9-5 എന്ന ജോലിസമയം ഇല്ലാതാവുകയാണോ ?

9-5 എന്ന ജോലിസമയം ഇല്ലാതാവുകയാണോ ?

തൊഴില്‍സമയം ഇന്നു കൂടുതല്‍ മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുകയാണ്. ഫ്രീലാന്‍സിംഗ്, സ്വയം തൊഴില്‍ എന്നിവയ്ക്കു വലിയ പ്രാധാന്യം കൈവന്നിരിക്കുന്നു. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമമെന്ന ആശയം മെല്ലെ പിന്‍വാങ്ങുകയാണ്. ടെക്‌നോളജി തലത്തിലുണ്ടായ മുന്നേറ്റം, പുതുതലമുറയുടെ അഭിരുചിയിലുണ്ടായ മാറ്റം തുടങ്ങിയവയൊക്കെ ഇതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു.

രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുള്ള ജോലി സമയം എന്നതായിരുന്നു നമ്മളുടെ നാട്ടില്‍ ഇത്രയും കാലം നിലനിന്നിരുന്ന രീതി. പക്ഷേ, ഇന്നു ചെറുപ്പക്കാരായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ രീതി വിചിത്രമായി തോന്നിയേക്കാം. കാരണം ഇന്ന് ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യാന്‍ ശാരീരികവും മാനസികവുമായ ശേഷിയുള്ളവരെയാണു തൊഴിലുടമയ്ക്ക് ആവശ്യം. ഇന്നു കൂടുതല്‍ പേര്‍ക്കും ദിവസത്തിന്റെ ഭൂരിഭാഗം സമയവും തൊഴിലിടങ്ങളില്‍ ചെലവഴിക്കേണ്ടി വരുന്നു. കുടുംബവുമായോ പങ്കാളിയുമായോ സമയം ചെലവഴിക്കുന്നത് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പിലൂടെയായിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ 9-5 തൊഴില്‍ മാതൃക ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്നു ജോലി 24-7 ആയിത്തീരുമ്പോള്‍ ദൈനംദിന കാര്യങ്ങള്‍ സമന്വയിപ്പിക്കുന്നതിനു മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം പലര്‍ക്കും ചെയ്യേണ്ടതായി വരുന്നുണ്ട്. ചുരുങ്ങിയ സമയത്തേക്കാണെങ്കിലും സുഹൃത്തുക്കളുമായി നേരിട്ടു ബന്ധപ്പെടുന്നതും അല്ലെങ്കില്‍ കുടുംബാംഗങ്ങളുമായി ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും പലരും ഇഷ്ടപ്പെടുന്നു. ഇത്തരത്തില്‍ ഇഷ്ടപ്പെട്ടവരോടൊത്തു ചെലവഴിക്കാനുള്ള സമയം കണ്ടെത്തുന്നതിനു വേണ്ടിയാണു പലര്‍ക്കും കഠിനാധ്വാനം ചെയ്യേണ്ടി വരുന്നത്. 9-5 വരെയുള്ള എട്ട് മണിക്കൂര്‍ ജോലി സമയമെന്ന ആശയം ജീവിതത്തില്‍ എല്ലാ കാര്യങ്ങളും സമതുലിതാവസ്ഥയിലായിരിക്കണമെന്ന് ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു. 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ദിവസത്തില്‍, സമതുലിതമായ ജീവിതത്തിന് ഉറങ്ങാന്‍ എട്ട് മണിക്കൂറും ജോലിചെയ്യാന്‍ എട്ട് മണിക്കൂറും വിനോദത്തിന് എട്ട് മണിക്കൂറും ഉണ്ടായിരിക്കണമെന്നായിരുന്നു ആശയത്തിനു പിന്നില്‍. എന്നാല്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റം കൂടുതല്‍ സ്വാതന്ത്ര്യവും കാര്യക്ഷമതയും ഉറപ്പാക്കിയപ്പോള്‍ അത് തൊഴിലിടങ്ങളില്‍ കൂടുതല്‍ നേരം കാര്യക്ഷമമായി ഏര്‍പ്പെടാന്‍ തൊഴിലാളികളെ പ്രാപ്തരാക്കിത്തീര്‍ത്തു. ഇന്നു വളരെയധികം ജോലികള്‍ ഇ-മെയ്ല്‍ അടിസ്ഥാനമാക്കിയുള്ളതായി മാറിയിരിക്കുകയാണ്. വീട്ടിലിരുന്നും ജോലി ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു. പരമ്പരാഗത കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ക്കു പകരം ക്ലൗഡ് കമ്പ്യൂട്ടിംഗ് ഉപയോഗിക്കുകയാണു നിരവധി കമ്പനികള്‍. ക്ലൗഡ് സെര്‍വര്‍ എവിടെയിരുന്നും ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കിത്തരുന്നു. മാനുഫാക്ചറിംഗ്, ഹോട്ടല്‍ മേഖലയിലെ ജോലികള്‍ ചെയ്യാന്‍ റോബോട്ടുകളെ വിന്യസിച്ചിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ 9-5 ഓഫീസ് സമയം എന്ന ആശയത്തെ അപ്രസക്തമാക്കുന്നു.

