ചൈനയിലെ സമ്പന്നരില്‍ ഒന്നാമന്‍ ജാക് മാ തന്നെ

ചൈനയിലെ സമ്പന്നരില്‍ ഒന്നാമന്‍ ജാക് മാ തന്നെ
  • ആലിബാബ സ്ഥാപകന്റെ സമ്പദ്ദ് 38.2 ബില്യണ്‍ ഡോളര്‍
  • 2018ല്‍ ഇത് 34.6 ബില്യണ്‍ ഡോളറായിരുന്നു. രണ്ടാമന്‍ മാ ഹുവാതെംഗ്

ബെയ്ജിംഗ്: ഇ-കൊമേഴ്‌സ് സംരംഭമായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജാക് മാ തന്നെയാണ് ചൈനയിലെ സമ്പന്നരിലെ ഒന്നാമന്‍. ഫോബ്‌സ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ചൈന റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ചൈനയിലെ ധനികരില്‍ ജാക് മാ മുന്നിലെത്തുന്നത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ടെക് ഭീമനായ ആലിബാബയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ജാക് മാ പടിയിറങ്ങിയത്. 2019ലെ കണക്കനുസരിച്ച് 38.2 ബില്യണ്‍ ഡോളറാണ് ജാക് മായുടെ വരുമാനം. മുന്‍ വര്‍ഷം ഇത് 34.6 ബില്യണ്‍ ഡോളറായിരുന്നു.

ചൈനയുടെ സാമ്പത്തികരംഗത്ത് തളര്‍ച്ചയാണ് അനുഭവപ്പെടുന്നതെങ്കിലും സമ്പന്നരായ സംരംഭകര്‍ പുതിയ വഴികളിലൂടെ തങ്ങളുടെ ഭാഗ്യം കണ്ടെത്തുകയാണെന്ന് ഫോബ്‌സ് ചൈനയുടെ എഡിറ്റര്‍ ഇന്‍ ചീഫ് റസല്‍ ഫഌന്നെറി പറഞ്ഞു.

ചൈനീസ് സമ്പന്ന പട്ടികയിലെ 400 പേരുടെ മൊത്തം സമ്പത്ത് 1.29 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2018ല്‍ ഇത് 1.06 ട്രില്യണ്‍ ഡോളറായിരുന്നു. 20 ശതമാനമാണ് വര്‍ധന. ഇത്തവണത്തെ പട്ടികയില്‍ പുതുതായി 60 സമ്പന്നര്‍ ഇടം നേടിയിട്ടുണ്ട്. ചുരുങ്ങിയത് ഒരു ബില്യണ്‍ ഡോളറെങ്കിലും സമ്പത്തുള്ളവരെയാണ് പട്ടികയിലുള്‍പ്പെടുത്തുന്നത്.

ടെന്‍സന്റ് ഹോള്‍ഡിംഗ്‌സിന്റെ പോണി മാ ഹുവാതെംഗാണ് പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുന്നത്. 36 ബില്യണ്‍ ഡോളറാണ് ടെന്‍സന്റ് സിഇഒയും സഹസ്ഥാപകനുമായ ഹുവാതെംഗിന്റെ സമ്പത്ത്. എവര്‍ഗ്രാന്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹുയ് കാ യാനാണ് സമ്പന്നപട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍. 27.7 ബില്യണ്‍ ഡോളറാണ് സമ്പത്ത്.

Comments

comments

Categories: FK News