ബെനല്ലി ലിയോണ്‍ചിനോ 800 അരങ്ങേറി

ബെനല്ലി ലിയോണ്‍ചിനോ 800 അരങ്ങേറി

ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു

മിലാന്‍: ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബെനല്ലിയുടെ പുതിയ മോഡല്‍ ലിയോണ്‍ചിനോ 800 ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാവരണം ചെയ്തു. സ്‌ക്രാംബ്ലര്‍ മോഡലാണെന്ന് തോന്നിപ്പിക്കുന്നതാണ് മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സൂചകങ്ങള്‍. അതേസമയം ബെനല്ലി ലിയോണ്‍ചിനോ ബൈക്കുകളുടെ പാരമ്പര്യം മുറുകെപിടിക്കുന്നതാണ് ഡിസൈന്‍ ഭാഷ. എല്‍ഇഡി ഹെഡ്‌ലൈറ്റ്, പുതിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ നല്‍കിയിരിക്കുന്നു.

754 സിസി, ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ബെനല്ലി ലിയോണ്‍ചിനോ 800 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 9,000 ആര്‍പിഎമ്മില്‍ 81.6 എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 67 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പര്‍ ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

17 ഇഞ്ച് സ്‌പോക്ക്ഡ് വീലുകളിലാണ് ബെനല്ലി ലിയോണ്‍ചിനോ 800 വരുന്നത്. 120/70, 180/55 ടയറുകള്‍ നല്‍കിയിരിക്കുന്നു. ഓഫ്‌റോഡ് റെഡി മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍ ട്യൂബ്‌ലെസ് ടയറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ചക്രങ്ങള്‍. 15 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

മുന്നില്‍ കംപ്രഷന്‍, പ്രീ-ലോഡ് ക്രമീകരിക്കാന്‍ കഴിയുന്നതും 130 എംഎം ട്രാവല്‍ ചെയ്യുന്നതുമായ 50 എംഎം മര്‍സോക്കി യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് ക്രമീകരിക്കാന്‍ കഴിയുന്ന മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ 4 പിസ്റ്റണ്‍ മോണോബ്ലോക്ക് കാലിപര്‍ സഹിതം 320 എംഎം ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ ഡുവല്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം 260 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. എല്ലാം ബ്രെംബ്രോ സാധനങ്ങള്‍.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി ബെനല്ലി ഇന്ത്യയില്‍ മൂന്ന് മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. ബെനല്ലി ലിയോണ്‍ചിനോ 800 മോട്ടോര്‍സൈക്കിളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഡുകാറ്റി സ്‌ക്രാംബ്ലര്‍ സീരീസ് ആയിരിക്കും എതിരാളികള്‍.

Comments

comments

Categories: Auto