മൈക്രോസോഫ്റ്റിന്റെ പുതിയ റോള്‍

മൈക്രോസോഫ്റ്റിന്റെ പുതിയ റോള്‍

എല്ലാ കമ്പനികളെയും ഒരു ടെക്‌നോളജി കമ്പനിയാക്കി മാറ്റാനുള്ള തയാറെടുപ്പിലാണു മൈക്രോസോഫ്‌റ്റെന്നു തോന്നുന്നു. നവംബര്‍ നാലിനു ഐടി രംഗത്തുള്ള പ്രഫഷണല്‍സിനും ഡെവലപ്പര്‍മാര്‍ക്കുമായി ഫ്‌ളോറിഡയില്‍ സംഘടിപ്പിച്ച മൈക്രോസോഫ്റ്റിന്റെ ഇഗ്‌നൈറ്റ് 2019 കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേ സിഇഒ സത്യ നദെല്ല പറഞ്ഞതും ഇക്കാര്യം തന്നെയാണ്. ‘ എല്ലാ ഓര്‍ഗനൈസേഷനും ഒരു ഡിജിറ്റല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാ ഓര്‍ഗനൈസേഷനെയും ഡിജിറ്റല്‍ കമ്പനിയാക്കി മാറ്റാനുള്ള കഴിവുകള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നാണ് ഇതിനര്‍ഥം’ നദെല്ല പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം മൈക്രോസോഫ്റ്റിന്റെ അസ്യുര്‍ ക്ലൗഡ്, മൈക്രോസോഫ്റ്റ് 365 ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു

കമ്പ്യൂട്ടറുകള്‍ ജീവിതം സുഗമമാക്കുമെന്നാണല്ലോ പൊതുവേ പറയപ്പെടുന്നത്. കമ്പ്യൂട്ടര്‍ എന്നു പറയുമ്പോള്‍ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമൊക്കെ ചേരുന്നതാണെന്നു നമ്മള്‍ക്ക് അറിയാം. മൗസും, കീ പാഡും, മോണിട്ടറുമൊക്കെ ഹാര്‍ഡ്‌വെയര്‍ എന്നു വിളിക്കുന്നു. കമ്പ്യൂട്ടറിനെ പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്രാമുകളെ സോഫ്റ്റ്‌വെയറെന്നും പറയുന്നു. പ്രോഗ്രാമുകള്‍ രൂപപ്പെടുത്താന്‍ അഥവാ സൃഷ്ടിച്ചെടുക്കാനുള്ള കഴിവ് അതില്‍ വൈദഗ്ധ്യം നേടിയവര്‍ക്കു മാത്രമാണു സാധിക്കുന്നത്. ഒരു സാധാരണക്കാരനു പൊതുവേ സാധിക്കാറുമില്ല. പ്രോഗ്രാമര്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ എന്നൊക്കെയാണ് ഇത്തരത്തില്‍ വൈദഗ്ധ്യം ആര്‍ജ്ജിച്ചവരെ പൊതുവേ വിളിക്കുന്നത്. എന്നാല്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാരെ പോലെ അല്ലെങ്കില്‍ ഒരു പ്രോഗ്രാമറെ പോലെ സാധാരണക്കാരനു പോലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന പുതിയ പ്രോഗ്രാമുകള്‍ സൃഷ്ടിക്കാന്‍ സാധിക്കണമെന്ന് അതിയായി ആഗ്രഹിക്കുകയാണു മൈക്രോസോഫ്റ്റ്. കാറിനെയും, ടൂ വീലറിനെയും പോലെ ജനകീയമാക്കണമെന്നു മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു.

ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നവംബര്‍ 4 ന് ആരംഭിച്ച മൈക്രോസോഫ്റ്റിന്റെ ഇഗ്‌നൈറ്റ് എന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ടെക്‌നോളജിയില്‍ വൈദഗ്ധ്യം നേടിയവരെ കൂടാതെ സാധാരണക്കാരനായൊരാള്‍ക്കും ആപ്പ് വികസിപ്പിക്കുന്നത് എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ സിഇഒ സത്യ നദെല്ല നിരവധി പുതിയ ടൂള്‍സ് അവതരിപ്പിക്കുകയുണ്ടായി. ഐടി പ്രഫഷണലുകള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും വേണ്ടി മൈക്രോസോഫ്റ്റ് സംഘടിപ്പിക്കുന്നതാണ് ഇഗ്‌നൈറ്റ് എന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സ്. നവംബര്‍ 4 മുതല്‍ 8 വരെയാണ് ഈ വര്‍ഷം ഇഗ്‌നൈറ്റ് നടക്കുന്നത്. ഐടി പ്രഫഷണലുകള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്നതിനാല്‍ ഈ കോണ്‍ഫറന്‍സില്‍ പുതിയ ഹാര്‍ഡ്‌വെയറുകളുടെ പ്രഖ്യാപനം നടത്താറില്ല. എന്നാല്‍ കോര്‍ട്ടാന, എഡ്ജ്, ഓഫീസ്, ടീംസ് എന്നിവ ഉള്‍പ്പെടെയുള്ള മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയറിനെയും സേവനങ്ങളെയും കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കാറുണ്ട്. എന്റര്‍പ്രൈസ് സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ മൈക്രോസോഫ്റ്റില്‍നിന്നും ഇപ്പോള്‍ കൂടുതല്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ഉണ്ടാകാറുണ്ട്. കാരണം ഗൂഗിള്‍, ഒറാക്കിള്‍, ആമസോണ്‍ എന്നിവയില്‍നിന്നു വ്യത്യസ്തമായ ക്ലൗഡ് കമ്പ്യൂട്ടിംഗ് ഓഫറുകള്‍ നല്‍കാന്‍ മൈക്രോസോഫ്റ്റ് ശ്രമിക്കുന്നുണ്ട്. ഒരു സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള പലതരം സോഫ്റ്റ്‌വെയര്‍ സേവനങ്ങളെ മൊത്തമായി പറയുന്നതാണ് എന്റര്‍പ്രൈസ് സര്‍വീസ്. ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍, യന്ത്രാധിഷ്ഠിത ബില്ലിംഗ് സംവിധാനങ്ങള്‍ തുടങ്ങി ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ക്കു സഹായിക്കുന്ന സേവനത്തെയാണ് എന്റര്‍പ്രൈസ് സര്‍വീസ് എന്നു വിശേഷിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യം മൈക്രോസോഫ്റ്റ് പവര്‍ പ്ലാറ്റ്‌ഫോം അനാവരണം ചെയ്തിരുന്നു. ഇതില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്. പവര്‍ ബിഐ (Power BI) എന്ന ബിസിനസ് ഇന്റലിജന്‍സ് ടൂള്‍, പവര്‍ ആപ്പ് (Power-Apps), ഫ്‌ളോ (Flow) എന്നിവയാണ് ആ മൂന്ന് ഭാഗങ്ങള്‍. വ്യത്യസ്ത തരം ചാര്‍ട്ടുകള്‍ ഉപയോഗിച്ചു ഡാറ്റ ദൃശ്യവല്‍കരിക്കുന്നതിനുള്ള ഒരു ബിസിനസ് ഇന്റലിജന്‍സ് ടൂള്‍ ആണ് പവര്‍ ബിഐ. ബിസിനസ് ആപ്പുകള്‍ കൂടുതല്‍ എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പവര്‍ ആപ്പ്. വിവിധ ആപ്പുകളെ ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണമാണ് ഫ്‌ളോ. ഇത്തരത്തില്‍ പവര്‍ ബിഐയും, പവര്‍ ആപ്പും, ഫ്‌ളോയും ഉള്‍ക്കൊള്ളുന്ന പവര്‍ പ്ലാറ്റ്‌ഫോം സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ കമ്പനികളില്‍ വലിയൊരു മാറ്റമായിരിക്കും കൊണ്ടുവരാന്‍ പോകുന്നത്. ഇന്നു കൂടുതല്‍ കമ്പനികള്‍ അവരുടെ പ്രക്രിയകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നത് വര്‍ധിച്ചുവരുന്നതിനാല്‍ 2030 ആകുമ്പോള്‍ ചുരുങ്ങിയത് ഒരു ദശലക്ഷം ഡെവലപ്പര്‍മാരുടെയെങ്കിലും കുറവുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ആപ്പുകള്‍ ഡെവലപ്പ് ചെയ്യാനുള്ള കഴിവുകള്‍ ഓരോരുത്തരും ആര്‍ജ്ജിക്കേണ്ടതായും വരും. അത് അത്യാവശ്യമായി തീരുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടുകൊണ്ടാണു മൈക്രോസോഫ്റ്റ് പവര്‍ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോഡിംഗ് ലാംഗ്വേജ് അറിയാതെ തന്നെ ഏതൊരാള്‍ക്കും ആപ്പും പ്രോഗ്രാമും രൂപകല്‍പ്പന ചെയ്യാന്‍ പ്രാപ്തമാക്കും മൈക്രോസോഫ്റ്റിന്റെ പവര്‍ ആപ്പ്.

