംഗങ്ങളോട് ഇന്ത്യയെയും ഉള്‍പ്പെടുത്തണമെന്ന് ചൈന
  • ഇന്ത്യയെ പദ്ധതിയിലുള്‍പ്പെടുത്താനുള്ള അവസരം നഷ്ടമാക്കരുതെന്ന് ഗ്ലോബല്‍ ടൈംസ്
  • ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ദേശീയ ദിനപത്രമാണ് ഗ്ലോബല്‍ ടൈംസ്
  • ആര്‍സിഇപിയില്‍ ചേരില്ലെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന
മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറി(ആര്‍സിഇപി)ല്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനുള്ള അവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുതെന്ന് ചൈന. കരാറില്‍ ചേരേണ്ടെന്ന് തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനയുടെ പുതിയ തന്ത്രമെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയെ പദ്ധതിയിലുള്‍പ്പെടുത്താനുള്ള അവസരം നഷ്ടമാക്കരുതെന്നാണ് കഴിഞ്ഞ ദിവസം ഗ്ലോബല്‍ ടൈംസ് പത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നത്. ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ദേശീയ ദിനപത്രമാണ് ഗ്ലോബല്‍ ടൈംസ്. ആര്‍സിഇപിയുടെ ഭാഗമാകാന്‍ ഇന്ത്യയെ പ്രേരിപ്പിക്കണമെന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട് ലേഖനത്തില്‍. ഭാരതത്തിന്റെ സൂപ്പര്‍ പവര്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ആര്‍സിഇപിയില്‍ ചേരേണ്ടതുണ്ടെന്ന് വരെ പറഞ്ഞുവെക്കുന്നു ലേഖനം.

ബാഹ്യസമ്മര്‍ദങ്ങളെ അതിജീവിച്ച് രാജ്യത്തെ കര്‍ഷകര്‍ക്കും ചെറുകിട, ഇടത്തരം വ്യവസായികള്‍ക്കും ഒപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഫലമായിട്ടാണ് ഇന്ത്യ ആര്‍സിഇപിയില്‍ നിന്ന് പിന്മാറിയത്. വ്യാപാരത്തിന്റെ വേഷമണിഞ്ഞ് ചൈന നടത്തുന്ന അധിനിവേശ പദ്ധതിക്കെതിരെയുള്ള വിവേകപൂര്‍വമായ ചെറുത്തുനില്‍പ്പ് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട തീരൂമാനമെന്നാണ് ഇന്ത്യയിലെ ദേശീയവാദികളുടെ വിലയിരുത്തല്‍.

ഇന്ത്യയടക്കം 16 രാജ്യങ്ങളുമായാണ് ആര്‍സിഇപി ആദ്യം വിഭാവനം ചെയ്തത്. ഇപ്പോള്‍ 15 രാജ്യങ്ങളുമായി കരാര്‍ പ്രാവര്‍ത്തികമാക്കാനാണ് നീക്കം. വരുന്ന ഫെബ്രുവരി മാസത്തില്‍ ആര്‍സിഇപി കരാര്‍ ഒപ്പുവച്ചേക്കും. ഇന്ത്യ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാങ്കോക്ക് ഉച്ചകോടിയോട് അനുബന്ധിച്ച് ആര്‍സിഇപിയില്‍ ചേരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

വ്യാപാര കരാറിനെതിരെയുള്ള വമ്പന്‍ പ്രതിഷേധങ്ങള്‍ ആര്‍എസ്എസ് സംഘടനകള്‍ തന്നെ ആഹ്വാനം ചെയ്തതോടെയാണ് ആദ്യം ആര്‍സിഇപിയുടെ ഭാഗമാകാന്‍ തീരുമാനിച്ച ഇന്ത്യ പിന്നീട് നിലപാട് മാറ്റിയത്. 2013ലാണ് ആര്‍സിഇപി കൂടിയാലോചനകള്‍ ആരംഭിച്ചത്. ആസിയാന്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയിലും അവരുടെ സ്വതന്ത്ര വ്യാപാര കരാര്‍ പങ്കാളികളുമായും ആധുനികവും സമഗ്രവും പരസ്പര ഉപകാരപ്രദവുമായ സാമ്പത്തിക പങ്കാളിത്ത കരാറിന് രൂപം കൊടുക്കുകയായിരുന്നു ലക്ഷ്യം. ബ്രൂണെയ്, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളുമായും ആര്‍സിഇപിയുടെ ഭാഗമായ ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ മറ്റ് അഞ്ച് രാജ്യങ്ങളുമായും ഇന്ത്യക്കുള്ള വ്യാപാര കമ്മി പ്രതിവര്‍ഷം വലിയ തോതില്‍ ഉയര്‍ന്നു വരികയാണ് എന്നാണ് കണക്കുകള്‍. 2013-14 വര്‍ഷത്തില്‍ ഈ രാജ്യങ്ങളുമായി ഭാരതത്തിനുള്ള വ്യാപാര കമ്മി 54 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അത് 105 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മൊത്തം കയറ്റുമതിയുടെ 20 ശതമാനവും ഇന്ത്യ മുകളില്‍ പറഞ്ഞ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. എന്നാല്‍ ഇതേ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതിയുടെ 35 ശതമാനവും ഉണ്ടാകുന്നത്.

അമേരിക്ക ഉള്‍പ്പടെയുള്ള വമ്പന്‍മാരില്‍ നിന്നും ആഗോളവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും സ്വതന്ത്ര വ്യാപാരത്തിനും മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഭീഷണികള്‍ നേരിടുന്ന ഇക്കാലത്ത് ആര്‍സിഇപി പോലുള്ളൊരു പദ്ധതി അനിവാര്യമാണെന്ന് വാദിക്കുന്നവരുമുണ്ട്. ഇന്ത്യ ഇല്ലാതെ കരാര്‍ മുന്നോട്ടുകൊണ്ടുപോകാമെന്നാണ് അംഗരാജ്യങ്ങള്‍ കരുതുന്നതെങ്കിലും ഇന്ത്യയെ ഏത് വിധേനെയും ഉള്‍പ്പെടുത്താനാണ് ചൈനയ്ക്ക് ആഗ്രഹം.

ആര്‍സിഇപിയിലെ ചൈനയുടെ സാന്നിധ്യം സംശയത്തോടെയാണ് ഇന്ത്യയിലെ കയറ്റുമതി സംരംഭങ്ങള്‍ നോക്കിക്കാണുന്നത്. സ്വതന്ത്ര വ്യാപാരത്തിന്റെ പേരില്‍ ചൈനയ്ക്കായി ഉല്‍പ്പന്നങ്ങളുടെയും സേവനത്തിന്റെയും നികുതി കുറയ്ക്കുകയോ ഇല്ലാതക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പ്രളയമായിരിക്കും സംഭവിക്കുക. ഇപ്പോഴേ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ആധിക്യം കൊണ്ട് സഹിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.

സ്വതന്ത്ര വ്യാപാരത്തിന്റെ പേരില്‍ മറ്റ് വിപണികളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് കമ്യൂണിസ്റ്റ് രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആര്‍സിഇപി നടപ്പാക്കുന്നതിന് മുന്‍കൈയെടുക്കാന്‍ ചൈന ശ്രമിക്കുന്നതും.

Comments

comments

Categories: FK News