സൗരോര്‍ജത്തിനായി കെല്‍ട്രോണും കെഎസ്ഇബിയും കൈകോര്‍ക്കുന്നു

സൗരോര്‍ജത്തിനായി കെല്‍ട്രോണും കെഎസ്ഇബിയും കൈകോര്‍ക്കുന്നു

807 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുതി പദ്ധതികള്‍ മൂന്നിടങ്ങളില്‍ സ്ഥാപിക്കാന്‍ 4.31 കോടി രൂപയുടെ ഓര്‍ഡര്‍ കെഎസ്ഇബിയില്‍ നിന്ന് കെല്‍ട്രോണിന് ലഭിച്ചു

തിരുവനന്തപുരം: സൗരോര്‍ജ്ജത്തില്‍ നിന്ന് വിപുലമായ വൈദ്യുതി ഉല്‍പ്പാദനത്തിന് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കെല്‍ട്രോണും കെഎസ്ഇബിയും കൈകോര്‍ക്കുന്നു. വ്യവസായമന്ത്രി ഇ പി ജയരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് സ്ഥലങ്ങളിലുമായി 807 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കാന്‍ 4.31 കോടി രൂപയുടെ ഓര്‍ഡര്‍ കെഎസ്ഇബിയില്‍ നിന്ന് കെല്‍ട്രോണിന് ലഭിച്ചു.

പാലക്കാട് ഗ്രാമപഞ്ചായത്തിന് കീഴില്‍ അഗളിയിലുള്ള സര്‍ക്കാര്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ 500 കിലോവാട്ടിന്റെയും തൃശ്ശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ 250 കിലോവാട്ടിന്റെയും കോഴിക്കോട് സര്‍വകലാശാലയില്‍ 57 കിലോവാട്ടിന്റെയും പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രസ്തുത സ്ഥാപനങ്ങളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

പദ്ധതികള്‍ക്ക് അനുയോജ്യമായ രൂപകല്‍പന നിര്‍വഹിച്ച് സോളാര്‍പാനലുകള്‍, ബാറ്ററികള്‍, പവര്‍ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ കെല്‍ട്രോണ്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യും.

കെല്‍ട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള യൂണിറ്റിലും ആലപ്പുഴയിലെ അരൂര്‍ യൂണിറ്റിലുമാണ് പദ്ധതികള്‍ രൂപകല്‍പന ചെയ്യുന്നത്. മൂന്ന് സ്ഥലങ്ങളും സന്ദര്‍ശിച്ച് പഠനം നടത്തി കെല്‍ട്രോണിന്റെ എഞ്ചിനീയറിങ്ങ് വിങ്ങ് തന്നെയാണ് രൂപകല്‍പന നിര്‍വഹിക്കുന്നത്.

സ്ഥാപനങ്ങള്‍ക്ക് ആവശ്യമായതില്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി സ്വീകരിച്ച് പവര്‍ഗ്രിഡ് വഴി മറ്റിടങ്ങളില്‍ വിതരണം ചെയ്യും. ഇത്തരത്തില്‍ നല്‍കുന്ന വൈദ്യുതിയുടെ അളവ് കണക്കാക്കി അതത് സ്ഥാപനങ്ങള്‍ക്ക് കെഎസ്ഇബി പ്രതിഫലവും നല്‍കും.

കെഎസ്ഇബിക്ക് വേണ്ടി കണ്ണൂര്‍ ബാരാപോള, വയനാട് പടിഞ്ഞാറത്തറ ഡാം സൈറ്റ്, ബാണാസുര സാഗര്‍ ഡാം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നിരവധി ഗ്രിഡ് കണക്ടഡ് സോളാര്‍ പദ്ധതികള്‍ കെല്‍ട്രോണ്‍ വിജയകരമായി നടപ്പാക്കിയിരുന്നു. ഒപ്പം ഇന്ത്യന്‍ നേവിക്ക് വേണ്ടിയും സൗരോര്‍ജ പ്ലാന്റുകള്‍ കെല്‍ട്രോണ്‍ സ്ഥാപിക്കുന്നുണ്ട്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു വേണ്ടിയും കല്‍പ്പാക്കം ആണവ കേന്ദ്രത്തിനു വേണ്ടിയും സൗരോര്‍ജ്ജ വൈദ്യുതി പദ്ധതികള്‍ കെല്‍ട്രോണ്‍ നടപ്പാക്കിയിരുന്നു.

കേരളത്തില്‍ 350 ഓളം സ്ഥലങ്ങളിലായി 15 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുത പദ്ധതികള്‍ കെല്‍ട്രോണ്‍ പൂര്‍ത്തിയാക്കിയിരുന്നു. 7 മെഗാവാട്ട് കൂടി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുകയാണ്. കേരളത്തിന് പുറത്തും കെല്‍ട്രോണ്‍ സൗരവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

ഊര്‍ജ സംരക്ഷണത്തിനൊപ്പം പരമ്പരാഗത ഊര്‍ജസ്രോതസ്സുകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് രാജ്യത്താകെ ചര്‍ച്ചകള്‍ നടക്കുകയാണ്. സൗരോര്‍ജത്തിന് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജനയം. ഈ സാധ്യത ഫലപ്രദമായി ഉപയോഗിച്ച് രാജ്യത്തിന് മാതൃകയാവുകയാണ് കെല്‍ട്രോണ്‍.

Comments

comments

Categories: FK News