ഇന്ത്യ-പാക് സംഘര്‍ഷത്തോടുള്ള സൈദ്ധാന്തിക സമീപനം

ഇന്ത്യ-പാക് സംഘര്‍ഷത്തോടുള്ള സൈദ്ധാന്തിക സമീപനം

പഠാന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങളും പുല്‍വാമ സ്‌ഫോടനവും അതിര്‍ത്തി കടന്ന് അവയ്‌ക്കെല്ലാം നല്‍കിയ കനത്ത തിരിച്ചടികളും ഇന്ത്യ-പാക് സംഘര്‍ഷത്തെ ചരിത്രത്തിലെ മോശം തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. കശ്മീരിന് വേണ്ടിയുള്ള പാക് വാദത്തെ കൂടുതല്‍ ദുര്‍ബലമാക്കിക്കൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിയും സംഘര്‍ഷം വര്‍ധിക്കാനിടയാക്കി. വിഷയത്തെ അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ ആണവായുധ ഭീഷണി മുഴക്കിയിരിക്കുകയാണ് പാക്കിസ്ഥാന്‍. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ മാറ്റമുണ്ടാവാമെന്ന പ്രസ്താവനയുമായി ഇന്ത്യയും നിലപാട് കടുപ്പിച്ചിരിക്കുന്നു

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ശമിക്കാന്‍ വിസമ്മതിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രണ്ട് ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും ദുര്‍ബലമായ നിലയിലാണിന്ന്. ഇപ്പോഴത്തെ ആഴത്തിലുള്ള ശത്രുതയെ മറികടക്കുന്ന സാഹചര്യങ്ങള്‍ 1999 ലെ കാര്‍ഗില്‍ യുദ്ധത്തിന്റെയും 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെയും കാലത്ത മാത്രമാണ് നിലനിന്നിരുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം പോലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയും വഷളായിരുന്നില്ല. രാജ്യത്തെ ആകെ ഞെട്ടിച്ച പഠാന്‍കോട്ട്(2016), ഉറി(2016), അമര്‍നാഥ് യാത്ര(2017) ഭീകരാക്രമണങ്ങള്‍ മുതല്‍ അടുത്തിടെയുണ്ടായ പുല്‍വാമ സ്‌ഫോടനം (2019 ഫെബ്രുവരി) വരെയുള്ള ആക്രമണ പരമ്പരകളാണ് ഇത്തരമൊരു ഗുരുതര സ്ഥിതിയിലേക്ക് നയിച്ചത്. തല്‍ഫലമായി ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ 2015 നുശേഷം സക്രിയമായ കൂടിക്കാഴ്ചകളോ ആശയ വിനിമയങ്ങളോ നടന്നിട്ടില്ല.

കശ്മീരിന് പ്രത്യേക പദവിയും അധികാരങ്ങളും നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും കേന്ദ്രം നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെ വിഷയം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. കശ്മീര്‍ ഇന്ത്യക്ക് ആഭ്യന്തര കാര്യമാണെങ്കിലും വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കുന്നതിന് പാക്കിസ്ഥാന്‍ സംഘടിതമായ ശ്രമങ്ങള്‍ നടത്തി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലൂടെ ‘ആണവായുധ നിഴലിന് കീഴില്‍… ലോകത്തിനാകെ ഭീഷണി നിലനില്‍ക്കുന്നു’ എന്ന് വാദിച്ചുകൊണ്ട് അന്താരാഷ്ട്ര സമൂഹത്തോട് കശ്മീര്‍ പ്രശ്‌നത്തില്‍ വിപലമായ ഇടപെടല്‍ നടത്താന്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി. വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ശത്രുതയുടെ അന്ത്യം ഉടനടിയൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ നേടുന്നതിനായാണ് ഇപ്രകാരം പാക്കിസ്ഥാന്‍ ആവര്‍ത്തിച്ച് ആണവ യുദ്ധ ഭീക്ഷണി മുഴക്കുന്നത്. ഇത് തിരിച്ചറിഞ്ഞ്, വിഷയത്തില്‍ അങ്ങേയറ്റം സംയമനം പാലിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. സമാധാനത്തില്‍ നിന്നു ലഭിക്കുന്ന നേട്ടങ്ങള്‍ യുദ്ധത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങളെ വലിയതോതില്‍ കവച്ചുവെയ്ക്കുമെന്ന് മനസിലാക്കേണ്ടതുണ്ട്. ഇത്തരമൊരു കാഴ്ചപ്പാടില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ആണവായുധം ആദ്യം ആര്‍ക്കെതിരെയും ഉപയോഗിക്കില്ലെന്ന ഇന്ത്യയുടെ പരമ്പരാഗത നയം (എന്‍എഫ്യു, നോ ഫസ്റ്റ് യൂസ്) പുനഃപരിശോധിക്കുന്നത് കുഴപ്പങ്ങളുണ്ടാക്കുന്ന വിഷയം തന്നെയാണ്. ഒരു ഗെയിം തിയറിയുടെ (നയപരമായ തീരുമാന രൂപീകരണത്തെ സംബന്ധിച്ച പഠനം) കാഴ്ചപ്പാടില്‍ ഇത് മനസിലാക്കാവുന്നതാണ്.

ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന ഇന്ത്യന്‍ നയത്തില്‍ മാറ്റം വരുത്തണമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഗെയിം തിയറിയിലെ ‘പ്രിസണേഴ്‌സ് ഡിലൈമ’ എന്ന ഐതിഹാസികമായ ഉദാഹരണം ഉപയോഗിച്ച് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താവുന്നതാണ്. ഈ ഗെയിമില്‍ ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിങ്ങനെ രണ്ട് കളിക്കാരാണ് ഉള്ളത്. ഓരോ കളിക്കാര്‍ക്കും ആണവാക്രമണം നടത്തണോ വേണ്ടയോ എന്ന രണ്ട് ഓപ്ഷനുകളില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഒരു രാജ്യം മാത്രം ഏകപക്ഷീയമായ ആക്രമണം നടത്തുകയാണെങ്കില്‍ ആ രാജ്യത്തിന് ഒരു അനുകൂല ഫലവും ഏതിരാളിക്ക് പ്രതികൂല ഫലവും ലഭിക്കുന്നതാണ്. ഗെയിമിലെ മറ്റ് കളിക്കാരുടെ നയം എന്താണെന്ന് കണ്ടെത്തുന്നതിന്, ഓരോരുത്തര്‍ക്കും ആക്രമിക്കുക എന്ന നയം സ്വീകരിക്കുന്നതിന് എപ്പോഴും പരമാവധി ഫലം ലഭിക്കും. അതിനാല്‍ ആക്രമിക്കുകയെന്ന നയമാണ് ഓരോ കളിക്കാരന്റെയും ആധിപത്യ തന്ത്രം, അതു മാത്രമാണ് ഗെയിമിലെ നാഷ് ഇക്യുലിബ്രിയം (മറ്റുള്ള കളിക്കാരുടെ തന്ത്രങ്ങള്‍ ഊഹിച്ചെടുക്കുകയും സ്വന്തം തന്ത്രം മാറ്റുന്നതിലൂടെ മാത്രം കളിക്കാര്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം).

എങ്ങനെയായാലും രണ്ട് കൂട്ടരും (ഇന്ത്യയും പാക്കിസ്ഥാനും) പരസ്പരം ആക്രമണം വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നതാണ് കൂടുതല്‍ നല്ലത്. അവരുടെ മൊത്തത്തിലുള്ള അന്തിമഫലം നാഷ് ഇക്യുലിബ്രിയത്തിലെ ആധിപത്യ തന്ത്രത്തേക്കാള്‍ ഉയര്‍ന്നതായിരിക്കും. ആദ്യം ആക്രമിക്കുന്ന രാജ്യത്തിന് ആദ്യ നീക്കം നടത്തിയതിന്റെ നേട്ടമുണ്ടാകുമെന്നുള്ളതാണ് ഇതിനു കാരണം. എന്നാല്‍ ഇത് തുടര്‍ച്ചയായ പ്രത്യാക്രമണത്തിന് കാരണമാകുകയും ക്രമേണ ഇരു കൂട്ടര്‍ക്കും പ്രതികൂലമായ ഫലങ്ങളുണ്ടാക്കുകയും ചെയ്യും. അതിനാല്‍, പരസ്പരം ആക്രമിക്കാനുള്ള ആധിപത്യ തന്ത്രം രണ്ടു കൂട്ടര്‍ക്കുമുണ്ടെങ്കിലും സഹകരണത്തിലൂടെ അതിലും മെച്ചപ്പെട്ട ഫലമുണ്ടാക്കാനാകും.

എന്‍എഫ്‌യു നയം ഫലത്തില്‍ ഇന്ത്യ ആദ്യം ആക്രമിക്കില്ലെന്ന കാര്യത്തില്‍ പാക്കിസ്ഥാനുള്ള ഉറപ്പായിട്ടാണ് വര്‍ത്തിക്കുന്നത്. ആക്രമണം നടത്തേണ്ടെന്ന നയം തെരഞ്ഞെടുക്കാന്‍ അയല്‍ക്കാരെ അനുവദിക്കുന്ന നയമാണിത്. ഇന്ത്യ ഈ നയം മാറ്റുകയാണെങ്കില്‍ അത് ഗെയിമില്‍ അസ്ഥിരതയുടെ അംശം കൊണ്ടുവരും. ഇത്തരം ഒരു സാഹചര്യത്തില്‍, അടുത്ത തവണ ബന്ധം മോശമാകുമ്പോള്‍ ഇന്ത്യ എന്തായിരിക്കും ചെയ്യുകയെന്ന ധാരണ പാക്കിസ്ഥാനം ഉണ്ടാവില്ല. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന യുദ്ധങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍, ഇന്ത്യക്കെതിരായുള്ള പരമ്പരാഗതമായ സൈനിക ആക്രമണങ്ങള്‍ വിജയിക്കുമെന്ന കാര്യത്തില്‍ പാക്കിസ്ഥാന് സംശയമുണ്ടാകുമെന്നുറപ്പാണ്.

