ആര്‍സിഇപി; ധീരമായ തീരുമാനം

ആര്‍സിഇപി; ധീരമായ തീരുമാനം

വ്യാപരരൂപത്തിലുള്ള ചൈനയുടെ അധിനിവേശത്തെ പ്രതിരോധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആര്‍സിഇപിയില്‍ നിന്നുള്ള ഇന്ത്യയുടെ താല്‍ക്കാലിക പിന്മാറ്റത്തിന് കൈയടിക്കാം

മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറി(ആര്‍സിഇപി)ല്‍ ചേരാന്‍ ഇന്ത്യ തയാറാകാത്തത് ധീരമായ തീരുമാനമാണ്. ബാഹ്യസമ്മര്‍ദങ്ങളെ അതിജീവിച്ച് രാജ്യത്തെ കര്‍ഷകര്‍ക്കും ചെറുകിട, ഇടത്തരം വ്യവസായികള്‍ക്കും ഒപ്പം നില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചത് നിലവിലെ ആഗോള രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തലത്തിലും പ്രസക്തമാണ്. വ്യാപാരത്തിന്റെ വേഷമണിഞ്ഞ് ചൈന നടത്തുന്ന അധിനിവേശ പദ്ധതിക്കെതിരെയുള്ള വിവേകപൂര്‍വമായ ചെറുത്തുനില്‍പ്പ് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട അപ്രതീക്ഷിതവും അനിവാര്യവുമായ തീരുമാനം.

ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറാണ് ഇന്ത്യയില്ലാതെ മുന്നോട്ടു പോകുന്നത്. ഇന്ത്യയടക്കം 16 രാജ്യങ്ങളുമായാണ് ആര്‍സിഇപി പദ്ധതിയിട്ടത്, ഇപ്പോള്‍ 15 രാജ്യങ്ങളുമായി കരാര്‍ പ്രാവര്‍ത്തികമാക്കാനാണ് നീക്കം. വരുന്ന ഫെബ്രുവരി മാസത്തില്‍ കരാര്‍ ഒപ്പുവച്ചേക്കും. ഇന്ത്യ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാങ്കോക്ക് ഉച്ചകോടിയോട് അനുബന്ധിച്ച് ആര്‍സിഇപിയില്‍ ചേരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ അതിന് മുമ്പ് നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്തിരുന്നു. ആര്‍സിഇപി രാജ്യങ്ങളില്‍ നിന്ന് പെട്ടെന്ന് ഉണ്ടാകാനിടയുള്ള, ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തള്ളിക്കയറ്റത്തില്‍ ആവശ്യമായ പരിരക്ഷകള്‍ ഉറപ്പാക്കുകയായിരുന്നു ഗോയല്‍ നടത്തിയ ചര്‍ച്ചകളുടെ ഉദ്ദേശ്യമെങ്കിലും വിജയിച്ചിരുന്നില്ല. എങ്കിലും കരാറില്‍ ഇന്ത്യ ഒപ്പിടുമെന്നായിരുന്നു പൊതുവെയുള്ള ധാരണ.

എന്നാല്‍ വ്യാപാര കരാറിനെതിരെയുള്ള വമ്പന്‍ പ്രതിഷേധങ്ങള്‍ ആര്‍എസ്എസ് സംഘടനകള്‍ തന്നെ ആഹ്വാനം ചെയ്തതോടെ നിലപാട് മാറ്റത്തിന്റെ സൂചനകള്‍ വന്നു. കരാറുമായി മോദി മുന്നോട്ടു പോകുകയാണെന്ന ധാരണയില്‍ കോണ്‍ഗ്രസും ശക്തമായി തന്നെ രംഗത്തെത്തി.

2013ലാണ് ആര്‍സിഇപി കൂടിയാലോചനകള്‍ ആരംഭിച്ചത്. ആസിയാന്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയിലും അവരുടെ സ്വതന്ത്ര വ്യാപാര കരാര്‍ പങ്കാളികളുമായും ആധുനികവും സമഗ്രവും പരസ്പര ഉപകാരപ്രദവുമായ സാമ്പത്തിക പങ്കാളിത്ത കരാറിന് രൂപം കൊടുക്കുകയായിരുന്നു ലക്ഷ്യം. ബ്രൂണെയ്, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളുമായും ആര്‍സിഇപിയുടെ ഭാഗമായ ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ മറ്റ് അഞ്ച് രാജ്യങ്ങളുമായും ഇന്ത്യക്കുള്ള വ്യാപാര കമ്മി പ്രതിവര്‍ഷം വലിയ തോതില്‍ ഉയര്‍ന്നു വരികയാണ് എന്നാണ് കണക്കുകള്‍. 2013-14 വര്‍ഷത്തില്‍ ഈ രാജ്യങ്ങളുമായി ഭാരതത്തിനുള്ള വ്യാപാര കമ്മി 54 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അത് 105 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മൊത്തം കയറ്റുമതിയുടെ 20 ശതമാനവും ഇന്ത്യ മുകളില്‍ പറഞ്ഞ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. എന്നാല്‍ ഇതേ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതിയുടെ 35 ശതമാനവും ഉണ്ടാകുന്നത്.

ആര്‍സിഇപിയുടെ നേതാവെന്ന് നടിക്കുന്ന ചൈനയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നത്. സ്വതന്ത്ര വ്യാപാര കരാര്‍ എന്ന നിലയില്‍ വലിയ നിയന്ത്രണങ്ങളിലാതെ ആര്‍സിഇപി നടപ്പിലായാല്‍ ഇന്ത്യയിലേക്ക് ചൈനീസ് സുനാമി തന്നെ ഉല്‍പ്പന്നങ്ങളുടെ രൂപത്തില്‍ പ്രതീക്ഷിക്കാം. ഇതിനോടകം തന്നെ ചൈനീസ് അധിനിവേശം നേരിടുന്ന ഇന്ത്യന്‍ വിപണികള്‍ക്ക് അത് താങ്ങാനാകില്ല. കാര്‍ഷികരംഗത്തും വലിയ തകര്‍ച്ചയ്ക്ക് ആര്‍സിഇപി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇടനല്‍കും. മറ്റ് രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റി അയക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചിട്ടുമില്ല.

Categories: Editorial, Slider