കാണാതെ പോകരുത് അതിജീവനത്തിന്റെ ‘കടലാസ്സ് പേനകള്‍’

കാണാതെ പോകരുത് അതിജീവനത്തിന്റെ ‘കടലാസ്സ് പേനകള്‍’

വിധി നല്‍കിയ തിരിച്ചടികള്‍ വകവയ്ക്കാതെ നല്ലൊരു നാളേക്കായി പോരാടുകയാണ് പേപ്പര്‍ പേന നിര്‍മാണത്തിലൂടെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കടലാസ്സ് പേനകള്‍

പത്തു രൂപയോളം വില നല്‍കി വാങ്ങുന്ന പേന, ഉപയോഗശേഷം വലിച്ചെറിയുമ്പോള്‍ അത് ഭൂമിക്ക് തന്നെ ഭാരമാകുന്നു. മണ്ണില്‍ അറിയാതെ അവശേഷിക്കുന്ന പ്ലാസ്റ്റിക്ക് നാളത്തെ തലമുറക്ക് മേലെ ഒരു വാളെന്ന പോലെ തൂങ്ങുന്നു. എന്നാല്‍ പ്ലാസ്റ്റിക്ക് പേനകള്‍ക്കായി ചെലവഴിക്കുന്ന ഈ പത്തു രൂപ പേപ്പര്‍ പേനകള്‍ക്കായി വിനിയോഗിച്ചത് അതിലൂടെ രക്ഷപ്പെടുന്നത് വിധി വീല്‍ചെയറില്‍ തളര്‍ത്തിയിട്ട ഒരുപറ്റം ആളുകള്‍ കൂടിയായിരിക്കും. ഇതിന് വഴിയൊരുക്കുകയാണ് ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കടലാസ്സ് പേനകള്‍

മസ്‌കുലാര്‍ അട്രോഫി വന്ന് കിടക്കയില്‍ ആയ കിളിമാനൂര്‍ സ്വദേശി രഞ്ജിനി, പോളിയോ വന്ന് വീല്‍ ചെയറിലായ സുരേഷ്ബാബു, കിണറ്റില്‍ പണിക്കിടെ വീണ് നട്ടെല്ല് തകര്‍ന്ന് വീല്‍ ചെയറില്‍ ആയ എടത്തനാട്ടുകര സ്വദേശി ഷൗക്കത്ത്, തെങ്ങില്‍ നിന്നും വീണു നട്ടെല്ല് പൊട്ടി കിടക്കയില്‍ ആയ പാലക്കാട് സ്വദേശി സെല്‍വന്‍, ഒരു മാസം പ്രായമുള്ളപ്പോള്‍ നടത്തിയ ഒരു ഓപ്പറേഷന്റെ ഫലമായി ഇരുകാലുകളും തളര്‍ന്നു പോയ അഞ്ചല്‍ സ്വദേശി വിനു, ജന്മനാ ശാരീരിക വൈകല്യം ബാധിച്ച മലപ്പുറം സ്വദേശി റഷീദ് അങ്ങനെ ഇരുപത്തിയഞ്ചോളം പേരുടെ ഫേസ്ബുക്ക് / വാട്‌സ് ആപ്പ് കൂട്ടായ്മയാണ് കടലാസ്സ് പേനകള്‍.

വിധി തളര്‍ത്തി എന്ന് കരുതി വിധിക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ വിധിയെ പഴിച്ചു സമയം കളയാതെ അവര്‍ ചെറുതെങ്കിലും ഒരു ഉപജീവന മാര്‍ഗ്ഗം കടലാസ്സ് പേനയുടെ നിര്‍മാണത്തിലൂടെ കണ്ടെത്തുകയാണ് ഇവര്‍. മികച്ച ക്വാളിറ്റിയുള്ള റീഫിലും ബഹുവര്‍ണ്ണ ക്രാഫ്റ്റ് പേപ്പറും ഉപയോഗിച്ച് നിര്‍മിക്കുന്നവയാണ് ഇവരുടെ കടലാസ്സ് പേനകള്‍. ഫേസ്ബുക്ക് വഴിയാണ് പേനയുടെ വില്‍പന നടന്നു വരുന്നത്. കോര്‍പ്പറേറ്റ് ഇവന്റുകള്‍ക്കും സെമിനാറുകള്‍ക്കുമെല്ലാം പേനകള്‍ വിതരണം ചെയ്യാന്‍ ഇവര്‍ തയ്യാറാണ്.

പ്ലാസ്റ്റിക്കിന്റെ അളവ് ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ പേനകളാണ് ഈ കടലാസ്സ് പേനകള്‍.പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നു എന്നത് മാത്രമല്ല ഈ പേനയുടെ പ്രത്യേകത, പേനയുടെ ഉള്ളില്‍ ഒന്നോ രണ്ടോ വിത്തുകള്‍ ഒളിപ്പിച്ചിരിക്കും. ഉപയോഗശേഷം വലിച്ചെറിയുമ്പോള്‍ മുളച്ചു ഒന്നോ രണ്ടോ കുഞ്ഞു മരതൈകളെ ഭൂമിക്ക് സമ്മാനിക്കുന്നു

8/ രൂപ കടലാസ്സ് പേനകള്‍ നേരിട്ട് വാങ്ങുകയോ കൊറിയര്‍ വഴി വാങ്ങുകയോ ചെയ്യാം . കൊറിയര്‍ വഴി അയക്കുമ്പോള്‍ കൊറിയര്‍ ചാര്‍ജ്ജ് ഉപഭോക്താവ് നല്‍കണം. വെറുതെ കടലാസ്സ് കൊണ്ട് പേന നിര്‍മിക്കുക മാത്രമല്ല, ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന മാറ്റര്‍ പ്രിന്റ് ചെയ്തു സ്റ്റിക്കര്‍ ആക്കി ഒട്ടിച്ചും പേനകള്‍ നല്‍കാറുണ്ട് . അപ്പോള്‍ വില 9 രൂപയാകും. വ്യാപാരസ്ഥാപനങ്ങള്‍, സംഘടനകള്‍, ബര്‍ത്ത് ഡേ, വിവാഹം, തുടങ്ങിയവയ്ക്ക് കസ്റ്റമൈസ്ഡ് പേപ്പര്‍ പേനകള്‍ മാറ്റര്‍ പ്രിന്റ് ചെയ്‌തോട്ടിച്ചു നല്‍കുന്നതാണ്.ഒരു വ്യക്തി ഒരു 250/ രൂപ മുടക്കി 25 പേനകള്‍ കൊറിയര്‍ ചാര്‍ജ്ജ് ഉള്‍പ്പടെ വാങ്ങുമ്പോള്‍ 25 മനോഹരമായ കടലാസ്സ് പേനകള്‍ക്കൊപ്പം ഭിന്നശേഷിക്കാരനായ ഒരു വ്യക്തിയെ സഹായിക്കുക കൂടി ആണ് ചെയ്യുന്നത്

കടലാസ്സ് പേനകള്‍ വേണ്ടവര്‍ ഇവരെ വിളിക്കുക രഞ്ജിനി കിളിമാനൂര്‍ 9061275475 ,സുരേഷ്ബാബു കരുകോണ്‍ 9809702254

Categories: FK Special, Top Stories