മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്, കേരളവും തമിഴ്‌നാടും തൊട്ടു പിന്നില്‍

മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്, കേരളവും തമിഴ്‌നാടും തൊട്ടു പിന്നില്‍

മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങള്‍ക്കു പോലും പൊലീസ്, ജുഡീഷ്യറി, ജയില്‍, നിയമ സഹായം തുടങ്ങിയ മേഖലകളിലെ പ്രകടനത്തില്‍ 60 ശതമാനം നേടാനാവാത്ത സ്ഥിതി

കൊച്ചി: ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്ന മേഖലയില്‍ മഹാരാഷ്ട്ര മുന്നിട്ടു നില്‍ക്കുന്നതായി ഈ മേഖലയ്ക്കായി നടത്തിയ ആദ്യ റാങ്കിംഗ് ചൂണ്ടിക്കാട്ടുന്നു. ഒരു കോടിയിലേറെ ജനസംഖ്യയുള്ള 18 സംസ്ഥാനങ്ങളുടെ റാങ്കിംഗില്‍ മഹാരാഷ്ട്രയ്ക്കു പിന്നാലെ കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണുള്ളത്. ഒരു കോടിയില്‍ താഴെ ജനസംഖ്യയുള്ള ഏഴു സംസ്ഥാനങ്ങളുടെ റാങ്കിംഗില്‍ ഗോവയാണു മുന്നില്‍. സിക്കിം, ഹിമാചല്‍ പ്രദേശ് എന്നിവയാണു തൊട്ടു പിന്നിലുള്ളത്.

ടാറ്റാ ട്രസ്റ്റ്‌സിന്റെ ഇന്ത്യ ജസ്റ്റിസ് റിപോര്‍ട്ട് 2019ന്റെ ഭാഗമായാണ് ഈ റാങ്കിംഗ് നടത്തിയത്. സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, കോമണ്‍ കോസ്, കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനീഷിയേറ്റീവ്, ദക്ഷ്, ടിഐഎസ്എസ് പ്രയസ്, വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി എന്നിവയുമായി സഹകരിച്ചാണ് ടാറ്റാ ട്രസ്റ്റ്‌സ് റിപോര്‍ട്ട് തയ്യാറാക്കിയത്.

നീതി നിര്‍വഹണ മേഖലയിലെ നാലു മുഖ്യ വിഭാഗങ്ങളായ പോലീസ്, ജുഡീഷ്യറി, ജയില്‍, നിയമ സഹായം എന്നിവയുമായി ബന്ധപ്പെട്ട ആധികാരിക സര്‍ക്കാര്‍ സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നര വര്‍ഷം നടത്തിയ തീവ്ര ഗവേഷണങ്ങളുടെ ഫലമായാണ് ഇന്ത്യ ജസ്റ്റിസ് റിപോര്‍ട്ട് പുറത്തിറക്കിയത്. ഈ നാലു വിഭാഗങ്ങളും സൗഹാര്‍ദത്തോടെ പ്രവര്‍ത്തിച്ചാണ് ജനങ്ങള്‍ക്കു നീതി ലഭ്യമാക്കേണ്ടത്.

നാലു മേഖലകളുടേയും ബജറ്റ്, മാനവ ശേഷി, വ്യക്തിഗത ജോലി ഭാരം, വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, അഞ്ചു വര്‍ഷ കാലയളവില്‍ മാറ്റങ്ങള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട പ്രവണതകള്‍ തുടങ്ങിയവ സര്‍ക്കാരുകളുടെ പ്രഖ്യാപിത നിലവാരങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ അവലോകനം ചെയ്തു. ഈ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 29 സംസ്ഥാനങ്ങളേയും ഏഴു കേന്ദ്ര ഭരണ പ്രദേശങ്ങളേയും റിപോര്‍ട്ടിലൂടെ വിലയിരുത്തുകയുണ്ടായി. ഇതേ തുടര്‍ന്ന് 18 വലിയ, ഇടത്തരം സംസ്ഥാനങ്ങളേയും ഏഴ് ചെറിയ സംസ്ഥാനങ്ങളേയും മല്‍സരാധിഷ്ഠിതമായി റാങ്കു ചെയ്തിട്ടുമുണ്ട്.

പൊലീസ്, ജയില്‍, ജുഡീഷ്യറി എന്നീ മേഖലകളില്‍ ഒഴിവുകള്‍ ഒരു പ്രശ്‌നമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഇതു ചുരുക്കുവാനുള്ള ശ്രമം നടത്തിയത് പകുതിയോളം സംസ്ഥാനങ്ങള്‍ മാത്രമാണ്. രാജ്യമൊട്ടാകെ കണക്കാക്കുമ്പോള്‍ ഏതാണ്ട് 18,200 ജഡ്ജിമാരാണുള്ളത്. അനുവദിക്കപ്പെട്ട തസ്തികകളില്‍ 23 ശതമാനത്തോളം ഒഴിഞ്ഞു കിടക്കുകയുമാണ്. ഈ മൂന്നു മേഖലകളിലും വനിതാ പ്രാതിനിധ്യം വളരെ താഴ്ന്ന നിലയിലുമാണ്. പോലീസില്‍ ഇത് വെറും ഏഴു ശതമാനമാണ്. ജയിലുകളില്‍ ശേഷിയുടെ 114 ശതമാനം പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 68 ശതമാനവും വിചാരണ കാത്തു കഴിയുന്നവരാണ്. ഇവരുമായി ബന്ധപ്പെട്ട അന്വേഷണവും വിചാരണയുമെല്ലാം നടക്കാനിരിക്കുകയാണ്. ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, മിക്കവാറും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഫണ്ട് പൂര്‍ണമായി വിനിയോഗിക്കുവാന്‍ സാധിച്ചിട്ടില്ല. അതേ സമയം പൊലീസ്, ജയില്‍, ജുഡീഷ്യറി എന്നിവയ്ക്കുള്ള ചെലവുകളുടെ വര്‍ധന സംസ്ഥാനത്തെ ആകെ ചെലവുകളുടെ വര്‍ധനയുമായി അനുപാതത്തില്‍ അല്ല താനും.

ചില മേഖലകള്‍ കുറഞ്ഞ ബജറ്റിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. സൗജന്യ നിയമ സഹായത്തിനായുള്ള ഇന്ത്യയിലെ പ്രതിശീര്‍ഷ ചെലവിടല്‍ പ്രതിവര്‍ഷം 75 പൈസയാണ്. ജനസംഖ്യയുടെ 80 ശതമാനത്തിനും അര്‍ഹതയുള്ളപ്പോഴാണിത്.

പുതുമയുള്ള ഈ പഠനം നീതി നിര്‍വഹണ രംഗത്തെ ഗൗരവമേറിയ പോരായ്മകള്‍ പരിഹരിക്കുന്നതില്‍ സഹായകമാകുമെന്ന് റിപോര്‍ട്ട് പുറത്തിറക്കി കൊണ്ടു സംസാരിച്ച ജസ്റ്റിസ് (റിട്ട) മദന്‍ ബി ലോകൂര്‍ പറഞ്ഞു. ഈ റിപോര്‍ട്ടിലെ പ്രാധാന്യമേറിയ കണ്ടെത്തലുകളെ ജുഡീഷ്യറിയും സര്‍ക്കാരും കണക്കിലെടുക്കുമെന്നു താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, ജയില്‍, ഫോറന്‍സിക്, നീതി നിര്‍വഹണം, നിയമ സഹായം തുടങ്ങിയ മേഖലകളിലെ ഒഴിവുകള്‍ നികത്താന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Comments

comments

Categories: FK News

Related Articles