കെടിഎമ്മിന്റെ പുതിയ സാഹസം ‘390 അഡ്വഞ്ചര്‍’ അനാവരണം ചെയ്തു

കെടിഎമ്മിന്റെ പുതിയ സാഹസം ‘390 അഡ്വഞ്ചര്‍’ അനാവരണം ചെയ്തു

അടുത്ത മാസം നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ അരങ്ങേറ്റം നടത്തും. 2020 തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ 3-3.2 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം

മിലാന്‍: ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഈ വര്‍ഷത്തെ ഐക്മയില്‍ കെടിഎം 390 അഡ്വഞ്ചര്‍ ഔദ്യോഗികമായി അനാവരണം ചെയ്തു. കെടിഎം 390 ഡ്യൂക്കിന്റെ ഓഫ്‌റോഡ് പതിപ്പാണ് 390 അഡ്വഞ്ചര്‍. അടുത്ത മാസം നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ കെടിഎം 390 അഡ്വഞ്ചര്‍ അരങ്ങേറ്റം നടത്തും. 2020 തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ 3-3.2 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. കെടിഎമ്മിന്റെ ആദ്യ ബിഎസ് 6, യൂറോ 5 മോഡലായിരിക്കും 390 അഡ്വഞ്ചര്‍. മഹാരാഷ്ട്രയിലെ ചാകണില്‍ പ്രവര്‍ത്തിക്കുന്ന ബജാജ്-കെടിഎം പ്ലാന്റിലായിരിക്കും 390 അഡ്വഞ്ചര്‍ നിര്‍മിക്കുന്നത്. ആഗോള വിപണികളിലേക്ക് മോട്ടോര്‍സൈക്കിള്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്യും. ബിഎംഡബ്ല്യു ജി 310 ജിഎസ്, കാവസാക്കി വെഴ്‌സിസ്-എക്‌സ് 300, ബെനല്ലി ടിആര്‍കെ 502 എന്നിവയാണ് പ്രധാന എതിരാളികള്‍.

390 ഡ്യൂക്ക് ഉപയോഗിക്കുന്ന അതേ 373.2 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. പവര്‍, ടോര്‍ക്ക് കണക്കുകളില്‍ മാറ്റമില്ല. 9,000 ആര്‍പിഎമ്മില്‍ 44 എച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 37 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്‌പ്രോക്കറ്റിംഗ് സംബന്ധിച്ചും മാറ്റങ്ങള്‍ വരുത്തിയിട്ടില്ലാത്തതിനാല്‍ ഫൈനല്‍ ഡ്രൈവ് അനുപാതവും 390 ഡ്യൂക്കിലേതു തന്നെ. എന്നാല്‍ സ്വിച്ച് ചെയ്യാന്‍ കഴിയുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍ കെടിഎം 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്.

മുന്നില്‍ 19 ഇഞ്ച് വ്യാസമുള്ള ചക്രവും (100/90 ടയര്‍) പിന്നില്‍ 17 ഇഞ്ച് ചക്രവുമാണ് (130/80 ടയര്‍) കെടിഎം 390 അഡ്വഞ്ചര്‍ ഉപയോഗിക്കുന്നത്. കംപ്രഷന്‍, റീബൗണ്ട് എന്നിവ ക്രമീകരിക്കാന്‍ കഴിയുന്ന 43 എംഎം യുഎസ്ഡി ഫോര്‍ക്ക് മുന്നിലും പ്രീ-ലോഡ്, റീബൗണ്ട് എന്നിവ ക്രമീകരിക്കാന്‍ കഴിയുന്ന മോണോഷോക്ക് പിന്നിലും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വഹിക്കും. 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ 390 ഡ്യൂക്കിലേതിനേക്കാള്‍ സസ്‌പെന്‍ഷന്‍ കൂടുതല്‍ ട്രാവല്‍ ചെയ്യും. നേക്കഡ് 390 യില്‍ മുന്നിലും പിന്നിലും യഥാക്രമം 142 എംഎം, 150 എംഎം ട്രാവല്‍ ചെയ്യുമെങ്കില്‍ 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ 170 എംഎം, 177 എംഎം എന്നിങ്ങനെയാണ്.

സ്റ്റിയറിംഗ് ഹെഡ് ആംഗിള്‍, ട്രെയ്ല്‍ എന്നിവയുടെ കാര്യത്തില്‍ ഇരു മോഡലുകളും തമ്മില്‍ വ്യത്യാസമുണ്ട്. 390 ഡ്യൂക്കില്‍ യഥാക്രമം 65 ഡിഗ്രി, 95 എംഎം ആണെങ്കില്‍ 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ 63.5 ഡിഗ്രി, 98 എംഎം എന്നിങ്ങനെയാണ്. വീല്‍ബേസ് വളരെയധികം വര്‍ധിപ്പിക്കുന്നതാണ് ഈ മാറ്റങ്ങള്‍. 390 ഡ്യൂക്കിന് 1,357 എംഎം വീല്‍ബേസാണ് ലഭിച്ചതെങ്കില്‍ 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ 1,430 മില്ലി മീറ്ററാണ്. 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 855 എംഎം സീറ്റ് ഉയരം എന്നിവയാണ് കെടിഎം 390 അഡ്വഞ്ചര്‍ സംബന്ധിച്ച മറ്റ് വിവരങ്ങള്‍. 14.5 ലിറ്ററാണ് 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിലെ ഇന്ധന ടാങ്കിന്റെ ശേഷി. താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം കൂടുതല്‍. 158 കിലോഗ്രാമാണ് ഡ്രൈ വെയ്റ്റ്.

Comments

comments

Categories: Auto