അയോധ്യ ബാധിക്കില്ല; പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

അയോധ്യ ബാധിക്കില്ല; പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

ജാര്‍ഖണ്ഡിലും ഇനി നിയമസഭാ തെരഞ്ഞെടുപ്പ് കാലമാണ്. ഈ മാസം 30 മുതല്‍ അടുത്തമാസം ഇരുപതുവരെ അഞ്ചുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. അതോടൊപ്പം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഫലങ്ങള്‍ പാര്‍ട്ടിക്ക് ഒരു പാഠവുമാണ്. അതനുസരിച്ചുള്ള തന്ത്രങ്ങളാകും ബിജെപി നേതൃത്വം സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുക. അതേസമയം ഉടന്‍ പുറത്തുവരാനിരിക്കുന്ന അയോധ്യ കേസിലെ വിധി, ദേശീയ വിഷയങ്ങള്‍ തുടങ്ങിയവ സംസ്ഥാനത്ത് ചലനങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ കരുതുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി നിയമസഭാ തെരഞ്ഞെടുപ്പ് പ്രാദേശിക പ്രശ്നങ്ങളിലാണ് നടക്കുന്നതെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) വര്‍ക്കിംഗ് പ്രസിഡന്റ് ഹേമന്ത് സോറന്‍ അഭിപ്രായപ്പെടുന്നു. തൊഴില്‍, നല്ല വിദ്യാഭ്യാസം, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവ ലഭിക്കുന്നതിലാകും സംസ്ഥാനത്തെ ജനങ്ങള്‍ പ്രാധാന്യം നല്‍കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹേമന്ത് സോറന്റെ പിതാവും മൂന്ന് തവണ മുഖ്യമന്ത്രിയുമായ ഷിബു സോറന്‍ സ്ഥാപിച്ച ജെഎംഎം 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളുമായി രണ്ടാമത് എത്തിയിരുന്നു. ബിജെപിക്ക് 37 സീറ്റുകളാണ് ലഭിച്ചത്. ജെഎംഎമ്മിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഏഴ് സീറ്റുകളും ബിജെപിയുടെ സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും അഞ്ച് സീറ്റുകള്‍ നേടി. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാന്ത്രിക) എട്ട് സീറ്റുകളും ചെറിയ പാര്‍ട്ടികള്‍ മറ്റ് അഞ്ച് സീറ്റുകളും നേടി. ആറ് ജെവിഎം (പി) എംഎല്‍എമാര്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.

നിലവില്‍ ജെഎംഎം കോണ്‍ഗ്രസുമായും രാഷ്ട്രീയ ജനതാദളുമായും സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളു. ബിജെപിക്കെതിരെ ഒരു വിശാല പ്രതിപക്ഷ മുന്നണി രൂപപ്പെട്ടാല്‍ വോട്ടുകള്‍ ചിതറുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകും. പക്ഷേ ഇതുവരെ പ്രതിപക്ഷ നിരയില്‍ ഒരു ഐക്യപ്പെടലിന്റെ സാധ്യതകള്‍ രൂപപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. നിലവിലുള്ള ഭരണവിരുദ്ധ വികാരം പരമാവധി ഉപയോഗിച്ച് സീറ്റുകള്‍ നേടാനാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ശ്രമിക്കുന്നത്. അതേസമയം കാര്യമായ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ബിജെപിയും അവകാശപ്പെടുന്നു.

42 മുതല്‍ 44 വരെ സീറ്റുകളില്‍ മത്സരിക്കാനാണ് ജെഎംഎമ്മിന്റെ തീരുമാനമെന്ന് നേതാവ് ഹേമന്ത് സോറന്‍ പറയുന്നു. കഴിഞ്ഞയാഴ്ച നടന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിക്കപ്പെട്ടത്. ഇത് സഖ്യത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള കോണ്‍ഗ്രസിനോടും ആര്‍ജെഡിയോടും അറിയിച്ചിട്ടുള്ളതായി ജെഎംഎം പറയുന്നു. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പി) സഖ്യത്തിന്റെ ഭാഗമാകില്ല എന്നതാണ് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായ കാര്യം.

