ആരോഗ്യകരമായ ഡയറ്റ് തയറാക്കി റിപ്‌സെ

ആരോഗ്യകരമായ ഡയറ്റ് തയറാക്കി റിപ്‌സെ

തിരക്കേറിയ ജീവിതത്തില്‍ ആരോഗ്യത്തിനു കൂടി പ്രാധാന്യം നല്‍കുമ്പോഴാണ് ആരോഗ്യകരമായ ഭക്ഷണമടങ്ങിയ ഡയറ്റിന് ഡിമാന്‍ഡ് കൂടുന്നത്. ഡയറ്റ് പ്ലാന്‍ അനുസരിച്ച ഓര്‍ഡറുകള്‍ വീട്ടിലെത്തിച്ച ശ്രദ്ധേയമായ റിപ്‌സെ മുംബൈയ്ക്ക് പുറത്തേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍

ജീവിതശൈലി കൊണ്ടും മറ്റ് പലവിധ സാഹചര്യങ്ങള്‍ കൊണ്ടും ഏറ്റവും കൂടുതല്‍ അനാരോഗ്യകരമായ തലമുറയാണ് ഇന്നത്തേത്. എന്നാല്‍ ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനുമുള്ള ടിപ്‌സുകളും വ്യായാമ മുറകളും ഏറ്റവും കൂടുതല്‍ പയറ്റുന്നവരും ഇന്നത്തെ തലമുറയില്‍ തന്നെയുണ്ട് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. തിരക്ക് പിടിച്ച ജീവിതവും ജോലിയും ജീവിതം തമ്മിലുള്ള താളം തെറ്റലും പലരേയും മോട്ടിവേഷണല്‍ വീഡിയോസിന് അടിമകളാക്കി തീര്‍ക്കുമ്പോഴും മറ്റൊരു വശത്ത് നടത്തം, ജോഗിംഗ്, ഹൈക്കിംഗ്, നീന്തല്‍, സൂംബ, യോഗ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംരംഭങ്ങളും മുളച്ചു പൊന്തുന്നു. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനുള്ള സമയം പലര്‍ക്കും ഇല്ലാതെ വരുന്തിനാലാണ് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണം.

വിപണി ഗവേഷകരായ നീല്‍സണിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 10,352 കോടി രൂപ മൂല്യമൂള്ള വിപണിയാണിത്. വര്‍ഷം തോറും പത്തു ശതമാനം വിപണി വളര്‍ച്ചയും മേഖലയില്‍ ഉണ്ടാകുന്നതായാണ് സൂചന. വിപണിയിലെ ഈ ഡിമാന്‍ഡ് മനസിലാക്കിയാണ് സില്‍ക്കി സിംഗ് മുംബൈ ആസ്ഥാനമാക്കി റിപ്‌സെ (മുമ്പ് ഫ്രഷ് ഫുഡ് കമ്പനി) എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം തുടങ്ങിയ സംരംഭം മികച്ച ആരോഗ്യ, ശാരീരിക ക്ഷമത ആഗ്രഹിക്കുന്ന ഉപഭോക്തൃ വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള സംരംഭമാണ്. ഹെല്‍ത്തി- ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പായ റിപ്‌സെയുടെ ഉദയം സില്‍ക്കിയുടെ സ്വന്തം ഫിറ്റ്‌നസ് പ്ലാനിന്റെ ഭാഗമായുണ്ടായതാണ്.

ഓരോ വ്യക്തിയും സ്വന്തമായി ഡയറ്റിംഗിന് മുന്നിട്ടിറങ്ങുമ്പോള്‍ പലപ്പോഴും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടാറുണ്ട്. മാത്രമല്ല ഒട്ടുമിക്ക ഡയറ്റ് പ്ലാനിലും നിരവധി മള്‍ട്ടി വിറ്റാമിനുകള്‍ അധികം കഴിക്കേണ്ടതായും വരുന്നതും വെല്ലുവിളിയാകാറുണ്ട്, സില്‍ക്കി സ്വന്തം അനുഭവം സാക്ഷ്യം നിര്‍ത്തി വ്യക്തമാക്കി. വിപണിയില്‍ ആരോഗ്യകരമായ ഭക്ഷണം എത്തിക്കുന്നതിനും ഈ മേഖലയില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന മികച്ച വളര്‍ച്ച തിരിച്ചറിഞ്ഞും പോഷകാഹാര സമ്പുഷ്ടമായ ഭക്ഷണം പുറത്തിറക്കുന്നതിനായി ഒരു സംരംഭത്തിന് തന്നെ അവര്‍ തുടക്കം കുറിച്ചു.

റിപ്‌സെയുടെ സേവനങ്ങള്‍

സാങ്കേതികവിദ്യ അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമാണ് റിപ്‌സെയ്ക്കായി രൂപീകരിച്ചിരിക്കുന്നത്. ഫിറ്റ്‌നസ് വിദഗ്ധരുമായും ന്യുട്രീഷനിസ്റ്റുകളുമായും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ ശൃഖല അവരുടെ നിര്‍ദേശാനുസരണമാണ് പോഷക സമ്പുഷ്ടമായ ഹെല്‍ത്തി ഫുഡ് തയാറാക്കുന്നത്. ഒര്‍ഡറുകള്‍ അനുസരിച്ച് തയാാക്കപ്പെടുന്ന ഭക്ഷണം ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനും ഇവര്‍ കാലതാമസം വരുത്താറില്ല.