അതിനാല്‍ സംഘര്‍ഷത്തിന്റെ പ്രാരംഭദശയില്‍ തന്നെ ആണവായുധം പ്രയോഗിക്കുകയെന്നതാണ് പാക്കിസ്ഥാന് സ്വീകരിക്കാവുന്ന മികച്ച യുദ്ധ തന്ത്രം. മേല്‍പ്പറഞ്ഞ തരത്തിലുള്ള ഒരു അനിശ്ചിതത്വം, പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ആണവായുധ ആക്രമണം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ചാലകശക്തിയായി പ്രവര്‍ത്തിക്കും. ഇന്ത്യ ആണവായുധം പ്രയോഗിക്കുകയാണെങ്കില്‍ അത് അയല്‍രാജ്യത്തിന്റെ എല്ലാ ആണവശേഷിയെയും നശിപ്പിക്കുമെന്ന് വ്യക്തമാണ്. അത്തരമൊരു സാഹചര്യം സംജാതമാകുമെന്ന ഭയവും പരമ്പരാഗത സൈനികശക്തിയുപയോഗിച്ചുള്ള യുദ്ധത്തില്‍ പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നതിനാലും പാക്കിസ്ഥാന്‍ ആദ്യം ആണവാക്രമണം നടത്താനുള്ള സാധ്യതകള്‍ ഉയര്‍ത്തുന്നു.

അതുകൊണ്ട് അനിശ്ചിതാവസ്ഥ ആണവ യുദ്ധത്തിന്റെ സാധ്യതകളെ കുറയ്്ക്കുന്നില്ലെന്നും മറിച്ച് വിപുലീകരിക്കുന്നെന്നും പറയാം. എന്‍എഫ്‌യു നയം ഈ മേഖലയിലെ സമാധാനം ഉറപ്പുവരുത്താനുള്ള ഒരു ഉപാധിയാണ്, അത് കൈവിടാന്‍ പാടില്ല. ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നയത്തില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഒരു കടന്നാക്രമണം വേണ്ടെന്ന നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിക്കാന്‍ സാധ്യത. ഈ നയം രാജ്യങ്ങള്‍ പരസ്പരം ആക്രമിക്കുന്ന, നാഷ് ഇക്യുലിബ്രിയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു. പരസ്പരം ആക്രമിക്കാതിരിക്കുകയാണ് ഇരു കൂട്ടര്‍ക്കും നല്ലതെന്ന ‘പാരറ്റോ സുപ്പീരിയര്‍’ (Pareto superior) അവസ്ഥയില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്ന പ്രതിരോധായുധമായി ഇത് രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യ എന്‍എഫ്‌യു നയത്തോട് പ്രതിബദ്ധത പുലര്‍ത്തുകയാണെങ്കില്‍ പാക്കിസ്ഥാന്‍ അവരുടെ യുദ്ധക്കൊതി കൊണ്ട് ആക്രമണം തെരഞ്ഞെടുത്തേക്കാമെന്നും ഗെയിം തിയറി മാതൃക കാണിക്കുന്നുണ്ട്. ഇന്ത്യയെ ആക്രമിച്ചാലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് പാക്കിസ്ഥാന് പൂര്‍ണമായ അവബോധമുണ്ടായിരിക്കണം. സമ്പൂര്‍ണ വിനാശത്തിനു പുറമെ ആഗോളതലത്തിലെ സാമൂഹ്യ ബഹിഷ്‌കരണത്തെപ്പറ്റിയുള്ള ഭയവും ആക്രമണം നടത്താന്‍ തീരുമാനിക്കുമ്പോള്‍ പാക്കിസ്ഥാനെ സ്വാധീനിക്കാവുന്ന ഘടകങ്ങളാണ്. നിരര്‍ത്ഥകമായ സംഘര്‍ഷങ്ങളുടെ സമയത്ത് അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് പകരം സമാധാനപരമായി ചിന്തിക്കുന്ന മസ്തിഷ്‌കങ്ങളാണ് ആവശ്യം.

Categories: FK Special, Slider