ബിസിനസ് മാനേജ്‌മെന്റ് ഒരിക്കലും ഇങ്ങനെയാകരുത് !

ബിസിനസ് മാനേജ്‌മെന്റ് ഒരിക്കലും ഇങ്ങനെയാകരുത് !

സംരംഭകത്വം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പാഷനായി മാറിയിട്ട് കാലങ്ങളേറെയായി. മികച്ച വിദ്യാഭ്യാസം നേടി കലാലയത്തിന് പുറത്തെത്തുന്ന ഒരു വിദ്യാര്‍ത്ഥി ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഏതെങ്കിലും മികച്ച സ്ഥാപനത്തില്‍ ജോലി ലഭിക്കണം എന്നല്ല. മറിച്ച് നാല് പേര്‍ക്കെങ്കിലും ജോലി നല്‍കാന്‍ സാധിക്കുന്ന രീതിയില്‍ ഒരു സംരംഭകനാകണം എന്നാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. നിശ്ചിത വരുമാനം കിട്ടുന്ന വൈറ്റ് കോളര്‍ ജോബിന് പിന്നാലെ പായുന്ന രീതിയില്‍ നിന്നും മലയാളി ഒപരുപാട് ദൂരം മുന്നോട്ട് പോയിരിക്കുന്നു. എന്നാല്‍ മനസിലുള്ള ഒരാശയം ബിസിനസ് തലത്തിലേക്ക് എത്തിക്കുക എന്നത് ഒരുപക്ഷെ എളുപ്പത്തില്‍ സാധ്യമാകും. എന്നാല്‍ ആ ബിസിനസ് വീഴ്ചകള്‍ കൂടാതെ നടത്തിക്കൊണ്ട പോകുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. സംരംഭം ചെറുതോ വലുതോ ആകട്ടെ, അതിന്റെ വിജയവും പരാജയവും ബിസിനസിനോടുള്ള നിങ്ങളുടെ സമീപനത്തെ ആശ്രയിച്ചിരിക്കും. ബിസിനസ് തുടങ്ങുന്നതിനുതകുന്ന മേഖല കണ്ടുപിടിക്കുന്നത് മുതല്‍ മികച്ച ബിസിനസ് നെറ്റ്‌വര്‍ക്കുകള്‍ വികസിപ്പിച്ചെടുത്ത് തൊഴിലാളികളെ കമ്പനിയുടെ കൂടെ നിര്‍ത്തി ഒരു സ്ഥാപനം മുന്നോട്ട് കൊണ്ട് പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബിസിനസിന്റെ ആരംഭത്തെക്കാള്‍ ഏറെ ശ്രദ്ധിക്കേണ്ടത് തുടര്‍ന്നുള്ള ബിസിനസ് മാനേജ്‌മെന്റിലാണ്. അതിനാല്‍ തന്നെ മാനേജ്‌മെന്റ് രംഗത്തെ ചില അബദ്ധങ്ങളെപ്പറ്റി ഉടമക്ക് തികഞ്ഞ ബോധ്യമുണ്ടാകണം.ബിസിനസ് മാനേജ്‌മെന്റില്‍ ഒരു സംരംഭകന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത 8 കാര്യങ്ങളിതാ…

