എലഫന്റ് ബോണ്ടുകള്‍ക്ക് ശുപാര്‍ശ

എലഫന്റ് ബോണ്ടുകള്‍ക്ക് ശുപാര്‍ശ

അനധികൃത സമ്പത്തിന്റെ 40% ദീര്‍ഘകാല അടിസ്ഥാന സൗകര്യ ബോണ്ടുകളില്‍ നിക്ഷേപിക്കണം

ന്യൂഡെല്‍ഹി: രാജ്യത്തെ കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് പൊതുമാപ്പ് പദ്ധതിയായ എലഫന്റ് ബോണ്ട് (ദീര്‍ഘകാല അടിസ്ഥാന സൗകര്യ ബോണ്ട്) നടപ്പാക്കാന്‍ വാണിജ്യമന്ത്രാലയം രൂപീകരിച്ച ഉന്നതതല ഉപദേശക സമിതി (എച്ച്എല്‍എജി) ശുപാര്‍ശ ചെയ്തു. കണക്കില്‍പ്പെടാത്ത സമ്പത്ത് വെളിപ്പെടുത്താനും നിശ്ചിത നികുതി നല്‍കി നിയമാനുസൃതമാക്കാനും സഹായിക്കുന്നതാണ് പദ്ധതി. ഇതനുസരിച്ച് അനധികൃത സമ്പത്തിന്റെ 40 ശതമാനം ദീര്‍ഘകാല അടിസ്ഥാന സൗകര്യ ബോണ്ടുകളില്‍ നിക്ഷേപിക്കണം. ഇത്തരം ബോണ്ടുകളിലൂടെ നിക്ഷേപിക്കപ്പെടുന്ന പണം രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായിരിക്കും വിനിയോഗിക്കുക.

സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍, വിദേശത്തെ കള്ളപ്പണം നാട്ടിലേക്കെത്തിക്കുന്നതിന് നടപ്പാക്കുന്ന ആദ്യ പൊതുമാപ്പ് പദ്ധതിയായിരിക്കും ഇത്. കള്ളപ്പണം വെളിപ്പെടുത്തുന്ന വ്യക്തിക്ക് എല്ലാത്തരം നിയമങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്നതാവും പരിപാടി. വിദേശ വിനിമയ ചട്ടം, നികുതി നിയമങ്ങള്‍, കള്ളപ്പണ നിരോധന നിയമം എന്നിവയില്‍ നിന്ന് വ്യക്തി സംരക്ഷിക്കപ്പെടും.

നോട്ട് അസാധുവാക്കലിന് ശേഷം കൈവശമുള്ള കള്ളപ്പണം വെളിപ്പെടുത്തി നിയമാനൃസൃതമാക്കുന്നതിന് പൊതുമാപ്പ് പദ്ധതികള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2016 ല്‍ പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്‌കീം (പിഎംജികെഡിഎസ്) നിലവില്‍ വന്നെങ്കിലും അമിതമായ നികുതി നിരക്കും പണമിടപാട് തടയല്‍ നിയമം, അഴിമതി നടയല്‍ നിയമം തുടങ്ങിയവയുടെ കീഴിലുള്ള നടപടികളില്‍ നിന്ന് പരിരക്ഷണം ഉറപ്പാക്കാനാവാഞ്ഞതിനാലും പദ്ധതി ആകര്‍ഷകമായില്ല. 1981 ല്‍ കൊണ്ടുവന്ന സ്‌പെഷ്യല്‍ ബയറര്‍ ബോണ്ട്‌സ് ആക്ടും വേണ്ടത്ര ഗുണം ചെയ്തിരുന്നില്ല.

ശുപാര്‍ശ

വെളിപ്പെടുത്തുന്ന സ്വത്തിന്റെ 15% നികുതിയായി ഈടാക്കും. അത്തരം ബോണ്ടുകളുടെ പലിശ നിരക്ക് ആഗോള ബാങ്കുകള്‍ പരസ്പരം നല്‍കുന്ന വായ്പയുടെ പലിശാ നിരക്കായ എല്‍ഐബിഒആറുമായി ബന്ധിപ്പിക്കും. ദീര്‍ഘകാല അടിസ്ഥാന സൗകര്യ ബോണ്ടിന്് ലഭിക്കുന്ന പലിശയ്ക്ക് ഉയര്‍ന്ന നികുതിയായ 75% ഈടാക്കും. 20 വര്‍ഷം മുതല്‍ 30 വര്‍ഷം വരെയാണ് എലഫന്റ് ബോണ്ടുകളുടെ കാലാവധി.

Categories: FK News, Slider