40 മണിക്കൂറിലേറെയാകുന്നു തൊഴില്‍ സമയം

വര്‍ക്ക് ഫ്രണ്ടിന്റെ, സ്റ്റേറ്റ് ഓഫ് എന്റര്‍പ്രൈസ് വര്‍ക്ക് സര്‍വേ പ്രകാരം, തൊഴിലാളികളില്‍ മൂന്നിലൊന്നു പേര്‍ മാത്രമാണു ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്നതെന്നാണ്. 50 ശതമാനം പേരും ആഴ്ചയില്‍ 41 മുതല്‍ 80 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതുപോലെ, ഉച്ചഭക്ഷണത്തിനായി പലരും 30 മിനിറ്റിലധികം ചെലവഴിക്കുന്നുമില്ല. പണ്ടൊക്കെ ഉച്ചഭക്ഷണത്തിനായി ഒരു മണിക്കൂര്‍ ഇടവേളയെടുത്തിരുന്നു. ഈ രീതിക്കാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. ജോലിയെയും തൊഴിലാളികളെയും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു സമീപകാലങ്ങളില്‍ എണ്ണമറ്റ ഉപകരണങ്ങള്‍ അവതരിച്ചിട്ടുണ്ട്. എന്നിട്ടും എന്തു കൊണ്ടാണ് ജോലിക്കായി കൂടുതല്‍ നേരം ചെലവഴിക്കേണ്ടതായി വരുന്നത് ? അതിനുത്തരം ഒരു പരിധി വരെ ടെക്‌നോളജിയാണെന്നു പറയേണ്ടതായി വരും. ഇന്ന് സഹപ്രവര്‍ത്തകരുമായി ഏത് സമയത്തും എവിടെനിന്നും ആശയവിനിമയം നടത്താനുള്ള സൗകര്യം സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുപക്ഷേ, എപ്പോഴും തൊഴിലില്‍ മുഴുകുക എന്ന മാനസികാവസ്ഥ വരുത്തുകയും ചെയ്തിരിക്കുന്നു. അതിനര്‍ഥം ജോലിയില്‍നിന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്നും നമ്മള്‍ ഒരിക്കലും മോചിതരാകുന്നില്ലെന്നു കൂടിയാണ്. സാങ്കേതികവിദ്യ വേഗത വര്‍ദ്ധിപ്പിക്കുകയും ആളുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

