ബിസിനസ് ശുഭാപ്തി വിശ്വാസം 19.5% ഇടിഞ്ഞ് 18 വര്‍ഷത്തിലെ താഴ്ന്ന നിലയില്‍

ബിസിനസ് ശുഭാപ്തി വിശ്വാസം 19.5% ഇടിഞ്ഞ് 18 വര്‍ഷത്തിലെ താഴ്ന്ന നിലയില്‍

ആവശ്യകതയില്‍ പ്രകടമാകുന്ന ദുര്‍ബലാവസ്ഥ എത്ര ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതാണ് സൂചികയിലെ പുതിയ കണക്കുകള്‍

ന്യൂഡെല്‍ഹി: നടപ്പു പാദത്തില്‍ പുതിയ ഓര്‍ഡറുകളും വില്‍പ്പന വിലകളും സംബന്ധിച്ച കോര്‍പ്പറേറ്റ് ഇന്ത്യയുടെ ശുഭാപ്തിവിശ്വാസം 18 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട്. ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ വളര്‍ച്ചയില്‍ ഇടിവ് പ്രകടമാകുമെന്നും കമ്പനികള്‍ വിലയിരുത്തുന്നു. ഡണ്‍ & ബ്രാഡ്‌സ്ട്രീറ്റിന്റെ സംയോജിത ബിസിനസ് ശുഭാപ്തി വിശ്വാസ സൂചിക ഈ പാദത്തില്‍ 56.4 ആണ്. മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് 19.5 ശതമാനം ഇടിവ്.

സമ്പദ് വ്യവസ്ഥയിലെ ആവശ്യകതയില്‍ പ്രകടമാകുന്ന ദുര്‍ബലാവസ്ഥ എത്ര ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതാണ് സൂചികയിലെ പുതിയ കണക്കുകളെന്ന് ഡണ്‍ & ബ്രാഡ്‌സ്ട്രീറ്റിന്റെ ഇന്ത്യന്‍ മാനേജിംഗ് ഡയറക്റ്റര്‍ മനീഷ് സിന്‍ഹ പറയുന്നു. വാഹന വില്‍പ്പന, ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം, പെട്രോളിയം ഉപഭോഗം, ഗ്രാമീണ വേതനം തുടങ്ങിയ വിവിധ ഘടകങ്ങളും ഇത് വ്യക്തമാക്കുന്നു. നേരത്തേ തന്നെ മാന്ദ്യത്തിലായിരുന്ന ഗ്രാമീണ മേഖലയിലെ ആവശ്യകതയില്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കം കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചു. ആഗോളതലത്തില്‍ സംരക്ഷണവാദവും വ്യാപാര യുദ്ധവും സൂചികകളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

വിപണിയിലെ തിരിച്ചുവരവിനും സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ വിവിധ ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വെയോട് പ്രതികരിച്ചവര്‍ ഇപ്പോഴും തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമല്ലെന്നാണ് വിലയിരുത്തുന്നത്. വരുന്ന മാസങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

അറ്റാദായം സംബന്ധിച്ച ശുഭാപ്തിവിശ്വാസം ഈ പാദത്തില്‍ 59 ശതമാനമാണ് സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് 7 ശതമാനം ഇടിവ്. പുതിയ ഓര്‍ഡറുകള്‍ക്കുള്ള ശുഭാപ്തിവിശ്വാസം 35 ശതമാനമാണ്. മുന്‍ പാദത്തെ അപേക്ഷിച്ച് 22 ശതമാനം പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. ഓരോപാദത്തിലും വിപുലമായ തരത്തില്‍ ബിസിനസ് സമൂഹത്തില്‍ നിന്നും വരുന്ന മാസങ്ങള്‍ സംബന്ധിച്ച പ്രതീക്ഷകള്‍ സമാഹരിച്ചാണ് ഡണ്‍ & ബ്രാഡ്‌സ്ട്രീറ്റ് സംയോജിത ബിസിനസ് ശുഭാപ്തി വിശ്വാസ സൂചിക തയാറാക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച കൂടുതല്‍ ഇടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ പാദത്തില്‍ കേവലം അഞ്ച് ശതമാനം ജിഡിപി വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.

Comments

comments