നേപ്പാളിന്റെ അതിര്‍ത്തിയിലും ചൈനീസ് കയ്യേറ്റം

നേപ്പാളിന്റെ അതിര്‍ത്തിയിലും ചൈനീസ് കയ്യേറ്റം

കാഠ്മണ്ഡു: ടിബറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന റോഡ് വിപുലീകരണ പദ്ധതിയിലൂടെ ചൈന നേപ്പാളിലെ പ്രദേശങ്ങളിലേക്ക് അതിക്രമിച്ച് കടക്കുകയാണെന്ന് കാഠ്മണഡുവിലെ സര്‍വേ വകുപ്പ് അറിയിച്ചു. ചൈനീസ് അതിര്‍ത്തിയിലുള്ള സംഖുവാസഭ, റാസുവ, സിന്ധുപാല്‍ചൗക്ക്, ഹുംല എന്നിവയുള്‍പ്പെടെ നാല് വ്യത്യസ്ത ജില്ലകളിലായി 36 ഹെക്റ്റര്‍ ഭൂമിയാണ് ബെയ്ജിംഗ് കയ്യേറിയിരിക്കുന്നതെന്ന് സര്‍വേ വകുപ്പി ഉദ്ധരിച്ച് നേപ്പാളി ന്യൂസ് പോര്‍ട്ടല്‍ ഖബര്‍ഹബ് റിപ്പോര്‍ട്ടുചെയ്തു.

ഹുംല ജില്ലയിലെ ഭഗദാരെ നദീതീരത്ത് ആറ് ഹെക്റ്റര്‍ സ്ഥലവും കര്‍ണാലി ജില്ലയിലെ നാല് ഹെക്റ്ററും കൈയേറ്റം ചെയ്തതായി വാര്‍ത്ത വിശദമാക്കുന്നു. ഇപ്പോള്‍ ടിബറ്റിലെ ഫുറാങ് പ്രദേശത്താണ് ഈ സ്ഥലം. അതുപോലെ, സഞ്ജന്‍ നദിക്കുസമീപം ആറ് ഹെക്റ്റര്‍ ഭൂമിയും റാസുവയിലെ ജംബു ഖോളയും തെക്കന്‍ ടിബറ്റിലെ കെറുങിലേക്ക് മാറി.സിന്ധുപാല്‍ചൗക്ക് ജില്ലയിലെ ഭോട്ടെകോഷി, ഖരനെഖോല പ്രദേശങ്ങളിലെ പത്ത് ഹെക്റ്ററിലധികം ഭൂമിയും കൈയേറ്റം ചെയ്തു. ഇപ്പോള്‍ ടിബറ്റിലെ നയാലാം പ്രദേശത്താണ് ഇവ.

സംഖുവാസഭയില്‍ ഒമ്പത് ഹെക്റ്റര്‍ ഭൂമി കൈയേറ്റം ചെയ്തു.റോഡ് വികസനത്തിന്റെ പേരില്‍ അതിര്‍ത്തി മാറ്റിവരയ്ക്കുന്ന ശ്രമമാണ് ചൈന ഇവിടെയും നടത്തുന്നത്. മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നേപ്പാളിന് നൂറുകണക്കിന് ഹെക്റ്റര്‍ ഭൂമി നഷ്ടമാകുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയമാപ്പില്‍ നേപ്പാളിലെ കാലാപനി ഉത്തരാഖണ്ഡിലായി അടയാളപ്പെടുത്തിയതിനെതുടര്‍ന്ന് ഇന്ത്യയ്ക്കും കാഠ്മണ്ഡുവിനുമിടയില്‍ നേരിയ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍, ജമ്മു കശ്മീര്‍ വിഭജനം കഴിഞ്ഞ് ഇന്ത്യ പുറത്തിറക്കിയ പുതിയ രാഷ്ട്രീയ ഭൂപടം പരമാധികാര പ്രദേശത്തെ കൃത്യമായി ചിത്രീകരിക്കുന്നുവെന്നും നേപ്പാളുമായുള്ള അതിര്‍ത്തി ഒരു തരത്തിലും പരിഷ്‌കരിച്ചിട്ടില്ലെന്നും നേപ്പാളി സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിലവിലുള്ള സംവിധാനത്തിന് കീഴില്‍ നേപ്പാളുമായി സഹകരിക്കുന്നുണ്ടെന്നും ഈ പ്രശ്‌നത്തിന് സംഭാഷണത്തിലൂടെ പരിഹാരം കാണാന്‍ ന്യൂഡെല്‍ഹി പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയവും അറിയിച്ചു.

Comments

comments

Categories: Politics
Tags: Nepal border

Related Articles