തലമുറ മാറ്റം

സാംസ്‌കാരികവും തലമുറ സംബന്ധിയായ മാറ്റവും സമൂഹത്തിലും വലിയ മാറ്റമുണ്ടാക്കി. പ്രത്യേകിച്ച് ഡിജിറ്റല്‍ കമ്പനികളില്‍. ഇന്നു നമ്മളുടെ സമൂഹം ഉപഭോഗ സംസ്‌കാരമാണല്ലോ. അവിടെ പലരും (ഉപഭോക്താക്കള്‍) അവരുടെ ചോദ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉടനടി ഉത്തരം വേണമെന്ന നിലപാടുള്ളവരാണ്. ഈയൊരു ഘടകവും 9 മുതല്‍ 5 വരെ എന്ന ആശയത്തിനു വെല്ലുവിളിയായി മാറി. അന്തരഫലമായി ബിസിനസുകളും, സ്ഥാപനങ്ങളും അവരുടെ സേവനങ്ങളുടെ ലഭ്യതാ സമയം വിപുലീകരിക്കാന്‍ ബാധ്യസ്ഥരായി. കഴിഞ്ഞ നൂറ്റാണ്ടിനെ ഗ്രസിച്ച സാമ്പത്തികമാന്ദ്യം ഇന്നത്തെ തലമുറയ്ക്കു വലിയ പാഠമാണു സമ്മാനിച്ചത്. പല തൊഴിലാളികളും ഇക്കാര്യത്തില്‍ ബോധവാന്മാരാണ്. തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ അവര്‍ അധികസമയത്തോടെ തൊഴിലില്‍ മുഴുകുവാനും തയാറായിരിക്കുന്നു.

എട്ട് മണിക്കൂര്‍ ജോലി ഒരിക്കലും ഉല്‍പാദനക്ഷമത ഉറപ്പാക്കുന്നില്ല

എട്ട് മണിക്കൂര്‍ ജോലി ഒരിക്കലും ഉല്‍പാദനക്ഷമത ഉറപ്പാക്കുന്നില്ലെന്നതാണ് ഒരു യാഥാര്‍ഥ്യം. ഇതും 9-5 എന്ന ആശയത്തിന് പ്രസക്തി നഷ്ടപ്പെടാന്‍ കാരണമാണ്. വൈവിധ്യമാര്‍ന്ന സ്വഭാവങ്ങള്‍ക്ക് ഉടമകളാണു മനുഷ്യര്‍. ഓരോരുത്തരും തികച്ചും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവരാണ്. മറ്റുള്ളവര്‍ ഉറങ്ങുമ്പോള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന രാത്രി മൂങ്ങകളായിരിക്കും ചിലര്‍. എന്നാല്‍ മറ്റു ചിലരാകട്ടെ, കിടക്കപ്പായില്‍നിന്നും എണീറ്റ ഉടന്‍ തന്നെ ജോലി ആരംഭിക്കാന്‍ ഇഷ്ടപ്പെടുന്നവരുമായിരിക്കും. ഇത്തരത്തില്‍ വ്യത്യസ്തരാണു പലരും.സമീപകാലത്ത് നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയത് 44 ശതമാനം സ്ത്രീകളും 37 ശതമാനം പുരുഷന്മാരും രാത്രിയില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ്. ഇന്നു പുതുതലമുറയില്‍പ്പെട്ടവര്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ അവര്‍ ശമ്പളത്തേക്കാള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ജോലിയിലെ ഫ്‌ളെക്‌സിബിലിറ്റിക്കാണെന്നു വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നു. ജോലിയിലെ ഫ്‌ളെക്‌സിബിലിറ്റി എന്നു പറയുമ്പോള്‍ ഇവിടെ ഉദ്ദേശിക്കുന്നത് നിശ്ചിതസമയക്രമം ഇല്ലാതെ ഇഷ്ടപ്പെട്ട സമയത്ത് ജോലി ചെയ്യാന്‍ സാധിക്കുന്ന സാഹചര്യത്തെയാണ്.