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സംരംഭകരംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ സഹായിച്ച ഘടകമെന്തെന്നുള്ള ചോദ്യത്തിനുള്ള ഉത്തരമായി പോപ്പീസ് ബേബി കെയര്‍ മാനേജിംഗ് ഡയറക്റ്ററായ ഷാജു തോമസ് ഒരിക്കല്‍ പറഞ്ഞതിതാണ്…”സംരംഭം വികസിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. എന്നാല്‍ അത് എന്റെ മാത്രം ആവശ്യമാണെന്ന തോന്നലിലല്ല ഞാന്‍ സ്ഥാപനം നടത്തിയത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഓരോ വ്യക്തിക്കും പോപ്പീസിന്റെ നിലനില്‍പ്പ് അനിവാര്യമാണെന്ന തോന്നലുണ്ടാക്കിക്കുകയാണ് ഞാന്‍ ചെയ്തത്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ തിരുവാലി എന്ന ഗ്രാമത്തെ തൊഴില്‍ സാധ്യതകള്‍ ഞാന്‍ വര്‍ധിപ്പിച്ചു. പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാത്ത ഗ്രാമത്തിലെ വീട്ടമ്മമാര്‍ക്ക് ജോലിയും വരുമാനവും നല്‍കി. അതോടെ ഒരു ഗ്രാമം മുഴുവനും സ്ഥാപനത്തോടൊപ്പം നിന്നു. സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് ആനുപാതികമായി സമൂഹവും വളര്‍ന്നു”.

ഷാജു തോമസ് എന്ന സംരംഭകന്‍ പറഞ്ഞു നിര്‍ത്തിയിടത്തു നിന്നാണ് യുവസംരംഭകര്‍ ചിന്തിച്ചു തുടങ്ങേണ്ടത്. നിങ്ങളുടെ സംരംഭം ചെറുതോ വലുതോ ആകട്ടെ, അതിന്റെ വിജയവും പരാജയവും ബിസിനസിനോടുള്ള നിങ്ങളുടെ സമീപനത്തെ ആശ്രയിച്ചിരിക്കും. ബിസിനസ് വിജയത്തിനായി എന്തെല്ലാം ചെയ്യണം എന്ന കാര്യം പല സംരംഭകത്വ സെമിനാറുകളിലും ചര്‍ച്ച ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ബ്രാന്‍ഡിംഗ്, സിഎസ് ആര്‍ പദ്ധതികള്‍ തുടങ്ങി ഒരു സ്ഥാപനം നടപ്പിലാക്കേണ്ട നിരവധി കാര്യങ്ങള്‍ അക്കമിട്ട് നിരത്തുമ്പോഴും ബിസിനസില്‍ എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്നതിനെപ്പറ്റി ആരും എവിടെയും പരാമര്‍ശിക്കുന്നില്ല. പരാജയഭീതിയെ മുഖവിലയ്ക്ക് എടുക്കാത്തതിനാലാണിത്. ബിസിനസില്‍ വിജയിക്കണമെങ്കില്‍ ഒരു പരിധിവരെ പരാജയഭീതി എന്ന ഘടകവും കൂടെ ഉണ്ടാകണം. എങ്കില്‍ മാത്രമേ എന്ത് തീരുമാനം എടുക്കുമ്പോഴും രണ്ടു വട്ടം ക്രോസ്സ് ചെക്ക് ചെയ്യാന്‍ സാധിക്കൂ. വായ്പയെടുത്തും നാളത് വരെയുള്ള സമ്പാദ്യം വിനിയോഗിച്ചുമെല്ലാം ബിസിനസ് തുടങ്ങുമ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കുക.

1. മാതൃകകള്‍ പിന്തുടരാം പക്ഷേ എടുത്തുചാട്ടം വേണ്ട … — ബിസിനസില്‍ എപ്പോഴും വിജയിച്ച സംരംഭകരുടെ മാതൃകകള്‍ പിന്തുടരുന്നത് നല്ലതാണ്. എന്നാല്‍ എന്താണ് തന്റെ സ്ഥാപനത്തിലെ അവസ്ഥ, തൊഴിലാളികളുടെ മനോഭാവം എന്താണ്, ഫണ്ടിംഗ് എത്രമാത്രമുണ്ട്, സ്ഥാപനത്തിന്റെ ഗുഡ്‌വില്‍ എപ്രകാരമാണുള്ളത് തുടങ്ങിയ കാര്യങ്ങള്‍ ഒന്നും പരിഗണിക്കാതെ മറ്റ് വിജയ മാതൃകകള്‍ കണ്ണുമടച്ച് പിന്തുടരുന്നത് അബദ്ധമാണ്. തന്റെ സ്ഥാപനവും മാതൃകയാക്കുന്ന സ്ഥാപനവും തമ്മിലെ സാമ്യം, ചിന്താഗതികള്‍ എന്നിവ വിലയിരുത്തിയ ശേഷം മാത്രമാകണം ഈ മാതൃകയാക്കല്‍. സ്വന്തം സ്ഥാപനത്തിന്റെ വളര്‍ച്ചയും ഗതിവിഗതികളും മനസിലാക്കിയ ശേഷം മാത്രമേ തന്റെ സംരംഭത്തിന് പിന്തുടരേണ്ട മാതൃക തെരെഞ്ഞെടുക്കാവൂ. എടുത്ത് ചാട്ടമാണ് ഈ രംഗത്ത് പല സംരംഭകര്‍ക്കും തലവേദന സൃഷ്ടിക്കുന്നത്.