ഈ വര്‍ഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിരുന്ന ജെവിഎം (പി) നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മറ്റ് രണ്ട് സഖ്യകക്ഷികളായ സിപിഐ, സിപിഐ (എം) എന്നിവയുമായും ധാരണയുണ്ടാക്കില്ല. അതേസമയം 16 സീറ്റുകളില്‍ മത്സരിക്കുമെന്ന് സിപിഐ ഇതിനകം പ്രഖ്യാപിക്കുകയും ചെയ്തു. ജെഎംഎം കോണ്‍ഗ്രസിന് 30 സീറ്റുകള്‍ വരെയാണ് വാഗ്ദാനം ചെയ്യുന്നത്.ബാക്കി ഏഴോ എട്ടോ സ്ഥാനങ്ങള്‍ ആര്‍ജെഡിക്ക് നല്‍കുമെന്നും ജെഎംഎം വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സീറ്റ് പങ്കിടല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സോറന്‍ തന്നെ വിസമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച ഫോര്‍മുല ഇതിനകം കോണ്‍ഗ്രസിനും ആര്‍ജെഡിയ്ക്കും അവര്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ രണ്ട് പാര്‍ട്ടികളും ഇതുവരെ തിരിച്ച് ജെഎംഎമ്മിനെ സമീപിച്ചിട്ടില്ലെന്ന് സോറന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതി തുടരുകയാണെങ്കില്‍, ജെഎംഎം ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കുന്നു. ഇത് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാകും. എന്നാല്‍ തങ്ങള്‍ പോരാടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ പാര്‍ട്ടി ജെഎംഎമ്മുമായി സഖ്യമുണ്ടാക്കുമെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് മേധാവി രമേശ്വര്‍ ഒറോന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുവരികയും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുകയും ചെയ്യും. ഇതു സംബന്ധിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ഡെല്‍ഹിയില്‍ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. സീറ്റുകള്‍ സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും ഒറാന്‍ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പതന്നെ കോണ്‍ഗ്രസ്, ജെഎംഎം, ആര്‍ജെഡി, ജെവിഎം (പി) എന്നീ പാര്‍ട്ടികള്‍ സഖ്യത്തിലെത്തുന്നതു സംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നതായി കോണ്‍ഗ്രസ് നേതാവ് അലംഗിര്‍ ആലം പറയുന്നു.സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ സാധിക്കാത്തതിനാല്‍ ഇടതു പാര്‍ട്ടികല്‍ ഈ സഖ്യത്തിന്റെ ഭാഗമായിരുന്നില്ല. സഖ്യത്തിന്റെ സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ ഇന്നലെ ജെഎംഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിടുമെന്ന് സോറന്‍ നേരത്തെ പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ഇനി കാത്തിരിക്കാനാവില്ല. സ്ഥാനാര്‍ത്ഥികള്‍ക്കും തയ്യാറെടുക്കാന്‍ സമയം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജെവിഎം (പി) സഖ്യവുമായി പിരിഞ്ഞുപോയെങ്കിലും അത് തങ്ങളെ ബാധിക്കില്ലെന്നാണ് ജെഎംഎം കരുതുന്നത്. സംസ്ഥാനത്തെ ഗോത്ര വോട്ടുകളില്‍ ഭൂരിഭാഗവും ജെഎംഎമ്മിന് ലഭിക്കുമെന്ന് സോറന് ഉറപ്പുണ്ട്. ഇക്കുറി ഗോത്ര വോട്ടുകള്‍ വിഭജിച്ചുപോകാന്‍ സാധ്യത കാണുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുനില്‍ സോറനോട്് പിതാവ് ഷിബു സോറന്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ദുംകയില്‍ നിന്ന് മത്സരിക്കുന്ന ഹേമന്ത് തന്റെ വിജയം മുന്‍കൂട്ടി കാണുന്നു. ദുംകയെ സോറന്‍ കുടുംബത്തിന്റെ തട്ടകം ആയാണ് കണക്കാക്കുന്നത്. 1980 മുതല്‍ സീനിയര്‍ സോറന്‍ ഇവിടെ നിന്നും എട്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോക്‌സഭയിലെ പ്രശ്‌നങ്ങളും നിയമസഭാ തെരഞ്ഞെടുപ്പുകളും വ്യത്യസ്തമാണെന്നും ദുംകയില്‍ നിന്ന് വിജയിക്കുമെന്ന് തനിക്ക് ഉറപ്പുള്ളതായും ഹേമന്ത് ആവര്‍ത്തിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകല്‍ പ്രകാരം സംസ്ഥാനത്ത് 2.26 കോടി വോട്ടര്‍മാരുണ്ട്. ഇവര്‍ക്കായി തയ്യാറാക്കുന്നത് 29464 പോളിംഗ് ബൂത്തുകളാണ്. 2014നെ അപേക്ഷിച്ച് 19 ശതമാനം കൂടുതലാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ത്രീകളുടെ ക്രിയാത്മക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്, ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു പോളിംഗ് സ്റ്റേഷനെങ്കിലും സ്ത്രീകള്‍ മാത്രമായി കൈകാര്യം ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം സ്റ്റേഷനുകളില്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കും. സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. 24ജില്ലകള്‍ ഉള്ളതില്‍ 19ലും സമാധാനന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുമെന്നാണ് ഭീഷണി. അതിനാല്‍ വിപുലമായ സുരക്ഷാ നടപടികളാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇവിടെ ഏര്‍പ്പെടുത്തുന്നത്. ഫലം ഡിസംബര്‍ 23നാണ് പ്രഖ്യാപിക്കുക.

Comments

comments

Categories: Politics

Related Articles