മൈക്രോസോഫ്റ്റിന്റെ ജപ്പാന്‍ പരീക്ഷണം

തൊഴിലാളികളെ കൊണ്ട് അമിത ജോലിയെടുപ്പിക്കുന്ന രാജ്യമാണു ജപ്പാന്‍ എന്നത് പണ്ടു മുതല്‍ കേള്‍ക്കുന്നതാണ്. 2015-ല്‍ ക്രിസ്മസ് ദിനത്തില്‍ ഡെന്‍സു കമ്പനിയിലെ ജീവനക്കാരന്‍, അമിതമായി ജോലി ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ ആത്മഹത്യ ചെയ്തത് വലിയ ഒച്ചപാടുണ്ടാക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒന്നിടവിട സമയങ്ങളില്‍ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ ജപ്പാനില്‍ വര്‍ക്ക് സ്റ്റൈല്‍ റിഫോം അവതരിപ്പിക്കുകയും ചെയ്തു. മൈക്രോസോഫ്റ്റിന്റെ ജപ്പാനിലുള്ള ഓഫീസ് ഈ വര്‍ഷം ഓഗസ്റ്റ് മാസം പ്രവൃത്തി ദിനങ്ങളെ ആഴ്ചയില്‍ നാല് ദിവസമായി പരിമിതപ്പെടുത്തി കൊണ്ടു പരീക്ഷണം നടത്തുകയുണ്ടായി. അതിന്റെ ഫലമായി ഉല്‍പാദനക്ഷമത 40 ശതമാനമായി വര്‍ധിച്ചു. 90 ശതമാനത്തിലധികം ജീവനക്കാര്‍ ആഴ്ചയില്‍ ആറും ഏഴും ദിവസം ജോലി ചെയ്യുന്നതിനേക്കാള്‍ ഹ്രസ്വ ദിനങ്ങളില്‍ ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പരീക്ഷണ കാലയളവില്‍ മൈക്രോസോഫ്റ്റിന് 23 ശതമാനത്തിലേറെ വൈദ്യുതി ലാഭിക്കാനായെന്നും റിപ്പോര്‍ട്ട് ചെയ്തു.

9-5 ജോലി സമയത്തിന് ഗുണവും ദോഷവുമുണ്ട്

9-5 ജോലി സമയമെന്ന ആശയത്തിന് പ്രസക്തി നഷ്ടമാകുന്നെന്നു പറയുമ്പോള്‍ തന്നെ അവയ്ക്കുള്ള ഗുണങ്ങള്‍ കാണാതിരിക്കരുതെന്ന അഭിപ്രായവും ഒരുവശത്ത് ഉയരുന്നുണ്ട്. ഇന്നു പല ജോലിയിലും ഫ്‌ളെക്‌സിബിലിറ്റി ഉണ്ടെന്നു പറയുമ്പോള്‍ അതിനര്‍ഥം ജോലി കൂടുതല്‍ ചെയ്യേണ്ടി വരുമെന്നാണെന്നും പറയപ്പെടുന്നു. വീട്ടിലും ഓഫീസിലുമൊക്കെയിരുന്നു ജോലി ചെയ്തു തീര്‍ക്കാവുന്ന സാഹചര്യമുണ്ടെങ്കില്‍ അതിനെയാണല്ലോ ഫ്‌ളെക്‌സിബിലിറ്റിയായി കണക്കാക്കുന്നത്. ഇത്തരം സാഹചര്യം തീര്‍ച്ചയായും കൂടുതല്‍ ജോലി ചെയ്യാനും ഇടയാക്കും. ഇതാകട്ടെ, ആരോഗ്യസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമായി തീരാറുണ്ട് പലപ്പോഴും. അമിതവണ്ണം, മാനസികപ്രശ്‌നം എന്നിവയാണ് ജോലിഭാരം കൂടുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചില പ്രശ്‌നങ്ങള്‍.

Categories: Top Stories