ഹീറോ എക്‌സ്പള്‍സ് 200 ബൈക്കിന് റാലി കിറ്റ് പ്രഖ്യാപിച്ചു

ഹീറോ എക്‌സ്പള്‍സ് 200 ബൈക്കിന് റാലി കിറ്റ് പ്രഖ്യാപിച്ചു

റാലി കിറ്റിന്റെ ലഭ്യത, വില എന്നിവ ഹീറോ മോട്ടോകോര്‍പ്പ് വെളിപ്പെടുത്തിയിട്ടില്ല

മിലാന്‍: ഹീറോ എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളിന് പുതുതായി റാലി കിറ്റ് പ്രഖ്യാപിച്ചു. റാലികളിലും മോട്ടോര്‍സ്‌പോര്‍ട്‌സ് മല്‍സരങ്ങളിലും പങ്കെടുക്കുന്നതിന് ഈ റാലി കിറ്റ് ഉപയോഗിക്കാം. എന്നാല്‍ പൊതുനിരത്തുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. റാലി കിറ്റ് ഉപയോഗിക്കുന്നതോടെ സ്ട്രീറ്റ് ലീഗല്‍ ഹീറോ എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിള്‍ പൂര്‍ണമായി റാലി മെഷീനായി മാറും. ‘ഹീറോ മോട്ടോസ്‌പോര്‍ട്‌സ് ടീം റാലി’യുടെ ഡാക്കര്‍ റാലി അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് റാലി കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. ഹീറോ മോട്ടോകോര്‍പ്പിന്റെ ഗവേഷണ വികസന സ്ഥാപനമായ ജയ്പുരിലെ ഇന്നൊവേഷന്‍ ടെക്‌നോളജി സെന്ററിലാണ് (സിഐടി) റാലി കിറ്റ് വികസിപ്പിച്ചത്. റാലി കിറ്റിന്റെ ലഭ്യത, വില എന്നിവ ഹീറോ മോട്ടോകോര്‍പ്പ് വെളിപ്പെടുത്തിയിട്ടില്ല.

പൂര്‍ണമായി ക്രമീകരിക്കാവുന്നതും നീളം കൂടിയതുമായ മുന്‍, പിന്‍ സസ്‌പെന്‍ഷന്‍, ഓഫ്‌റോഡിംഗ് സമയങ്ങളില്‍ വേണ്ടവിധത്തില്‍ ഇരുത്തം ശരിയാക്കുന്നതിന് കൂടുതല്‍ പരന്ന സീറ്റ്, ഓഫ്‌റോഡ് ബൂട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ എളുപ്പത്തിനായി നീളമേറിയ ഗിയര്‍ പെഡല്‍, എഴുന്നേറ്റുനിന്ന് റൈഡ് ചെയ്യുമ്പോള്‍ ഉപകരിക്കുന്നതിന് ഹാന്‍ഡില്‍ബാര്‍ റൈസറുകള്‍, അധിക ഗ്രൗണ്ട് ക്ലിയറന്‍സിന് നീളമേറിയ സൈഡ് സ്റ്റാന്‍ഡ്, അധിക മുരള്‍ച്ച ലഭിക്കുന്നതിന് മുന്നില്‍ 12 ടീത്ത് സ്‌പ്രോക്കറ്റ്, പിന്നില്‍ 40 ടീത്ത് സ്‌പ്രോക്കറ്റ്, ഓഫ്‌റോഡിംഗ് സമയത്ത് കൂടുതല്‍ ട്രാക്ഷന്‍ ലഭിക്കുന്നതിന് റാലി ടയറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് റാലി കിറ്റ്. ചിത്രങ്ങളില്‍ കാണുന്ന അക്രാപൊവിച്ച് എക്‌സോസ്റ്റ് റാലി കിറ്റിന്റെ ഭാഗമായി നല്‍കാന്‍ സാധ്യതയില്ല. നല്‍കിയാല്‍ വില ഗണ്യമായി വര്‍ധിക്കും. റാലി കിറ്റ് ഉപയോഗിക്കുന്നതോടെ നിലവിലെ 220 മില്ലി മീറ്ററില്‍നിന്ന് ഹീറോ എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 275 എംഎം ആയി വര്‍ധിക്കും.

199.6 സിസി, സിംഗിള്‍ സിലിണ്ടര്‍, 2 വാല്‍വ് എന്‍ജിനാണ് നിലവിലെ ഹീറോ എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 18 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 17.1 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 154 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്.

Comments

comments

Categories: Auto