ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കും 52 ലക്ഷം തൊഴിലുകള്‍

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കും 52 ലക്ഷം തൊഴിലുകള്‍
  • രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നേരിട്ട് സൃഷ്ടിക്കുക 12.5 ലക്ഷം തൊഴിലവസരങ്ങള്‍
  • പരോക്ഷമായി 39-44 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പടുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 2025 ഓടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ നാലിരട്ടി വളര്‍ച്ച നേടുമെന്നും 12.5 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നും ഐടി സേവന കമ്പനികളുടെ ദേശീയ സംഘനടയായ നാസ്‌കോം. ഈ വര്‍ഷം 3.9-4.3 ലക്ഷം തൊഴിലവസരങ്ങളാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിട്ട് സൃഷ്ടിച്ചത്. 2025 ആവുമ്പോഴേക്കും ഇത് 12.5 ലക്ഷം വരെ ഉയരുമെന്ന് ആഗോള മാനേജ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സിന്നോവുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ നാസ്‌കോം അനുമാനിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ മൂലമുണ്ടാകുന്ന പരോക്ഷ തൊഴിലവസരങ്ങള്‍ നടപ്പു വര്‍ഷത്തെ 14-16 ലക്ഷത്തില്‍ നിന്ന് 2025 എത്തുമ്പോഴേക്കും 39-44 ലക്ഷമായി ഉയരുമെന്നും ‘ഇന്ത്യാസ് ടെക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം’ റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 16% നിക്ഷേപ വളര്‍ച്ച ഇന്ത്യ കൈവരിച്ചു.

18% സ്റ്റാര്‍ട്ടപ്പുകളും ഡീപ്-ടെക്, ഫിന്‍ടെക്, എന്റര്‍പ്രൈസ്, റീറ്റെയ്ല്‍ ടെക് സാങ്കേതികവിദ്യകളാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്. എഡുടെക്, റീറ്റെയ്ല്‍ & റീറ്റെയ്ല്‍ ടെക്, എച്ച്ആര്‍, ഹെല്‍ത്ത്‌ടെക് സ്റ്റാര്‍ട്ടപ്പ് എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു. അഗ്രിടെക്, എയ്‌റോസ്‌പേസ്, പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ നിര്‍ണായകമായ പുരോഗതിയുണ്ടിയി. 2014 മുതല്‍ ഇന്ത്യയിലെ ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ 40% വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായത്.

Categories: FK News, Slider