2. അമിതമായ പ്രൊജക്ഷന്‍സ് പാടില്ല – ഒട്ടുമിക്ക സംരംഭകര്‍ക്കും തുടക്കത്തിലേ കാലിടറുന്നതിനുള്ള പ്രധാനകാരണമാണ് തന്റെ സ്ഥാപനത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷ. സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, അതിനു വളരുന്നതിനായി ഒരു മിനിമം സമയം ആവശ്യമാണ്. ഈ കാലഘട്ടത്തില്‍ സ്ഥാപനത്തിന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാവിധ പിന്തുണയും നല്‍കുന്നതിന് ഉടമകള്‍ ബാധ്യസ്ഥരാണ്. സ്ഥാപനത്തെപ്പറ്റി പുറത്ത് സംസാരിക്കുമ്പോള്‍ ഉള്ളത് മാത്രം പറയുക. ഉള്ളതിന്റെ നാലിരട്ടി കാണിക്കുന്ന സ്വഭാവമാണ് എങ്കില്‍ ബ്രാന്‍ഡിംഗിനെക്കാള്‍ ഏറെ ദോഷമാണ് അത് ചെയ്യുക. കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും എപ്പോഴും ലാളിത്യം കാണിക്കാന്‍ ശ്രമിക്കുക. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ക്ക് ബ്രാന്‍ഡിംഗ്, സെയില്‍സ് , മാര്‍ക്കറ്റിങ് തുടങ്ങിയ രംഗങ്ങളില്‍ സ്ഥാപന ഉടമയുടെ നേരിട്ടുള്ള ശ്രദ്ധ അനിവാര്യമാണ്.

3. ഞാന്‍ മുതലാളി ഭാവം വേണ്ട – കാര്യം ബിസിനസ് നടത്തിപ്പിനായി മികച്ച ആശയവും നിക്ഷേപവുമെല്ലാം കൊണ്ട് വരുന്നത് നിങ്ങള്‍ തന്നെയായിരിക്കാം. എന്ന് കരുതി തുടക്കം മുതല്‍ ഞാനാണ് മുതലാളി എന്ന രീതിയിലുള്ള ഒരു ഭാവം സൂക്ഷിച്ചത് തിരിച്ചടിയാകും എന്നുറപ്പ്. തൊഴിലാളികള്‍ കേവലം ആജ്ഞാനുവര്‍ത്തികളാണ് എന്ന ചിന്ത വേണ്ട. എന്നും ഇപ്പോഴും തൊഴിലാളികള്‍ക്കൊപ്പം അവരില്‍ ഒരാളായി നിന്നു പ്രവര്‍ത്തിക്കാനുള്ള കഴിവും മനസുമുള്ള ആളുകളെയാണ് ഇന്നത്തെ തലമുറയിലെ തൊഴിലാളികള്‍ക്കിഷ്ടം. എത്ര ചെറിയവന്‍ പറയുന്ന കാര്യത്തിനും ചെവി കൊടുക്കുന്നവനാണ് യഥാര്‍ത്ഥ സംരംഭകന്‍ എന്ന തത്വം മനസ്സിലാക്കിക്കൊണ്ട് മാത്രം ഇത്തരം അവസ്ഥകളെ നേരിടുക. തൊഴിലാളികളോട് മാന്യമായി പെരുമാറുക, അവര്‍ക്കര്‍ഹതപ്പെട്ട വേതനം ലഭ്യമാക്കുക തുടങ്ങിയ ഒരിക്കലും വീഴ്ച കൂടാതെ നടപ്പിലാക്കേണ്ട കാര്യങ്ങളാണ്.