സാലഡുകള്‍ മുതല്‍ സാന്‍ഡ്‌വിച്ച്, റാപ്പുകള്‍, വിവിധ പാനീയങ്ങള്‍, ഗ്ലൂട്ടന്‍ രഹിത കീറ്റോ ഉല്‍പ്പന്നങ്ങള്‍, കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ കൂടിയതുമായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍, മറ്റ് വിവിധ കോംപോ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സ്റ്റാര്‍ട്ടപ്പ് വഴി വിതരണം ചെയ്യുന്നു.

ഓരോ ഉപഭോക്താവിന്റെയും ഡയറ്റിംഗ് രീതികള്‍ മനസിലാക്കാനും ഫിറ്റ്‌നസിനും അതുവഴി ശരീരത്തിനുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കും അനുസൃതമായി കൃത്യമായ ഡയറ്റ് പ്ലാന്‍ നിര്‍ദേശിക്കുന്നതിനുമായി ഈ പ്ലാറ്റ്‌ഫോം ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. ഉപഭോക്തൃ ഡാറ്റ അനുസരിച്ച് പുതിയൊരു അല്‍ഗോരിതം തയാറാക്കിയാണ് റിപ്‌സെയുടെ പ്രവര്‍ത്തനം. ഓര്‍ഡറുകള്‍ ലഭിക്കുന്ന ഭക്ഷണം സ്വിഗ്ഗി, സൊമാറ്റോ എന്നിവരിലൂടെയാണ് വിതരണം ചെയ്യുന്നത്. അധികം വൈകാതെ തന്നെ സംരംഭം സ്വന്തം ആപ്പ് പുറത്തിറക്കാനും പദ്ധതിയിടുന്നുണ്ട്.

സബ്‌സ്‌ക്രിപ്ഷന്‍ മാതൃകയില്‍ വിതരണം

ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് എന്ത് ലക്ഷ്യമാക്കിയാണ് നിങ്ങളുടെ ഡയറ്റിംഗ് എന്നു വ്യക്തമാക്കിയാലെ സംരംഭത്തിന് അതിനു അനുപാതികമായി ഭക്ഷണം തയാറാക്കാനാകൂ. ഉദാഹരണത്തിന് ഫിറ്റ്‌നസ് വിദഗ്ധര്‍ ഓരോ വ്യക്തികളോടും ഡയറ്റിംഗില്‍ പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കും. കൊഴുപ്പ് കുറയ്ക്കുക, മസില്‍ വലുതാക്കുക ഇങ്ങനെയുള്ള പ്രത്യേക ഡയറ്റിനായി സംരംഭത്തിന്റെ വരിക്കാരായി മുന്നോട്ടു പോകുന്നതാകും ഉത്തമം. ഉപഭോക്താക്കള്‍ക്ക് പ്രതിദിനം ആവശ്യമുള്ള കലോറിയുടെ അളവിന് അനുസരിച്ചാണ് ഭക്ഷണം തയറാക്കുക. ഇതിനൊപ്പം ഏതെങ്കിലും ഭക്ഷണം അലര്‍ജിയുണ്ടോ എന്നതും ഇവിടെ പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്. ഒരാഴ്ചയിലെ ശരാശരി വരിസംഖ്യ 700 മുതല്‍ 1250 രൂപ വരെയാണ്.

പ്രതിമാസം അയ്യായിരത്തോളം സബ്‌സ്‌ക്രിപ്ഷന്‍ ഓര്‍ഡറുകള്‍ ലഭിക്കുന്ന സംരംഭത്തില്‍ മുന്നൂറോളം ഓര്‍ഡറുകള്‍ അല്ലാതെയും എത്തുന്നുണ്ട്. മാസംതോറും 175 ശതമാനം വളര്‍ച്ച കമ്പനി നേടുന്നുതായും സില്‍ക്കി ചൂണ്‍ിക്കാണിക്കുന്നത്. നിലവില്‍ ഒരൊറ്റ അടുക്കളയില്‍ പാചകം ചെയ്യുന്ന സംരംഭം മുംബൈയില്‍ മാത്രമാണ് സാന്നിധ്യം ശക്തമാക്കിയിരിക്കുന്നത്. എയ്ഞ്ചല്‍ ഫണ്ടിംഗ് റൗണ്ടില്‍ ഒരു കോടി രൂപ നിക്ഷേപം സമാഹചിരിച്ച റിപ്‌സെ അധികം വൈകാതെ നിക്ഷേപം രണ്ടു കോടിയിലെത്തിക്കും. ഷെഫുമാരും, ന്യൂട്രിഷനിസ്റ്റുകളും , ഫ്റ്റ്‌നസ് വിദഗ്ധരും അടങ്ങുന്ന 37 അംഗ സംഘമാണ് ഈ സംരംഭത്തിനൊപ്പം പ്രവര്‍ത്തിക്കുക. ഈ മാസത്തോടെപുറത്തിറങ്ങുന്ന ആപ്പിന്റെ അവതരണത്തിലും മറ്റു വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിക്ഷേപത്തുക വിനിയോഗിക്കാനാണ് പദ്ധതി. മുംബൈയ്ക്കു പുറമെ മറ്റ് പ്രമുഖ നഗങ്ങളില്‍ കൂടി ഈ ബിസിനസ് വികസിപ്പിക്കാനും ആലോചനയുണ്ട്.

Comments

comments

Categories: FK Special
Tags: Healthy diet