ഇഗ്‌നൈറ്റ് കോണ്‍ഫറന്‍സില്‍ നടത്തിയ പ്രഖ്യാപനങ്ങളിലൊന്ന് എഡ്ജ് എന്ന ബ്രൗസറിനെ കുറിച്ചുള്ളതായിരുന്നു. 2020 ജനുവരി 15ന് അപ്‌ഡേറ്റ് ചെയ്ത എഡ്ജ് ബ്രൗസറിന്റെ റിലീസുണ്ടാകുമെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്. ഇത് 90-ലധികം ഭാഷകളില്‍ ലഭ്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു. വെബില്‍ നേരത്തേയുണ്ടായിരുന്ന മൈക്രോസോഫ്റ്റിന്റെ പ്രസക്തി വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് എഡ്ജിനെ പുനരവതരിപ്പിക്കുന്നത്. എഡ്ജിന്റെ പ്രൈവസിയും, പെര്‍ഫോമന്‍സും, മറ്റ് സവിശേഷതകളും സാധാരണ ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ തക്കവിധമുള്ളതാണെന്നു കമ്പനി അവകാശപ്പെടുന്നു. എഡ്ജില്‍, മൈക്രോസോഫ്റ്റ് വിജയിക്കുകയാണെങ്കില്‍ ഇപ്പോള്‍ ആധിപത്യമുള്ള ഗൂഗിള്‍ ക്രോമിന് അത് വലിയൊരു മത്സരാര്‍ഥിയെയായിരിക്കും സമ്മാനിക്കുക. വെബ്ബില്‍ ഗൂഗിളിന് സര്‍വാധിപത്യം ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് ഗൂഗിള്‍ ക്രോം. ഇന്റര്‍നെറ്റ് ഉപയോഗപ്രദമാക്കുന്നതില്‍ ഗൂഗിള്‍ സെര്‍ച്ച് എന്ന വെബ് സെര്‍ച്ച് എന്‍ജിനുള്ള സ്ഥാനം നിസാരമല്ലെന്നു നമ്മള്‍ക്ക് അറിയാം. എന്നാല്‍ ഇപ്പോള്‍ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറില്‍ അവരുടെ ബിംഗ് എന്ന വെബ് സെര്‍ച്ച് എന്‍ജിനെ സംയോജിപ്പിക്കാന്‍ തീരുമാനിച്ചത് ഗൂഗിള്‍ സെര്‍ച്ചിനു ബദലാവുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. ഇഗ്‌നൈറ്റില്‍ നടത്തിയ മറ്റൊരു പ്രഖ്യാപനം മൈക്രോസോഫ്റ്റിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ കോര്‍ട്ടാനയെ കുറിച്ചുള്ളതായിരുന്നു. ഇന്നു വെര്‍ച്വല്‍ അസിസ്റ്റന്റുകള്‍ അനുദിന ജീവതത്തില്‍ പുലര്‍ത്തുന്ന സ്വാധീനം ചെറുതല്ലെന്നു നമ്മള്‍ക്ക് അറിയാം. ഗൂഗിള്‍ അസിസ്റ്റന്റും, ആമസോണ്‍ അലക്‌സയും, ആപ്പിളിന്റെ സിരിയും വെര്‍ച്വല്‍ അസിസ്റ്റന്റ് വിപണിയില്‍ മുന്നേറുകയും ചെയ്യുന്നു. എന്നാല്‍ ഇവരെ പോലെ മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാനയ്ക്കു മുന്നേറാന്‍ സാധിച്ചിട്ടില്ല. മനുഷ്യരുടെ ചോദ്യങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കാന്‍ കോര്‍ട്ടാനയ്ക്കു സ്മാര്‍ട്ട് സ്പീക്കറോ, മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമോ ഇല്ല. വെര്‍ച്വല്‍ അസിസ്റ്റന്റുകളുമായി സംസാരിക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ രണ്ട് ഉപകരണങ്ങളിലേക്ക് കോര്‍ട്ടാനയ്ക്ക് ആക്‌സസ് ഇല്ലെന്നു ചുരുക്കം. ഇത്തരത്തില്‍ ചില പരിമിതികളുണ്ടെങ്കിലും കോര്‍ട്ടാന ജോലിസ്ഥലത്ത് നിങ്ങളുടെ സഹായിയാകണമെന്നു മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു. ഇതിനായി മൈക്രോസോഫ്റ്റ് 365 പ്രൊഡക്റ്റിവിറ്റി സോഫ്റ്റ്‌വെയറിന്റെ പ്രധാനഭാഗമാക്കി കോര്‍ട്ടാനയെ മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു മൈക്രോസോഫ്റ്റ്. നിരവധി മൈക്രോസോഫ്റ്റ് ആപ്പുകളിലും സേവനങ്ങളിലും കോര്‍ട്ടാനയെ ഒരു ഭാഗമാക്കി മാറ്റാനാണു കമ്പനിയുടെ പദ്ധതി.

Comments

comments

Categories: Top Stories
Tags: Microsoft