4. ഇടുങ്ങിയ ചിന്താഗതി വേണ്ട — ഇടുങ്ങിയ ചിന്താഗതി ബിസിനസില്‍ എന്നും പ്രശ്‌നമാണ്. ബിസിനസിനെ എപ്പോഴും വിശാലമായി കാണണം. ആവശ്യമില്ലാത്ത സംശയങ്ങള്‍, സ്ഥാനം നഷ്ടമാകുമോ , വിപണി മാറി മറിയുമോ തുടങ്ങിയ ചിന്തകള്‍ക്കൊന്നും ഇവിടെ അടിസ്ഥാനമില്ല. അവസരത്തിനൊത്ത് ഉയരുക എന്നതാണ് ഇവിടെ പ്രധാനം. ട്രെന്‍ഡിനനുസരിച്ച് വിപണിയെ പഠിക്കണം. വിപണിയുടെ രുചി മാറുന്നതിനനുസരിച്ച് കൂടുതല്‍ പുതുമയാര്‍ന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും നടപ്പിലാക്കണം. പുതുമകളോട് നോ പറയുന്ന സംരംഭകന് അധികനാള്‍ പിടിച്ചു നില്‍ക്കാനാവില്ല. സ്ഥാപനം വളരേണ്ടത് തന്റെ മാത്രം ആവശ്യമില്ല, സമൂഹത്തിന്റെ കൂടി ആവശ്യമാണ് എന്ന രീതിയിലേക്ക് സ്വന്തം സ്ഥാപനത്തെ പൊസിഷന്‍ ചെയ്യാന്‍ സ്ഥാപന ഉടമക്ക് കഴിയണം.

5. പിശുക്കില്ലാതെ ചെലവ് ചുരുക്കാം – നിക്ഷേപം നടത്തിയവന് മാത്രമേ പണത്തിന്റെ വില ശരിക്കും അറിയുകയുള്ളൂ . അതിനാല്‍ വരവ് ചെലവുകളുടെ കാര്യത്തില്‍ ഒരു ഉറച്ച സമീപനം ആവശ്യമാണ്. ബിസിനസിന്റെ തുടക്കത്തില്‍ തന്നെ എല്ലാ തുകയും നിക്ഷേപിക്കണം എന്ന വാശി വേണ്ട. പാത്രം അറിഞ്ഞു വിളമ്പണം എന്ന പോലെ ബിസിനസ് പുരോഗതി നോക്കിക്കണ്ട ശേഷം മാത്രമാവണം നിക്ഷേപം. ഏറെ തുക നിക്ഷേപിച്ചിട്ടും വലിയ നേട്ടമൊന്നുമില്ല എന്ന് മനസിലാക്കിയാല്‍ അവിടെ നിര്‍ത്തണം നിക്ഷേപം. ബ്രാന്‍ഡിംഗിനും മറ്റുമായി തുടക്കത്തിലേ നല്ലൊരു തുക ചെലവഴിക്കുന്നത് മണ്ടത്തരമാണ്. പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന രീതിയിലുള്ള സമീപനമാണ് ഇവിടെ ആവശ്യം.

6 . ഒഴിവില്ലാതെ ബിസിനസ് വേണ്ട – പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ഒന്നാണ് രാവും പകലും കഷ്ടപ്പെട്ട് ബിസിനസ് വളര്‍ത്തി എന്ന വാചകം. എന്നാല്‍ ഇന്ന് ഇക്കാര്യത്തില്‍ ഒരു തിരുത്ത് അനിവാര്യമാണ്. ഓരോന്നും ചെയ്യേണ്ട സമയത്ത് മാത്രം ചെയ്യുക. ഏത് തൊഴിലിനും ചില ഇടവേളകള്‍ ആവശ്യമാണ്.രാപ്പകലില്ലാതെ ബിസിനസിനായി അലഞ്ഞാല്‍ ക്രമേണ അതിനോട് ഒരു ,മടുപ്പ് രൂപപ്പെടും. മാത്രമല്ല, വ്യക്തിജീവിതം മറന്നു ബിസിനസിന്റെ പിന്നാലെ പായുന്നത് ശുദ്ധ മണ്ടത്തരമാണ് . സ്വന്തം കാര്യം ശ്രദ്ധിക്കുന്ന പോലെ തന്നെ സ്ഥാപനത്തിലെ തൊഴിലാളികളെയും ശ്രദ്ധിക്കുക. അവര്‍ക്ക് ആവശ്യമായ ഫ്രീ ടൈം, വിശ്രമം എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

7. വെട്ടിപ്പിടിക്കാന്‍ നോക്കേണ്ട – ബിസിനസില്‍ ആവേശം നല്ലതാണ്. എന്ന് കരുതി വര്‍ഷങ്ങളായി വിപണിയില്‍ ഉള്ള ബ്രാന്‍ഡുകളെ ഒറ്റരാത്രികൊണ്ട് പിന്തള്ളാം എന്നുള്ള തോന്നലുകള്‍ ഒന്നും വേണ്ട. എപ്പോഴും ശരിയായ ദിശയില്‍ മാത്രം ചിന്തിക്കുക.സ്ലോ ആന്‍ഡ് സ്റ്റഡി വിന്‍സ് ദി റേസ് എന്ന തത്വം മനസ്സില്‍ സൂക്ഷിക്കുക. എല്ലാം പെട്ടന്ന് സ്വന്തമാക്കണം എന്ന ചിന്തയില്‍ വിപണി നോക്കാതെ നിക്ഷേപം നടത്തുന്നതും മാര്‍ക്കറ്റിങ് രംഗത്ത് മാത്രമായി കൂടുതല്‍ തുക വിനിയോഗിക്കുന്നതും തെറ്റായ നടപടിയാകും. ഇത്തരം അവസരങ്ങളില്‍ തനിക്ക് മുന്നിലുള്ള വിജയ മാതൃകകള്‍ വിലയിരുത്തുക. ആവേശമല്ല, അടിയുറച്ച സമീപനമാണ് ബിസിനസ് നടത്തിപ്പില്‍ ആവശ്യം.

8. ഹാര്‍ഡ് വര്‍ക്കല്ല സ്മാര്‍ട്ട് വര്‍ക്കാണ് വേണ്ടത് – കാലങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും എന്റെ സംരംഭം വിജയിച്ചില്ല എന്ന പരാതി പല സംരംഭകരില്‍ നിന്നും ഉയരാറുണ്ട്. എന്തുകൊണ്ടാണിതെന്നു ചിന്തിച്ചിട്ടുണ്ടോ? അവര്‍ വിപണിക്കാവശ്യമുള്ളത് ആവശ്യമുള്ള സമയത്ത് നല്‍കുന്നില്ല എന്നതാണ് കാരണം. ഹാര്‍ഡ് വര്‍ക്കല്ല സ്മാര്‍ട്ട് വര്‍ക്കാണ് ബിസിനസ് വിജയത്തിന് അനിവാര്യം എന്നത് തന്നെയാണ്. ശരീരത്തിനും മനസിനും വിശ്രമമില്ലാതെ ചെയ്യുന്ന ഒരു പ്രവര്‍ത്തിയും വിജയം കണ്ട ചരിത്രമില്ല എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു

Categories: FK Special, Slider